ബ്രസ്സല്‍സ് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗിന് സമാന്തരമായി മുന്‍നിര ക്ലബ്ബുകളുടെ നേതൃത്വത്തില്‍ സൂപ്പര്‍ലീഗ് ആരംഭിക്കാനുള്ള പദ്ധതിക്ക് പുതുജീവന്‍. സൂപ്പര്‍ലീഗിനെ തടയാനുള്ള യുവേഫയുടെയും ഫിഫയുടെയും നടപടികള്‍ നിയമവിരുദ്ധമാണ് യൂറോപ്യന്‍ യൂനിയനിലെ പരമോന്നത കോടതി വിധിച്ചു.
റയല്‍ മഡ്രീഡിന്റെയും ബാഴ്സലോണയുടെയും നേതൃത്വത്തില്‍ 2021 ല്‍ ഏപ്രിലില്‍ പ്രഖ്യാപിച്ച സൂപ്പര്‍ലീഗ് പദ്ധതി വന്‍കിട ക്ലബ്ബുകളുടെ അത്യാര്ത്തിയാണെന്ന കനത്ത പ്രതിഷേധത്തെത്തുടര്‍ന്ന് 48 മണിക്കൂറിനകം പിന്‍വലിക്കുകയായിരുന്നു. സ്വാതന്ത്ര്യത്തിന്റെയും ഫുട്ബോളിന്റെയും വിജയമാണ് കോടതി വിധിയെന്ന് റയല്‍ മഡ്രീഡ് പ്രതികരിച്ചു. മറ്റ് മുന്‍നിര ക്ലബ്ബുകള്‍ പ്രതികരിച്ചിട്ടില്ല. നുണയന്മാരെന്നാണ് മുന്‍നിര ക്ലബ്ബുകളുടെ നേതൃത്വത്തെ യുവേഫ വിശേഷിപ്പിച്ചത്.
12 റിബല്‍ ക്ലബ്ബുകളുടെ നേതൃത്വത്തിലാണ് എ-22 എന്ന പേരില്‍ സൂപ്പര്‍ലീഗ് പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ കനത്ത പ്രതിഷേധത്തിന്റെ കൊടുങ്കാറ്റിനെത്തുടര്‍ന്ന് 10 ക്ലബ്ബുകളും പിന്മാറി. എങ്കിലും റയലും ബാഴ്സലോണയും നിയമയുദ്ധവുമായി മുന്നോട്ടുപോവുകയായിരുന്നു. യുവേഫയുടെ ടൂര്‍ണമെന്റുകള്‍ ആരാധകരെ അകറ്റുകയാണെന്നും പുതിയ പുരുഷ, വനിതാ ടൂര്‍ണമെന്റ് നടത്തുമെന്നും കോടതി വിധിയുടെ പിന്നാലെ എ-22 പ്രഖ്യാപിച്ചു. യുവേഫയുടെ അംഗീകാരമില്ലാതെ 80 ടീമുകളെ പങ്കെടുപ്പിച്ച് ടൂര്‍ണമെന്റുകള്‍ നടത്താനാണ് പദ്ധതി. 64 പുരുഷ ടീമുകളും 32 വനിതാ ടീമുകളും. ആരാധകര്‍ക്ക് സൗജന്യമായി കളി കാണാമെന്നും ക്ലബ്ബുകള്‍ക്ക് വരുമാനം ഉറപ്പാണെന്നും ദേശീയ ലീഗുകളെ ബാധിക്കാത്ത രീതിയില്‍ കളികള്‍ സംഘടിപ്പിക്കുമെന്നും അവര്‍ വാഗ്ദാനം ചെയ്യുന്നു.
കോടതി വിധി അനുകൂലമായെങ്കിലും സൂപ്പര്‍ലീഗ് പദ്ധതി വിജയിക്കുമോയെന്ന് കണ്ടറിയണം. ഇംഗ്ലിഷ് ക്ലബ്ബുകള്‍ വിമതലീഗില് ചേരുന്നത് സമീപകാലത്ത് ബ്രിട്ടന് വിലക്കിയിട്ടുണ്ട്. അത്യാഗ്രഹികളുടെ ലീഗാണെന്ന് സ്പാനിഷ് ലീഗ് വിമതപദ്ധതിയെ വിശേഷിപ്പിച്ചു.






