ഗുസ്തി: കേന്ദ്രം ഇടപെട്ടേക്കും, സചിനും  നീരജും പ്രതികരിക്കണമെന്ന് ആവശ്യം

ന്യൂദല്‍ഹി - ബ്രിജ്ഭൂഷണ്‍ ശരണ്‍ സിംഗിന്റെ സഹായി ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന്റെ അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് മറ്റൊരു പ്രമുഖ താരം കൂടി പത്മശ്രീ തിരിച്ചുനല്‍കുന്നു. കേള്‍വി പരിമിതര്‍ക്കുളള ഒളിമ്പിക്‌സില്‍ മൂന്നു തവണ സ്വര്‍ണ മെഡല്‍ ജേതാവാണ് വിരേന്ദര്‍ സിംഗ് യാദവാണ് സമരത്തിന് പിന്തുണ പ്രഖ്യാപിച്ചത്. വീരേന്ദറിന് 2015 ല്‍ അര്‍ജുന അവാര്‍ഡും 2021 ല്‍ പത്മശ്രീയും ലഭിച്ചിരുന്നു. 
ഗുസ്തി താരങ്ങളുടെ സമരത്തെക്കുറിച്ച് പ്രമുഖ കളിക്കാരായ സചിന്‍ ടെണ്ടുല്‍ക്കറും ഒളിംപിക് ചാമ്പ്യന്‍ നീരജ് ചോപ്രയുമൊക്കെ അഭിപ്രായം പറയണമെന്ന് വീരേന്ദര്‍ ആവശ്യപ്പെട്ടു.
അതിനിടെ, ഇന്ത്യന്‍ ഗുസ്തി ഫെഡറേഷനില്‍ ഒരുപാട് നിയമയുദ്ധത്തിനു ശേഷം തെരഞ്ഞെടുപ്പ് നടന്നെങ്കിലും ഇന്ത്യക്കേര്‍പ്പെടുത്തിയ വിലക്ക് ഉടനെ നീക്കില്ലെന്ന്് യുനൈറ്റഡ് വേള്‍ഡ് റസ്‌ലിംഗ് (യു.ഡബ്ല്യു.ഡബ്ല്യു). തെരഞ്ഞെടുപ്പ് നടക്കാത്തതിന്റെ പേരിലാണ് ഓഗസ്റ്റില്‍ ഇന്ത്യക്ക് വിലക്കേര്‍പ്പെടുത്തിയത്. അതു കാരണം രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യന്‍ കളിക്കാര്‍ക്ക് രാജ്യത്തിന്റെ കൊടിക്കു കീഴില്‍ മത്സരിക്കാന്‍ സാധിച്ചിരുന്നില്ല. ലൈംഗികാരോപണത്തില്‍ കുടുങ്ങിയ ബി.ജെ.പി എം.പി ബ്രിജ്ഭൂഷന്‍ ശരണ്‍ സിംഗിനെതിരെ പ്രമുഖ കളിക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച സമരമാണ് ഗുസ്തി ഫെഡറേഷനെ വിവാദത്തിന്റെ കരിനിഴലിലാക്കിയത്. ലൈംഗികാക്രമണക്കേസില്‍ കുടുങ്ങിയ ബ്രിജ്ഭൂഷനെ മാറ്റി പകരക്കാരനെ കണ്ടെത്താന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്ന് യു.ഡബ്ല്യു.ഡബ്ല്യു നിര്‍ദേശിച്ചു. 
കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ബ്രിജ്ഭൂഷന്‍ പക്ഷം വിജയിക്കുകയും അദ്ദേഹത്തിന്റെ അടുത്ത അനുയായി സഞ്ജയ് സിംഗ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു. ബ്രിജ്ഭൂഷനെയും അടുപ്പക്കാരെയും മാറ്റിനിര്‍ത്തുമെന്ന് സര്‍ക്കാര്‍ നല്‍കിയ ഉറപ്പ് പാലിച്ചില്ലെന്നും വനിതാ താരങ്ങള്‍ക്ക് സുരക്ഷയില്ലെന്നും പറഞ്ഞ് പ്രമുഖ താരങ്ങള്‍ പ്രതിഷേധം പുനരാരംഭിച്ചിരിക്കുകയാണ്. ഒളിംപിക് മെഡലുകാരി സാക്ഷി മാലിക് വിരമിക്കുന്നതായി പ്രഖ്യാപിച്ചു. ടോക്കിയൊ ഒളിംപിക്‌സിലെ വെങ്കല മെഡലുകാരന്‍ ബജ്‌റംഗ് പൂനിയ പത്മശ്രീ ബഹുമതി പ്രധാനമന്ത്രിക്ക് തിരിച്ചു നല്‍കുന്നതായി പ്രഖ്യാപിക്കുകയും അദ്ദേഹത്തിനെഴുതിയ വൈകാരികമായ കത്ത് സോഷ്യല്‍ മീഡിയയില്‍ പുറത്തുവിടുകയും ചെയ്തു. 
ഈ സാഹചര്യത്തിലാണ് യു.ഡബ്ല്യു.ഡബ്ല്യുവിന്റെ പ്രതികരണം. വനിതാ താരങ്ങള്‍ക്ക് മതിയായ സംരക്ഷണം ഉറപ്പ് വരുത്താതെ റസലിംഗ് ഫെഡറേഷന്‍ ഓഫ് ഇന്ത്യക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കില്ലെന്ന് യു.ഡബ്ല്യു.ഡബ്ല്യു വ്യക്തമാക്കി. കളിക്കാരുടെ ആശങ്കകര്‍ പരിഹരിക്കേണ്ടതുണ്ടെന്നും സംഘടന വ്യക്തമാക്കി. തെരഞ്ഞെടുപ്പ് ചട്ടമനുസരിച്ച് ക്രമപ്രകാരവുമാണോ നടത്തിയതെന്ന് നിരീക്ഷകരില്‍ നിന്ന് വിവരം തേടിയിരിക്കുകയാണെന്ന് യു.ഡബ്ല്യു.ഡബ്ല്യു വക്താവ് പറഞ്ഞു. ഇന്ത്യന്‍ ഒളിംപിക് കമ്മിറ്റിയുടെയും ഇന്ത്യന്‍ സ്‌പോര്‍ട്‌സ് മന്ത്രാലയത്തിന്റെയും റിപ്പോര്‍ട്ടുകളും പരിഗണിക്കുമെന്നും വക്താവ് വെളിപ്പെടുത്തി. 

