പെര്‍ത്ത് - ഗാസയിലെ ഇസ്രായിലി നരമേധത്തിനെതിരെ കറുത്ത ആം ബാന്റണിഞ്ഞ് പ്രതിഷേധിച്ച ഓസ്ട്രേലിയന്‍ ഓപണര്‍ ഉസ്മാന് ഖ്വാജക്കെതിരെ ഐ.സി.സി നടപടിയെടുക്കും. പാക്കിസ്ഥാനെതിരായ ആദ്യ ടെസ്റ്റിന് മുമ്പുള്ള പരിശീലനത്തില്‍ 'സ്വാതന്ത്ര്യം മനുഷ്യാവകാശമാണ്', 'എല്ലാ ജീവനും തുല്യമാണ്' തുടങ്ങിയ സന്ദേശങ്ങള്‍ തന്റെ ഷൂവില്‍ ഖ്വാജ പ്രദര്‍ശിപ്പിച്ചിരുന്നു. മത്സരത്തിലും ഈ ഷൂ അണിയാനായിരുന്നു പദ്ധതി. എന്നാല്‍ നടപടിയെടുക്കുമെന്ന് ഐ.സി.സി ഭീഷണി മുഴക്കുകയും ഇക്കാര്യം ഓസീസ് നായകന് പാറ്റ് കമിന്‍സ് മുഖേന ഓപണറെ ധരിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് കറുത്ത ആം ബാന്റണിഞ്ഞാണ് രണ്ട് ഇന്നിംഗ്സിലും ഖ്വാജ ബാറ്റ് ചെയ്തത്.
ക്രിക്കറ്റ് ഓസ്ട്രേലിയയുടെയോ ഐ.സി.സിയുടെയോ അനുമതി വാങ്ങാതെയാണ് ഖ്വാജ ആം ബാന്റണിഞ്ഞതെന്ന് ഐ.സി.സി കുറ്റപ്പെടുത്തി. മെല്‍ബണില്‍ ആരംഭിക്കുന്ന രണ്ടാം ടെ്സ്റ്റിലും ഖ്വാജ പ്രതിഷേധം തുടരുമോയെന്ന് കണ്ടറിയണം.
മത്സരത്തിന് മുമ്പ് ഏറെ വൈകാരികമായ സോഷ്യല്‍ മീഡിയ വീഡിയോയില്‍ തന്റെ സന്ദേശം രാഷ്ട്രിയമല്ലെന്നും മാനുഷികമാണെന്നും ഖ്വാജ വിശദീകരിച്ചിരുന്നു. മതപരമായ സന്ദേശങ്ങള്‍ ക്രിക്കറ്റ് ഉപകരണങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്നത് ആദ്യമല്ലെന്നും എന്നാല്‍ അപ്പോഴൊക്കെ ഐ.സി.സി മൗനം പാലിച്ചിട്ടുണ്ടെന്നും ഓപണര്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഖ്വാജ ഉയര്‍ത്തിയ സന്ദേശം എന്തുകൊണ്ടാണ് വിവാദമാവുന്നതെന്ന് മനസ്സിലാവുന്നില്ലെന്ന് ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമിന്‍സും ധനമന്ത്രി ജിം ചാമേഴ്സും അഭിപ്രായപ്പെട്ടു. ഖ്വാജയുടെ നിലപാടിനെ ഓസ്ട്രേലിയന്‍ സ്പോര്‍ട്സ് മന്ത്രി ആനിക വെല്‍സും പിന്തുണച്ചിരുന്നു.
2014 ല്‍ ഒരു ടെസ്റ്റ് മത്സരത്തിനിടെ 'സെയവ് ഗസ, ഫ്രീ ഫലസ്തീന്' എന്നെഴുതിയ റിസ്റ്റ് ബാന്റ് അഴിക്കാന്‍ ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ മുഈന്‍അലിയോട് ഐ.സി.സി നിര്‍ദേശിച്ചിരുന്നു.






