മലയാളി താരം എം. ശ്രീശങ്കറിന് അര്‍ജുന അവാര്‍ഡ്

ന്യൂദല്‍ഹി- 2023 ലെ ദേശീയ കായിക പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. മലയാളി ലോങ്ജമ്പ് താരം മുരളി ശ്രീശങ്കര്‍ അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. ഈ വര്‍ഷത്തെ അര്‍ജുന അവാര്‍ഡ് പട്ടികയിലെ ഏക മലയാളി താരം കൂടിയാണ് ശ്രീശങ്കര്‍. ദേശീയ യുവജന കായിക മന്ത്രാലയമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ജനുവരി ഒന്‍പതിന് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന പ്രത്യേക ചടങ്ങില്‍ പുരസ്‌കാരങ്ങള്‍ വിതരണം ചെയ്യും.

ശ്രീശങ്കറിനൊപ്പം ലോകകപ്പില്‍ തകര്‍ത്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയും അര്‍ജുന അവാര്‍ഡിന് അര്‍ഹനായി. ഇവരെക്കൂടാതെ മറ്റു 24 പേര്‍ക്കും അര്‍ജുന പുരസ്‌കാരമുണ്ട്.

ബാഡ്മിന്റണിലെ സംഭാവനകള്‍ക്ക് സാത്വിക് സായിരാജ് റാങ്കിറെഡ്ഡി- ചിരാഗ് ഷെട്ടി സഖ്യത്തിനാണ് രാജ്യത്തെ പരമോന്നത കായിക ബഹുമതിയായ മേജര്‍ ധ്യാന്‍ചന്ദ് ഖേല്‍രത്‌ന പുരസ്‌കാരം പ്രഖ്യാപിച്ചത്. ദ്രോണാചാര്യ പുരസ്‌കാരത്തിന് കബഡി കോച്ചും മലയാളിയുമായ ഇ. ഭാസ്‌കരനാണ് അര്‍ഹനായത്.

Latest News