ക്ലബ്ബ് ലോകകപ്പ് ഫൈനല്‍
മാഞ്ചസ്റ്റര്‍ സിറ്റി x ഫഌമിനന്‍സ്
നാളെ രാത്രി 9.00
ലൂസേഴ്‌സ് ഫൈനല്‍
ഉറാവ റെഡ്‌സ് x അല്‍അഹ്‌ലി
നാളെ വൈകു: 5.30
ജിദ്ദ - ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ യൂറോപ്പിന്റെ കുത്തക നിലനിര്‍ത്താന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ മാഞ്ചസ്റ്റര്‍ സിറ്റി നാളെ ഇറങ്ങും. കഴിഞ്ഞ സീസണില്‍ ഫൈനലിലെത്താന്‍ സാധിക്കാതിരുന്ന ലാറ്റിനമേരിക്കക്കു വേണ്ടി ഇത്തവണ ഫഌമിനനന്‍സാണ് കലാശപ്പോരാട്ടത്തിന് ഇറങ്ങുന്നത്. എന്നാല്‍ അവസാനമായി ലാറ്റിനമേരിക്ക കിരീടം നേടിയത് 2012 ലാണ്. അതിനു ശേഷം കളിച്ച 21 മത്സരങ്ങളും യൂറോപ്യന്‍ ചാമ്പ്യന്മാര്‍ ജയിച്ചു.
പെപ് ഗാഡിയോളയുടെ പൊസഷന്‍ ഫുട്‌ബോളും ബ്രസീല്‍ ദേശീയ കോച്ച് കൂടിയാ ഫെര്‍ണാണ്ടൊ ഡിനിസിന്റെ ആന്റി ഗാഡിയോള ശൈലിയും തമ്മിലുള്ള ഏറ്റുമുട്ടലായിരിക്കും ഫൈനല്‍. തെരുവ് ഫുട്‌ബോളില്‍ നിന്ന് വികസിപ്പിച്ചെടുത്ത തന്റെ നവീന ശൈലിയെയാണ് ആന്റി ഗാഡിയോള എന്ന് നാല്‍പത്തൊമ്പതുകാരന്‍ വിശേഷിപ്പിക്കുന്നത്. ചെറിയ സ്‌പെയ്‌സില്‍ കളിക്കാരെ കുത്തിത്തിരുകി കൂട്ടമായി ആക്രമിക്കുന്നതാണ് ഈ ശൈലി. ഫലപ്രദമായാല്‍ ബ്രസീലിന്റെ സുന്ദരമായ ജോഗൊ ബോണിറ്റൊ ശൈലിയായി മാറും അത്. എന്നാല്‍ എതിരാളികള്‍ക്ക് ആക്രമിക്കാന്‍ മറ്റിടങ്ങളില്‍ ഒരുപാട് സ്‌പെയ്‌സ് കിട്ടുമെന്നതാണ് ഈ ശൈലിയുടെ ദൗര്‍ബല്യം.
13 ക്ലബ്ബുകളെ പരിശീലിപ്പിച്ച ഡിനിസിന് അവസാനം വിജയം കാണാനായത് ഫഌമിനന്‍സിലാണ്. ഫഌമിനന്‍സിനെ അദ്ദേഹം ആദ്യമായി കോപ ലിബര്‍ടഡോറസ് ചാമ്പ്യന്മാരാക്കി. എന്നാല്‍ ലാറ്റിനമേരിക്കന്‍ ലോകകപ്പ് യോഗ്യതാ റൗണ്ടിലെ ആറു കളികളില്‍ മൂന്നും ഡിനിസ് പരിശീലിപ്പിക്കുന്ന ബ്രസീല്‍ തോറ്റു.
ഡിനിസിന് സൈക്കോളജിയില്‍ ബിരുദമുണ്ട്. ഓരോ കളിക്കാരനെയും മികച്ച പ്രകടനം പുറത്തെടുക്കാന്‍ അദ്ദേഹം സഹായിക്കുന്നുവെന്ന് വെറ്ററന്‍ ഡിഫന്റര്‍ മാഴ്‌സെലൊ പറയുന്നു.
സെമിഫൈനലില്‍ ഈജിപ്തിലെ അല്‍അഹ്‌ലിയില്‍ നിന്ന് കഷ്ടിച്ചാണ് ഫഌമിനന്‍സ് രക്ഷപ്പെട്ടത്. ഒരുപിടി അവസരങ്ങളാണ് അഹ്‌ലി പാഴാക്കിയത്. നാല്‍പത്തൊന്നുകാരന്‍ ഗോളി ഫാബിയൊ ഉജ്വല ഫോമിലായിരുന്നു. അവസാന 20 മിനിറ്റില്‍ രണ്ടു ഗോളടിച്ച് ഫഌമിനന്‍സ് ജയിച്ചു.
അഹ്‌ലിക്ക് ലഭിച്ചതു പോലുള്ള അവസരങ്ങള്‍ സിറ്റിക്ക് കിട്ടിയാല്‍ അവരത് പാഴാക്കില്ല. എര്‍ലിംഗ് ഹാളന്റിന്റെ അഭാവമൊന്നും സിറ്റിയെ ബാധിക്കാന്‍ സാധ്യതയില്ല. പ്രീമിയര്‍ ലീഗില്‍ പരുങ്ങുകയാണെങ്കിലും സിറ്റി സെമിയില്‍ ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ്‌സിനെ അനായാസമാണ് 3-0 ന് കീഴടക്കിയത്.
മൂന്ന് ക്ലബ്ബുകള്‍ക്കൊപ്പം കിരീടം നേടിയ ആദ്യ കോച്ചാവാന്‍ ഒരുങ്ങുകയാണ് ഗാഡിയോള. ബാഴ്‌സലോണക്കൊപ്പവും ബയേണ്‍ മ്യൂണിക്കിനൊപ്പവുമാണ് ഗാഡിയോള മൂന്നു തവണ നേരത്തെ കിരീടം നേടിയത്.






