മോസ്കൊ - ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ ചേരാനുള്ള ക്ഷണം റഷ്യന്‍ ഫുട്ബോള്‍ യൂനിയന്‍ വോട്ടിനിട്ട് തള്ളി. യുവേഫയില്‍ തന്നെ തുടരാനാണ് അവരുടെ തീരുമാനം. ഉക്രൈനെതിരായ അക്രമത്തിനു ശേഷം 2022 ഫെബ്രുവരി മുതല്‍ റഷ്യന്‍ ദേശീയ ടീമിനും അവരുടെ ക്ലബ്ബുകള്‍ക്കും ഫിഫ, യുവേഫ വിലക്കുണ്ട്. യുവേഫയുമായുള്ള ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് യൂനിയന്‍ മേധാവി അലക്സാണ്ടര്‍ ദ്യൂകോവ് പറഞ്ഞു.
നേരത്തെ ഓഷ്യാന കോണ്‍ഫെഡറേഷന്റെ ഭാഗമായിരുന്ന ഓസ്ട്രേലിയ പിന്നീട് ഏഷ്യന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷനില്‍ ചേര്‍ന്നിരുന്നു. ലോകകപ്പ് കളിക്കാനുള്ള കൂടുതല്‍ സാധ്യത തേടിയാണ് അവര്‍ ഏഷ്യയിലെത്തിയത്.
ഏഷ്യന്‍ ഗെയിംസില്‍ പങ്കെടുക്കാനും റഷ്യയെ ക്ഷണിച്ചിരുന്നു. റഷ്യയുടെ അണ്ടര്‍-17 ടീമുകളെ ഇന്റര്‍നാഷനല്‍ ടൂര്‍ണമെന്റുകളില്‍ പങ്കെടുപ്പിക്കാന്‍ ഫിഫയും യുവേഫയും ആലോചിക്കുന്നുണ്ട്.






