ബഗാനെ തരിപ്പണമാക്കി ഗോവ, ഒന്നാം സ്ഥാനം ഒറ്റക്ക്

കൊല്‍ക്കത്ത - ഐ.എസ്.എല്ലിലെ മുന്‍നിരക്കാരുടെ പോരാട്ടത്തില്‍ മോഹന്‍ബഗാനെ 4-1 ന് തകര്‍ത്ത് എഫ്.സി ഗോവ ഒന്നാം സ്ഥാനം ഭദ്രമാക്കി. നിലവിലെ ചാമ്പ്യന്മാര്‍ തുടര്‍ച്ചയായ രണ്ടാം മത്സരമാണ് തോല്‍ക്കുന്നത്. അഞ്ച് ചുവപ്പ് കാര്‍ഡ് കണ്ട കഴിഞ്ഞ മത്സരത്തില്‍ അവര്‍ മുംബൈ സിറ്റിയോട് കീഴടങ്ങിയിരുന്നു. അതുവരെ അജയ്യരായി മുന്നേറുകയായിരുന്നു ബഗാന്‍. 
ഗോവ ആദ്യ പകുതിയില്‍ തന്നെ 3-0 ന് മുന്നിലെത്തി. പത്താം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ടീമിന് ലീഡ് നേടിയ നൂഹ് സദൂയി ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിലും സ്‌കോര്‍ ചെയ്തു. അതിനിടയില്‍ വിക്ടര്‍ റോഡ്രിഗസും 42ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ആദ്യ പകുതിയുടെ അവസാന സെക്കന്റുകളില്‍ ദിമിത്രി പെട്രറ്റോസാണ് ബഗാന്റെ ആശ്വാസ ഗോളടിച്ചത്. ഒഡെയുടെ ഷോട്ട് മന്‍വീര്‍ സിംഗിന്റെ കൈയില്‍ തട്ടിയതിനാണ് റഫറി പെനാല്‍ട്ടി വിധിച്ചത്. 72ാം മിനിറ്റ് മുതല്‍ പത്തു പേരുമായാണ് ബഗാന്‍ കളിച്ചത്. അഞ്ച് സബ്സ്റ്റിറ്റിയൂട്ടുകളെയും ഉപയോഗിച്ചു കഴിഞ്ഞ ശേഷം ഹാമിലിന് പരിക്കേറ്റു. 
ഗോവക്ക് ഒമ്പത് കളിയില്‍ 23 പോയന്റായി, കേരളാ ബ്ലാസ്‌റ്റേഴ്‌സിനെക്കാള്‍ (10 കളിയില്‍ 20) മൂന്ന് പോയന്റ് കൂടുതല്‍. മുംബൈ സിറ്റിക്കു ബഗാനും 19 പോയന്റ് വീതമാണ്.
 

Latest News