കേന്ദ്രം ഇടപെട്ടേക്കും
ഗുസ്തി താരങ്ങള്‍ക്ക് പിന്തുണയുമായി കൂടുതല്‍ കായിക താരങ്ങള്‍ രംഗത്തെത്തുകയാണ്. പത്മശ്രീ തിരികെ നല്‍കുമെന്ന് മുന്‍ ഗുസ്തി താരം വിരേന്ദര്‍ സിംഗ് യാദവും പ്രഖ്യാപിച്ചു. വിഷയത്തില്‍ മൗനം പാലിക്കുന്ന സിനിമാ  കായിക താരങ്ങളെ വിമര്‍ശിച്ച് ബോക്‌സര്‍ വിജേന്ദര്‍ സിംഗും രംഗത്തെത്തി. സാക്ഷി മാലിക്കിനെ അഭിനന്ദിച്ചു കൊണ്ടുളള സചിന്‍ ടെണ്ടുല്‍ക്കറുടെയും അമിതാഭ് ബച്ചന്റെയും പോസ്റ്റുകളാണ് വിജേന്ദര്‍ പങ്കുവെച്ചത്. അതേസമയം, കായിക താരങ്ങളുടെ പ്രതിഷേധം തണുപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ ഇടപെടുമെന്ന് സൂചനയുണ്ട്. വിഷയത്തില്‍ പരസ്യ പ്രതികരണത്തിന് കേന്ദ്രസര്‍ക്കാര്‍ തയാറായിട്ടില്ല. താരങ്ങളുമായി  കായിക മന്ത്രി സംസാരിക്കുമെന്ന് സൂചനയുണ്ട്. 
അതിനിടെ, ഫെഡറേഷന്‍ തിരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ അയോധ്യയിലെത്തിയ ബ്രിജ്ഭൂഷണും സഞ്ജയ് സിംഗിനും ബി.ജെ.പി പ്രവര്‍ത്തകരും മറ്റും ചേര്‍ന്ന് വന്‍
സ്വീകരണം നല്‍കി
 

Latest News