സൗദിയില്‍ നിന്ന് ക്രൂഡ് ഓയിലുമായി പോവുകയായിരുന്ന കപ്പലിനു നേരെ ഗുജറാത്തില്‍ ഡ്രോണ്‍ ആക്രമണം

പോര്‍ബന്തര്‍- സൗദി അറേബ്യയില്‍ നിന്ന് മംഗലാപുരത്തേക്ക് ക്രൂഡ് ഓയിലുമായി പോകുകയായിരുന്ന കപ്പലിന് നേരെ ഗുജറാത്ത് തീരത്തിന് സമീപം ഡ്രോണ്‍ ആക്രമണം. സംഭവത്തെ തുടര്‍ന്ന് കപ്പലില്‍ സ്‌ഫോടനവും തീപിടിത്തവും ഉണ്ടായതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ പരുക്കോ ആളപായമോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

ഇസ്രയില്‍ പങ്കാളിത്തമുള്ള ലൈബീരിയന്‍ കൊടിയുള്ള കപ്പലിന് നേരെയാണ് പോര്‍ബന്തറിന് 217 നോട്ടിക്കല്‍ മൈല്‍ അകലെ ആക്രമണം നടന്നത്. കപ്പലിലെ ജീവനക്കാരില്‍ 20 പേര്‍ ഇന്ത്യക്കാരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഡ്രോണ്‍ ആക്രമണത്തെ തുടര്‍ന്ന് ഓയില്‍ ടാങ്കറിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ക്രൂഡ് ഓയില്‍ വാഹകരായ എം വി കെം പ്ലൂട്ടോയാണ് കപ്പലെന്നാണ് വിവരം. 

ഇസ്രായേല്‍- ഹമാസ് സംഘര്‍ഷത്തെ തുടര്‍ന്ന് ഹൂതി വിമതര്‍ ഇസ്രായിലുമായി ബന്ധമുള്ള കപ്പലുകളില്‍ ചെങ്കടലില്‍ ആക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും ഇത്രയും ദൂരെ ആദ്യമായാണ് ആക്രമണം നടക്കുന്നത്. 

ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ നാവിക സേനയുടെ വിമാനവും യുദ്ധക്കപ്പലുകളും സഹായത്തിനായി എത്തി.

Latest News