ന്യൂദല്‍ഹി - ലൈംഗികാരോപണത്തില്‍ പെട്ട് സ്ഥാനമൊഴിഞ്ഞ ബി.ജെ.പി എം.പി ബ്രിജ്ഭൂഷണ് ശരണ്‍ സിംഗിന് പകരം അദ്ദേഹത്തിന്റെ സഹായി ഇന്ത്യന്‍ ഗുസ്തി ഫെഡറേഷന് (ഡബ്ല്യു.എഫ്.ഐ) പ്രസിഡന്റായി നിയമിതനായതില്‍ കളിക്കാരുടെ പ്രതിഷേധം മുറുകുന്നു. ഒളിംപിക് മെഡലുകാരി സാക്ഷി മാലിക് കണ്ണീരോടെ കളി നിര്‍ത്തിയതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയ ബജ്റംഗ് പൂനിയ തന്റെ പത്മശ്രീ ബഹുമതി അദ്ദേഹത്തെ തിരിച്ചേല്പിക്കുമെന്ന് സോഷ്യല്‍മീഡിയയില്‍ പ്രഖ്യാപിച്ചു. തുടര്‍ന്ന് രാജ്പഥിലെത്തിയ (കര്‍ത്തവ്യപഥ്) ബജ്റംഗ് ഫുട്പാത്തില്‍ മെഡല്‍ ഉപേക്ഷിച്ചു. അത് പിന്നീട് പോലീസ് എടുത്തു കൊണ്ടുപോയി. ഒളിംപിക്സില്‍ വെങ്കല മെഡല്‍ നേടിയിരുന്നു ബജ്റംഗ്.
വനിതാ താരങ്ങളുടെ മാനം സംരക്ഷിക്കപ്പെടാത്ത കാലത്ത് തനിക്ക് ഈ ബഹുമതി വേണ്ടെന്ന് ബജ്റംഗ് പറഞ്ഞു. 40 ദിവസത്തോളം പ്രതിഷേധവുമായി ഞങ്ങള്‍ തെരുവിലായിരുന്നു. സര്‍ക്കാര്‍ നല്കിയ ഉറപ്പിലാണ് പിന്മാറിയത്. അത് അവര്‍ പാലിച്ചില്ല. സര്‍ക്കാരിനെതിരെയല്ല, ഒരു വ്യക്തിക്കെതിരെയാണ് ഞങ്ങളുടെ സമരം. കോടതികളില്‍ വിശ്വാസമുണ്ട്. എന്നാല്‍ ഇന്നത്തെ സാഹചര്യത്തില്‍ ആ വിശ്വാസവും നഷ്ടപ്പെടുകയാണ് -ഇരുപത്തൊമ്പതുകാരന് പറഞ്ഞു. കരിയര്‍ അവസാനിപ്പിക്കില്ലെന്നും പാരിസ് ഒളിംപിക്സിനായി തയാറെടുപ്പ് തുടരുകയാണെന്നും താരം അറിയിച്ചു.
ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പിലെ വിജയത്തിനു ശേഷം ബ്രിജ്ഭൂഷണ് നടത്തിയ വിവാദ പരാമര്‍ശം പ്രധാനമന്ത്രിക്കെഴുതിയ വൈകാരികമായ കത്തില്‍ ബജ്റംഗ് ശ്രദ്ധയില്‍ പെടുത്തി. മേധാവിത്തം തുടരുമെന്ന് ബ്രിജ്ഭൂഷണ് പ്രഖ്യാപിച്ചിരുന്നു. പ്രതിഷേധ സമരത്തില്‍ പങ്കെടുത്ത എല്ലാ താരങ്ങളും രാത്രി മുഴുവന്‍ കരയുകയായിരുന്നുവെന്നും ബജ്റംഗ് വെളിപ്പെടുത്തി.
പത്മശ്രീയും അര്‍ജുനയും ഖേല്രത്നയുമൊക്കെ ലഭിച്ചപ്പോള്‍ വലിയ സന്തോഷമുണ്ടായിരുന്നു. ജനങ്ങള്‍ നല്കിയ അംഗീകാരത്തില്‍ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ആ പ്രതീക്ഷകളൊക്കെ വറ്റി. അംഗീകാരങ്ങള്‍ ഇപ്പോള്‍ ശ്വാസം മുട്ടിക്കുകയാണ്. ഗുസ്തിയാണ് ഈ ഉയരങ്ങളിലെത്തിച്ചത്. എന്നാല്‍ സുരക്ഷയോര്‍ത്ത് താരങ്ങള്‍ ഗുസ്തി ഉപേക്ഷിക്കുകയാണ്. ഗുസ്തി ഗ്രാമീണ വനിതകളെ പ്രതീക്ഷക്കപ്പുറത്തേക്കുയരാന് സഹായിച്ചു. അവര്‍ ഇന്റര്‍നാഷനല്‍ മത്സരങ്ങളില്‍ രാജ്യത്തിന്റെ അഭിമാനമായി. പക്ഷെ ഇന്ന് അവര്‍ക്കു മേല്‍ ചിലര്‍ ആധിപത്യം പുലര്‍ത്തുകയാണ്. അവര്‍ മാലയിട്ട് ചിരിക്കുന്ന ചിത്രം താങ്കളും കണ്ടിട്ടുണ്ടാവും. ബേടി ബചാവൊ പ്രസ്ഥാനത്തിന് അംബാസഡര്‍മാരായി സര്‍ക്കാര്‍ തെരഞ്ഞെടുത്തവര്‍ സ്വന്തം സ്പോര്‍ട്സില്‍ നിന്ന് പിന്മാറേണ്ട സാഹചര്യമാണ് ഇപ്പോള്‍. അവര്‍ അപമാനിക്കപ്പെടുമ്പോള്‍ സംതൃപ്തമായ ജീവിതം എനിക്ക് അസാധ്യമാണ്. അതെനിക്ക് വീര്‍പ്പുമുട്ടലുണ്ടാക്കുന്നു. അതിനാല്‍ ഈ മെഡല്‍ തിരിച്ചുനല്‍കുന്നു -പ്രധാനമന്ത്രിക്കെഴുതിയ കത്തില്‍ ബജ്റംഗ് പറഞ്ഞു.
ചുരുങ്ങിയത് 12 വനിതാ ഗുസ്തി താരങ്ങളെയെങ്കിലും ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണം നേരിട്ട ബ്രിജ് ഭൂഷണ് സ്ഥാനമൊഴിയണമെന്നാവശ്യപ്പെട്ട് മാസങ്ങളോളം പ്രമുഖ താരങ്ങളായ സാക്ഷി, ബജ്റംഗ്, വിനേഷ് ഫോഗട് എന്നിവരുടെ നേതൃത്വത്തില്‍ ന്യൂദല്‍ഹിയില്‍ സമരം നടത്തിയിരുന്നു. ബ്രിജ്ഭൂഷണുമായി ബന്ധപ്പെട്ട ആരെയും ഗുസ്തി ഫെഡറേഷന് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് കേന്ദ്ര സ്പോര്‍ട്സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഉറപ്പ് നല്‍കിയതിനെത്തുടര്‍ന്നാണ് ആറു മാസം മുമ്പ് അവര്‍ സമരം അവസാനിപ്പിച്ചത്.






