മുംബൈ - വനിതാ ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ തോല്പിച്ചതിന് പിന്നാലെ ഓസ്ട്രേലിയയെയും കീഴടക്കി ചരിത്രം സൃഷ്ടിക്കാന്‍ ഇന്ത്യ. ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള ചതുര്‍ദിന ടെസ്റ്റ് നാളെ മുംബൈ വാംഖഡെയില്‍ ആരംഭിക്കും. 46 വര്‍ഷത്തെ ചരിത്രത്തില്‍ 10 ടെസ്റ്റുകളില്‍ ഏറ്റുമുട്ടിയെങ്കിലും ഒരിക്കല്‍പോലും ഓസ്ട്രേലിയയെ കീഴടക്കാന്‍ ഇന്ത്യക്ക് സാധിച്ചില്ല. വനിതാ ക്രിക്കറ്റ് ടെസ്റ്റുകള്‍ വളരെ അപൂര്‍വമാണ്. ഓസ്ട്രേലിയ അവസാനം ഇന്ത്യയില്‍ ടെസ്റ്റ് പരമ്പര കളിച്ചത് 1984 ലാണ്. നാല് ടെസ്റ്റും സമനിലയില്‍ അവസാനിച്ചു. അവസാന ടെസ്റ്റിന്റെ വേദിയായ വാംഖഡെയിലാണ് ഇത്തവണ മത്സരം. നവി മുംബൈയില്‍ ഏഴു സെഷനില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ റെക്കോര്‍ഡ് വിജയം നേടിയിരുന്നു.
ഓസ്ട്രേലിയക്കും ഇത് പുതിയ തുടക്കമാണ്. അവരെ അഭൂതപൂര്‍വമായ ഉയരങ്ങളിലേക്ക് നയിച്ച മെഗ് ലാനിംഗ് ഈയിടെ വിരമിച്ചു. പുരുഷ ക്രിക്കറ്റര്‍ മിച്ചല്‍ സ്റ്റാര്‍ക്കിന്റെ ജീവിതപങ്കാളി കൂടിയായ വിക്കറ്റ്കീപ്പര്‍ അലീസ ഹീലിയാണ് പുതിയ നായിക. തഹലിയ മക്ഗ്രായാണ് വൈസ് ക്യാപ്റ്റന്‍. പട്ടി കടിയേറ്റ പരിക്കിന് ശസ്ത്രക്രിയക്കു ശേഷം അലീസ തിരിച്ചുവരികയാണ്.
2021 ലാണ് അവസാനം ഈ ടീമുകള്‍ ടെസ്റ്റ് കളിച്ചത്. ആ മത്സരത്തില്‍ ഇന്ത്യന്‍ ഓപണര്‍ സ്മൃതി മന്ദാന സെഞ്ചുറിയടിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ പരിക്കേറ്റ ശുഭ സതീഷ് കളിക്കില്ല. നിരവധി ഓള്‍റൗണ്ടര്‍മാരുടെ സാന്നിധ്യം ഓസീസിന് കൂടുതല്‍ ആഴം നല്കുന്നു.






