ലിവര്‍പൂള്‍ - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളിലെ മുന്‍നിരക്കാരുടെ പോരാട്ടം പ്രതീക്ഷക്കൊത്തുയര്‍ന്നു. ലിവര്‍പൂളിന്റെ നെടുങ്കോട്ടയായ ആന്‍ഫീല്‍ഡില്‍ നാലാം മിനിറ്റില്‍ തന്നെ ലീഡ് നേടിയെങ്കിലും ആഴ്‌സനലിന് ഒരിക്കല്‍കൂടി വിജയമില്ലാതെ മടങ്ങേണ്ടി വന്നു. പതിനെട്ടാം മിനിറ്റില്‍ മുഹമ്മദ് സലാഹാണ് ലിവര്‍പൂളിന്റെ മാനം കാത്തത്. നിരവധി അവസരങ്ങള്‍ ഇരുവശത്തും പിറന്നെങ്കിലും കളി സമനിലയില്‍ പിരിഞ്ഞു. സലാഹ് ഒരുക്കിയ തുറന്ന അവസരം ട്രെന്റ് അലക്‌സാണ്ടര്‍ ആര്‍നോള്‍ഡ് ക്രോസ്ബാറിനിടിച്ച് തുലച്ചു. ഉന്നത നിലവാരമുള്ള മത്സരം അവസാനം വരെ തീവ്രത നിലനിര്‍ത്തി.
കഴിഞ്ഞ വര്‍ഷം പ്രീമിയര്‍ ലീഗില്‍ 248 ദിവസവും ലീഡ് ചെയ്‌തെങ്കിലും ലിവര്‍പൂളിനെതിരായ 2-2 ആന്‍ഫീല്‍ഡിലെ 2-2 സമനിലക്കു ശേഷമാണ് ആഴ്‌സനലിന് അടിതെറ്റിയത്. ഒടുവില്‍ മാഞ്ചസ്റ്റര്‍ സിറ്റി അവരെ മറികടന്ന് കിരീടം നിലനിര്‍ത്തി. പുതുവര്‍ഷത്തില്‍ ഒരു പോയന്റ് ലീഡുമായാണ് ആഴ്‌സനല്‍ തുടങ്ങുക. ലിവര്‍പൂളും ആസ്റ്റണ്‍വില്ലയും രണ്ടാം സ്ഥാനം പങ്കിടുന്നു. ആസ്റ്റണ്‍വില്ലയും വാലറ്റക്കാരായ ഷെഫീല്‍ഡ് യുനൈറ്റഡിനെതിരെ 1-1 സമനില വഴങ്ങി. രണ്ട് സമനിലകളും ലിവര്‍പൂള്‍-ആഴ്‌സനല്‍ സമനില സിറ്റിക്കാണ് സന്തോഷം പകരുക.
എവര്‍ടനെ 2-1 ന് തോല്‍പിച്ച് ടോട്ടനം നാലാം സ്ഥാനത്തേക്കുയര്‍ന്നു. ഒരു ഘട്ടത്തില്‍ ഒന്നാം സ്ഥാനത്തെത്തിയ ടോട്ടനം തുടര്‍ച്ചയായ തോല്‍വികളില്‍ പതറിയിരുന്നു. ഇത് അവരുടെ തുടര്‍ച്ചയായ മൂന്നാം ജയമാണ്. അഞ്ചാം സ്ഥാനത്താണ് സിറ്റി. ആഴ്‌സനലിന് ആറ് പോയന്റ് പിന്നില്‍. എന്നാല്‍ ക്ലബ്ബ് ലോകകപ്പിനായി സൗദി അറേബ്യയിലേക്ക് പോയതിനാല്‍ സിറ്റിക്ക് ഒരു കളി ബാക്കിയുണ്ട്. ക്ലബ്ബ് ലോകകപ്പുമായി തിരിച്ചെത്തിയ സിറ്റി ബുധനാഴ്ച എവര്‍ടനുമായി ഏറ്റുമുട്ടും.
മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ്ഹാം തോല്‍പിച്ചു. ഈ സീസണില്‍ യുനൈറ്റഡിന്റെ എട്ടാമത്തെ പ്രീമിയര്‍ ലീഗ് തോല്‍വിയാണ്. മൊത്തം ഈ സീസണില്‍ 13 കളികള്‍ യുനൈറ്റഡ് തോറ്റു. 1930 നു ശേഷം ക്ലബ്ബിന്റെ ഏറ്റവും മോശം റെക്കോര്‍ഡാണ് ഇത്. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന സ്ഥാനത്താവുകയും ലീഗ് കപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തതോടെ കോച്ച് എറിക് ടെന്‍ ഹാഗ് ഏതു നിമിഷവും പുറത്താക്കപ്പെടും. നാലാം സ്ഥാനത്തുള്ള ടോട്ടനത്തെക്കാള്‍ എട്ട് പോയന്റ് പിന്നിലായതോടെ അടുത്ത സീസണിലെ ചാമ്പ്യന്‍സ് ലീഗ് സ്വപ്‌നവും അകലുകയാണ്.
തരംതാഴ്ത്തല്‍ മേഖലയിലുള്ള ലൂടന്‍ ടൗണ്‍ 1-0 ന് ന്യൂകാസിലിനെ തോല്‍പിച്ചു.






