ജോഷ്വ ജയിച്ചു, വില്‍ഡര്‍ വീണു; ഹരമായി റിയാദ് ബോക്‌സിംഗ്

റിയാദ് - റിയാദ് സീസണിന്റെ ഭാഗമായി ഹെവിവെയ്റ്റ് ബോക്‌സിംഗ് ഡബ്ള്‍ ഹെഡറില്‍ ഓട്ടോ വാലിനെ അഞ്ചാം റൗണ്ടില്‍ വീഴ്ത്തി മുന്‍ ലോക ചാമ്പ്യന്‍ ആന്റണി ജോഷ്വ തന്റെ പ്രതാപം വീണ്ടെടുത്തു. എന്നാല്‍ ജോഷ്വ-ഡിയോണ്‍ടെ വില്‍ഡര്‍ പോരാട്ടത്തിന് അവസരമൊരുങ്ങില്ല. വില്‍ഡറെ ജോസഫ് പാര്‍ക്കര്‍ അട്ടിമറിച്ചു. വില്‍ഡറും ജോഷ്വയും ജയിച്ചിരുന്നുവെങ്കില്‍ ഇരുവരും തമ്മില്‍ മാര്‍ച്ചില്‍ പോരാട്ടത്തിന് പദ്ധതിയുണ്ടായിരുന്നു. ആ മത്സരത്തിലെ വിജയിക്ക് ഏകീകൃത ചാമ്പ്യനാവാനുള്ള പോരാട്ടത്തിന് ടിക്കറ്റ് ലഭിക്കുമായിരുന്നു. എന്നാല്‍ കിംഗ്ഡം അരീനയില്‍ വില്‍ഡറുടെ സ്വപ്‌നങ്ങള്‍ പാര്‍ക്കര്‍ തകര്‍ത്തു. നേരത്തെ ജോഷ്വയെ തോല്‍പിച്ച ഒലക്‌സാണ്ടര്‍ ഉസിക്കും വില്‍ഡറെ കീഴടക്കിയ ടൈസന്‍ ഫുറിയും ഫെബ്രുവരി 17 ന് ഏകീകൃത ലോക ചാമ്പ്യനെ നിശ്ചയിക്കാനായി സൗദി അറേബ്യയില്‍ റിംഗിലിറങ്ങുന്നുണ്ട്. ഈ മത്സരത്തിലെ വിജയി എല്ലാ പ്രധാന ബെല്‍റ്റുകളും സ്വന്തമാക്കുന്ന ഈ നൂറ്റാണ്ടിലെ ആദ്യത്തെ ബോക്‌സറാവും. 
മുപ്പത്തെട്ടുകാരനായ വില്‍ഡര്‍ക്കെതിരെ തുടക്കം മുതല്‍ മുപ്പത്തൊന്നുകാരന്‍ പാര്‍ക്കര്‍ ആധിപത്യം നേടി. മുന്‍ ഹെവിവെയ്റ്റ് ചാമ്പ്യന്മാരുടെ പാര്‍ക്കറുടെ വലങ്കൈയന്‍ ഇടികള്‍ വില്‍ഡറെ മുള്‍മുനയില്‍ നിര്‍ത്തി. ഒരു റൗണ്ടില്‍ മാത്രമാണ് പാര്‍ക്കര്‍ക്കു മേല്‍ വില്‍ഡര്‍ക്ക് ആധിപത്യം ലഭിച്ചത്. അതൊഴിച്ചാല്‍ വില്‍ഡറുടെ ഇടികളില്‍ നിന്ന് പാര്‍ക്കര്‍ സമര്‍ഥമായി ഒഴിഞ്ഞു. 
ജോഷ്വക്കെതിരെ അഞ്ചാം റൗണ്ടില്‍ വാലിന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. മുന്‍ ഡബ്ല്യു.ബി.എ, ഐ.ബി.എഫ്, ഡബ്ല്യു.ബി.ഒ ഹെവിവെയ്റ്റ് ചാമ്പ്യനായ ജോഷ്വ ഏറെക്കാലത്തിനു ശേഷം പഴയപ്രതാപത്തിലേക്കുയര്‍ന്നു. ഇരുകൈകളും കൊണ്ടുള്ള ഇടികളില്‍ അവസാനം വാലിന് പിടിച്ചുനില്‍ക്കാനായില്ല. 
ഐ.ബി.ഒ ലൈറ്റ് ഹെവിവെയ്റ്റ് പോരാട്ടത്തില്‍ ദിമിത്രി ബിവോള്‍ 12 റൗണ്ടില്‍ ലിന്‍ഡര്‍ ആര്‍തറെ തോല്‍പിച്ചു. ഡാനിയേല്‍ ഡുബോയ്‌സ് എട്ട് സെക്കന്റ് ശേഷിക്കെ ജാരില്‍ മില്ലറെ ഇടിച്ചിട്ടു. ഹെവിവെയ്റ്റില്‍ അഗിത് കബായേല്‍ നാലാം റൗണ്ടില്‍ അല്‍സലാന്‍ബെക് മഹമൂദോവിനെ തോല്‍പിച്ചു. ക്രൂയ്‌സ് വെയ്റ്റില്‍ ജയ് ഒപേടിയയുടെ കനത്ത ഇടങ്കൈയന്‍ ഹുക്കില്‍ ആദ്യ റൗണ്ടില്‍ തന്നെ എലിസ് സോറോ നിലംപതിച്ചു. മാര്‍ക്ക് ഡിമോറിക്കെതിരെ ഫിലിപ് ഹര്‍ഗോവിച്ചും ജൂനിയര്‍ ഫാക്കെതിരെ ഫാങ്ക് സാഞ്ചസും അനായാസം ജയിച്ചു. 
 

Latest News