സാത്-ചി സഖ്യത്തിന് ഖേല്‍രത്‌ന മുദ്ര

ന്യൂദല്‍ഹി - ബാഡ്മിന്റണ്‍ പുരുഷ ഡബ്ള്‍സില്‍ പുതിയ ഉയരങ്ങള്‍ കീഴടക്കുകയും ലോക ഒന്നാം നമ്പര്‍ പദവി വരെ സ്വന്തമാക്കുകയും ചെയ്ത സാത്വിക് സായരാജ് രംഗിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് രാജ്യത്തിന്റെ പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന. ക്രിക്കറ്റര്‍ മുഹമ്മദ് ഷമി, മലയാളി ലോംഗ്ജമ്പര്‍ മുരളി ശ്രീശങ്കര്‍ എന്നിവരുള്‍പ്പെടെ 26 പേര്‍ക്ക് അര്‍ജുന അവാര്‍ഡ് ലഭിക്കും. ഇന്ത്യന്‍ കബഡി ടീമിന്റെ മലയാളി പരിശീലകന്‍ ഇ. ഭാസ്‌കരന്‍ ദ്രോണാചാര്യ പുരസ്‌കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടു. ജനുവരി ഒമ്പതിന് രാഷ്ട്രപതി ഭവനില്‍ രാഷ്ട്രപതി ദ്രൗപതി മുര്‍മുവാണ് അവാര്‍ഡ് സമ്മാനിക്കുക. 
സാത്്-ചി സഖ്യം നിലവിലെ ഏഷ്യന്‍ ഗെയിംസ് ചാമ്പ്യന്മാരും ലോക ചാമ്പ്യന്‍ഷിപ് വെങ്കല മെഡല്‍ ജേതാക്കളും കോമണ്‍വെല്‍ത്ത് ഗെയിംസ് റണ്ണേഴ്‌സ്അപ്പുമാണ്. 
ലോകകപ്പിലെ മിന്നുന്ന പ്രകടനമാണ് ഷമിയെ അര്‍ജുനയുടെ തിളക്കത്തിലേക്ക് നയിച്ചത്. ആദ്യ നാല് മത്സരങ്ങള്‍ കളിപ്പിക്കാതിരുന്ന ഷമി ടൂര്‍ണമെന്റിലെ വിക്കറ്റ്‌കൊയ്ത്തില്‍ മുന്നിലെത്തി. മൂന്നു തവണ അഞ്ച് വിക്കറ്റ് പ്രകടനം കാഴ്ചവെച്ചു. കരിയര്‍ ബെസ്റ്റായ 57 റണ്‍സിന് ഏഴ് വിക്കറ്റുള്‍പ്പെടെ ഏഴ് കളികളില്‍ 24 വിക്കറ്റ് സ്വന്തമാക്കി. 
ശ്രീശങ്കര്‍ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസിലും ഏഷ്യന്‍ അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും വെള്ളിയും പാരിസ് ഡയമണ്ട് ലീഗില്‍ വെങ്കലവും കരസ്ഥമാക്കിയിരുന്നു. 
ഹോക്കി ഗോള്‍കീപ്പര്‍ കൃഷന്‍ ബഹദൂര്‍ പഥക്, സുശീല ചാനു, ആര്‍ച്ചര്‍ ഓജസ് പ്രവീണ്‍ ദിയോതാലെ, അതിഥി ഗോപിചന്ദ്, ബോക്‌സര്‍ മുഹമ്മദ് ഹുസാമുദ്ദീന്‍, ചെസ് കളിക്കാരി ആര്‍. വൈശാലി, ഗോള്‍ഫര്‍ ദിക്ഷ ദാഗര്‍, ഷൂട്ടര്‍മാരായ ഐശ്വര്യപ്രതാപ് സിംഗ് തോമര്‍, ഈശ സിംഗ്, ഗുസ്തിക്കാരായ അന്റിം പംഗല്‍, സുനില്‍കുമാര്‍, ടേബിള്‍ ടെന്നിസ് കളിക്കാരായ അയ്ഹിക മുഖര്‍ജി, പാരാ ആര്‍ച്ചര്‍ ശീതള്‍ ദേവി, അത്‌ലറ്റ് പരുള്‍ ചൗധരി, അശ്വാഭ്യാസ താരങ്ങളായ അനുഷ് അഗര്‍വാല, ദിവ്യാകൃതി സിംഗ്, പവന്‍കുമാര്‍, റിതു നേഗി (കബഡി), നസ്‌റീന്‍ (ഖോഖൊ), പിങ്കി (ലോണ്‍ബോള്‍സ്), ഹരീന്ദര്‍പാല്‍ സിംഗ് സന്ധു (സ്‌ക്വാഷ്), നവോറെം റോഷിബീന ദേവി (വുഷു), ഇലൂരി അജയ്കുമാര്‍ റെഡ്ഢി (ബ്ലൈന്റ് ക്രിക്കറ്റ്), പ്രാചി യാദവ് (പാരാ കനൂയിംഗ്) എന്നിവര്‍ അര്‍ജുന പട്ടികയിലുണ്ട. 
ലളിത്കുമാര്‍ (ഗു്‌സ്തി), ആര്‍.ബി. രമേശ് (ചെസ്), മഹാവീര്‍ പ്രസാദ് സയ്‌നി (പാരാ അത്‌ലറ്റിക്‌സ്), ശിവേന്ദ്ര സിംഗ് (ഹോക്കി), ഗണേഷ് പ്രഭാകര്‍ ദേ്‌റുഖര്‍ (മല്ലക്കമ്പ്) എന്നിവരാണ് കോച്ചുമാര്‍ക്കുള്ള ദ്രോണാചാര്യ നേടിയത്.
 

Latest News