പാള്‍ - മുക്കിയും മൂളിയും ഇഴഞ്ഞുനീങ്ങിയ സഞ്ജു സാംസണിന്റെ ഇന്റര്‍നാഷനല്‍ കരിയറിന് ദക്ഷിണാഫ്രിക്കയില്‍ പുതുജീവന്‍. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ഏകദിനത്തില്‍ സഞ്ജു കന്നി സെഞ്ചുറി (114 പന്തില്‍ 108, 6-3, 4-6) പൂര്‍ത്തിയാക്കി. 2015 ല്‍ ആദ്യമായി ഇന്ത്യന്‍ കുപ്പായമിട്ടെങ്കിലും സ്ഥിരത പുലര്‍ത്താന്‍ മലയാളി വിക്കറ്റ്കീപ്പര്‍ക്ക് സാധിച്ചിരുന്നില്ല. സഞ്ജു കന്നി സെഞ്ചുറിയും തിലക് വര്‍മ കന്നി അര്‍ധ ശതകവും തികക്കുകയും റിങ്കു സിംഗ് അവസാന ഓവറുകളില്‍ ആഞ്ഞടിക്കുകയും ചെയ്തതോടെ ദക്ഷിണാഫ്രിക്കക്കെതിരായ നിര്‍ണായക മത്സരത്തില്‍ ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 296 റണ്‍സെടുത്തു. മറുപടിയായി ദക്ഷിണാഫ്രിക്ക പതിനെട്ടോവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 88 റണ്‍സിലെത്തി.
എട്ട് വര്‍ഷത്തിനിടെ 24 ട്വന്റി20 മത്സരങ്ങളും 15 ഏകദിനങ്ങളും മാത്രമാണ് കളിച്ചത്. ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ നായകനായി ഉയര്‍ന്നിട്ടും ദേശീയ ടീമില്‍ സഞ്ജുവിന് തുടര്‍ച്ചയായ അവസരങ്ങള്‍ നല്‍കിയിരുന്നില്ല. ഏറ്റവുമവസാനം ലോകകപ്പില്‍ നിന്ന് തഴഞ്ഞതോടെ സഞ്ജുവിന്റെ ഇന്റര്‍നാഷനല്‍ കരിയര്‍ അവസാനിച്ചുവെന്നാണ് തോന്നിയത്. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ ട്വന്റി20യില്‍ റിസര്‍വ് വിക്കറ്റ്കീപ്പറായി ജിതേഷ് ശര്‍മയെ ടീമിലെടുത്തു. സഞ്ജുവിനെ ഏകദിന ടീമിലാണ് ഉള്‍പെടുത്തിയത്. സഞ്ജുവിന് ഏകദിനമല്ല ഇണങ്ങുകയെന്ന് വിദഗ്ധര്‍ വിലയിരുത്തി. രണ്ടാം ഏകദിനത്തില്‍ അവസരം കിട്ടിയെങ്കിലും മുതലാക്കാനായില്ല. മൂന്നാം ഏകദിനത്തിലെ കന്നി സെഞ്ചുറി സഞ്ജുവിന് വഴിത്തിരിവായേക്കും.
കഴിഞ്ഞ ഒരു വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലമാണ് ഇതെന്ന് സഞ്ജു പറഞ്ഞു. ഇതിനു മുമ്പുള്ള 15 ഏകദിനങ്ങളില്‍ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 86 നോട്ടൗട്ടായിരുന്നു. മധ്യ ഓവറുകളില്‍ പരുങ്ങിയ ഇന്ത്യയെ സഞ്ജുവും തിലകും തമ്മിലുള്ള 116 റണ്‍സാണ് കരകയറ്റിയത്. അവസാന പത്തോവറില്‍ 93 റണ്‍സും അവസാന നാലോവറില്‍ മാത്രം 47 റണ്‍സും ഇന്ത്യ അടിച്ചെടുത്തു. സഞ്ജു പുറത്തായ റിങ്കു സിംഗാണ് (27 പന്തില്‍ 38) ആക്രമണത്തിന് ചുക്കാന്‍ പിടിച്ചത്.
സഞ്ജു 110 പന്തില്‍ രണ്ട് സിക്‌സറും ആറ് ബൗണ്ടറിയും സഹിതമാണ് സെഞ്ചുറിയിലെത്തിയത്. തുടക്കത്തില്‍ സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്യാനാവാതെ പരുങ്ങിയെങ്കിലും തിലക് വര്‍മ (77 പന്തില്‍ 52) ഒരു സിക്‌സറും അഞ്ച് ബൗണ്ടറിയുമായി കൂട്ട് നല്‍കി. തിലകിനെ സ്പിന്നര്‍ കേശവ് മഹാരാജ് പുറത്താക്കിയതിന് പിന്നാലെ അതേ ബൗളറെ സിംഗിളിന് പായിച്ചാണ് സഞ്ജു സെഞ്ചുറി തികച്ചത്. ഡ്രസ്സിംഗ് റൂമിനു നേരെ മസിലു കാട്ടി ആഘോഷിച്ചു. ലിസാഡ് വില്യംസിനെ ഗാലറിയിലേക്ക് പറത്താനുള്ള ശ്രമത്തില്‍ പിടികൊടുത്തു.
പാളിലെ ബോളണ്ട് പാര്‍ക്കില്‍ മൂന്നാമതും ടോസ് നേടിയ ദക്ഷിണാഫ്രിക്ക സന്ദര്‍ശകരെ ബാറ്റിംഗിനയക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ ഓപണറായ രജത് പട്ടിധാര്‍ മൂന്ന് ബൗണ്ടറിയും ഒരു സിക്‌സറുമായി കുതിച്ചെങ്കിലും (16 പന്തില്‍ 22) നാന്ദ്രെ ബര്‍ഗര്‍ ബൗള്‍ഡാക്കി. ആദ്യ രണ്ട് മത്സരത്തിലും അര്‍ധ ശതകം പിന്നിട്ട സായ് സുദര്‍ശനെ (16 പന്തില്‍10) ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ് വിക്കറ്റിന് മുന്നില്‍ കുടുക്കി.
സഞ്ജുവും ക്യാപ്റ്റന്‍ കെ.എല്‍ രാഹുലും (35 പന്തില്‍ 21) മൂന്നാം വിക്കറ്റിലെ 52 റണ്‍സ് കൂട്ടുകെട്ടോടെ ഇന്നിംഗ്് കെട്ടിപ്പടുക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യകരമായ രീതിയിലാണ് രാഹുല്‍ പുറത്തായത്. പാഡില്‍ തട്ടി ബാറ്റിലേക്ക് തെറിച്ച പന്ത് വിക്കറ്റ്കീപ്പര്‍ പിടിക്കുകയായിരുന്നു.
ഇന്ത്യ രണ്ട് മാറ്റങ്ങള്‍ വരുത്തി. പരിക്കേറ്റ ഋതുരാജ് ഗെയ്കവാദിനു പകരമാണ് പട്ടിധാര്‍ കളിച്ചത്. കുല്‍ദീപ് യാദവിന് വിശ്രമം നല്‍കി വാഷിംഗ്ടണ്‍ സുന്ദറിന് അവസരം നല്‍കി.
ആദ്യ മത്സരം 200 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു.






