രണ്ടാം ജയം തേടി ഇന്ത്യ, രണ്ടാം പരമ്പര ലക്ഷ്യം

പാള്‍ - പാളിലെ ബോളണ്ട് പാര്‍ക്കില്‍ ഇന്ത്യയും ദക്ഷിണാഫ്രിക്കയും നിര്‍ണായകമായ മൂന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തില്‍ നാളെ ഏറ്റുമുട്ടും. മത്സരം ഡേ-നൈറ്റാണ്. ആദ്യ മത്സരം 200 പന്ത് ശേഷിക്കെ എട്ട് വിക്കറ്റിന് ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ എ്ട്ട് വിക്കറ്റിന്റെ അനായാസ ജയത്തോടെ ദക്ഷിണാഫ്രിക്ക തിരിച്ചടിച്ചു. ആദ്യ കളിയില്‍ ഇന്ത്യയുടെ അര്‍ഷദീപ് സിംഗും അവേഷ് ഖാനും അരങ്ങുവാണപ്പോള്‍ നാന്ദ്രെ ബര്‍ഗറും ബ്യൂറന്‍ ഹെന്‍ഡ്രിക്‌സും രണ്ടാമത്തെ കളിയില്‍ ഇന്ത്യന്‍ ബാറ്റിംഗിന്റെ നടുവൊടിച്ചു. 
ഇന്ത്യ ഒരിക്കലേ ദക്ഷിണാഫ്രിക്കയില്‍ ഏകദിന പരമ്പര ജയിച്ചിട്ടുള്ളൂ, 2018ല്‍. രണ്ട് കളിയിലും പുതുമുഖം സായ് സുദര്‍ശന്‍ അര്‍ധ ശതകം നേടിയിരുന്നു. എന്നാല്‍ ഋതുരാജ് ഗെയ്ക്‌വാദിന്റെയും തിലക് വര്‍മയുടെയും പരാജയം ഇന്ത്യക്ക് ആശങ്ക സമ്മാനിക്കുന്നു. സഞ്ജു സാംസണും അവസരം മുതലാക്കാനായില്ല. തിലക് വര്‍മക്കോ സഞ്ജുവിനോ പകരം രജത് പട്ടിധാറിനെ ഇന്ത്യ പരീക്ഷിച്ചേക്കും. ഓപണര്‍ ടോണി ഡിസോര്‍സിയുടെ കന്നി സെഞ്ചുറി രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ വിജയത്തിന് അടിത്തറയിട്ടു. ഇന്ന് കളി നടക്കുന്ന ബോളന്റ് പാര്‍ക്കിലേത് ബാറ്റിംഗ് പിച്ചാണ്. 
ഡിസോര്‍സി 43ാം ഓവറില്‍ സായ് സുദര്‍ശനെ സിക്‌സറിനുയര്‍ത്തിയതോടെയാണ് രണ്ടാമത്തെ കളി ദക്ഷിണാഫ്രിക്ക എട്ടു വിക്കറ്റിന് ജയിച്ചത്. ഇന്ത്യയെ 211 ന് ഓളൗട്ടാക്കിയ ശേഷം ഓപണര്‍മാരായ റീസ ഹെന്‍ഡ്രിക്‌സും (81 പന്തില്‍ 52) ഡിസോര്‍സിയും (122 പന്തില്‍ 119 നോട്ടൗട്ട്) 130 റണ്‍സ് കൂട്ടുകെട്ടോടെ ആതിഥേയ ജയത്തിന് അടിത്തറയിട്ടു. എട്ട് ബൗളര്‍മാരെ ഇന്ത്യ ഉപയോഗിച്ചെങ്കിലും ദക്ഷിണാഫ്രിക്കയെ സുരക്ഷിതത്വത്തിലെത്തിച്ച ശേഷമേ ഈ കൂട്ടുകെട്ട് തകര്‍ന്നുള്ളൂ. വിജയത്തിന് അഞ്ച് റണ്‍സ് അരികെ റാസി വാന്‍ഡര്‍ഡസനും (51 പന്തില്‍ 36) പുറത്തായി. 

Latest News