Sorry, you need to enable JavaScript to visit this website.

പുറത്താക്കല്‍ ഭീഷണി നേരിടുന്ന ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക ഇന്ത്യ വിടുന്നു

ന്യൂദല്‍ഹി- വിമര്‍ശനാത്മകമായ റിപ്പോര്‍ട്ടുകള്‍ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് പുറത്താക്കുമെന്ന അധികൃതരുടെ ഭീഷണി നേരിടുന്ന ഫ്രഞ്ച് മാധ്യമ പ്രവര്‍ത്തക ഇന്ത്യ വിടുന്നു. കഴിഞ്ഞ 23 വര്‍ഷമായി ഫ്രാന്‍സിലെ വിവിധ മാധ്യമങ്ങള്‍ക്കു വേണ്ടി റിപ്പോര്‍ട്ട് ചെയ്യുന്ന വനേസ ഡഗ്നാക്കാണ് ഇന്ത്യയില്‍ നിന്നും മടങ്ങുന്നത്. 

വനേസക്കെതിരെയുള്ള ഇന്ത്യന്‍ ഭരണകൂടത്തിന്റെ നീക്കം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്ത് മാധ്യമ സ്വാതന്ത്ര്യം കൂടുതല്‍ ആക്രമിക്കപ്പെടുന്നതിനുള്ള തെൡവാണെന്ന്  വിമര്‍ശകര്‍ പറയുന്നു. സെന്‍സിറ്റീവ് വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ പലപ്പോഴും നടപടികള്‍ സ്വീകരിക്കുകയാണെന്നാണ് വിമര്‍ശനം. 

ലെ പോയിന്റ് ഉള്‍പ്പെടെ നിരവധി ഫ്രഞ്ച് ഭാഷാ പ്രസിദ്ധീകരണങ്ങളില്‍ വനേസ ഡഗ്‌നാക്ക് പ്രവര്‍ത്തിക്കുന്നുണ്ട്. വനേസയുടെ പ്രവര്‍ത്തനങ്ങള്‍ ദേശീയ താത്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും അവരുടെ സ്ഥിരതാമസം റദ്ദാക്കാന്‍ താത്ക്കാലികമായി തീരുമാനിച്ചതായും ആഭ്യന്തര മന്ത്രാലയമാണ് കഴിഞ്ഞ മാസം നോട്ടീസ് നല്‍കിയത്. 

ഇന്ത്യയില്‍ നിന്നും മടങ്ങുന്നത് താന്‍ ആഗ്രഹിച്ചല്ലെന്ന് ഡഗ്‌നാക് തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ച പ്രസ്താവനയില്‍ പറഞ്ഞു. തനിക്ക് ജോലി ചെയ്യാന്‍ കഴിയുന്നില്ലെന്നും രാജ്യത്തിന്റെ താത്പര്യങ്ങളെന്ന പേരില്‍ മുന്‍വിധികള്‍ അന്യായമായി തനിക്കുമേല്‍ ആരോപിക്കപ്പെട്ടതായും ഇന്ത്യയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് വ്യക്തമായാതായും അവര്‍ വിശദമാക്കി. 

ഗ്രാമീണ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ നടക്കുന്ന മാവോയിസ്റ്റ് നക്സലൈറ്റ് കലാപം ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ ഡഗ്‌നാക് റിപ്പോര്‍ട്ട് ചെയ്തിരുന്നു. 'ഇന്ത്യയെക്കുറിച്ച് പക്ഷപാതപരമായ ധാരണ' സൃഷ്ടിക്കുന്ന 'ക്ഷുദ്രകരവും വിമര്‍ശനാത്മകവുമായ' പത്രപ്രവര്‍ത്തനമാണെന്നാണ് ആഭ്യന്തര മന്ത്രാലയം നല്‍കിയ നോട്ടീസില്‍ പറയുന്നത്. നോട്ടീസില്‍ പറഞ്ഞ എല്ലാ ആരോപണങ്ങളും വനേസ നിഷേധിച്ചു. 

ഇന്ത്യയുടെ റിപ്പബ്ലിക് ദിന സൈനിക പരേഡില്‍ വിശിഷ്ടാതിഥിയായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ എത്തുന്നതിന് ഒരാഴ്ച മുമ്പാണ് വനേസയ്ക്ക് ആഭ്യന്തര മന്ത്രാലയം നോട്ടീസ് നല്‍കിയത്.

സന്ദര്‍ശനത്തിന് മുമ്പും സന്ദര്‍ശന വേളയിലും ഡഗ്നാക്കിന്റെ കാര്യം ഫ്രാന്‍സ് ഉന്നയിച്ചിരുന്നുവെന്നാണ്് ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം മാക്രോണിന്റെ സന്ദര്‍ശന വേളയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.

2014ല്‍ നരേന്ദ്ര മോഡി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം ലോക മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 180 രാജ്യങ്ങളില്‍ ഇന്ത്യ 21 സ്ഥാനങ്ങള്‍ താഴ്ന്ന് 161ലാണ് എത്തിയത്. സ്വതന്ത്ര മാധ്യമങ്ങളെ സ്തംഭിപ്പിക്കുന്നുവെന്നാണ്് മോഡി സര്‍ക്കാറിനെതിരെയുള്ള വ്യാപക ആരോപണം. 

2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് നരേന്ദ്ര മോഡിയുടെ പങ്കിനെ കുറിച്ച് പറയുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിന് സര്‍ക്കാര്‍ ബി. ബി. സിയെ വിമര്‍ശിക്കുകയും ഇന്ത്യന്‍ ഓഫീസുകള്‍ നികുതി വകുപ്പ് റെയ്ഡ് നടത്തുകയും ചെയ്തിരുന്നു.

Latest News