ജിദ്ദ - ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ്‌സിനെ ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോള്‍ സെമിഫൈനലില്‍ അനായാസം മറികടന്നതോടെ മാഞ്ചസ്റ്റര്‍ സിറ്റി 2023ല്‍ അഞ്ചാം കിരീടത്തിനരികെ. ആദ്യ ഗോളിനായി എതിരാളികളുടെ സഹായവും ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമും വരെ കാത്തിരിക്കേണ്ടി വന്നെങ്കിലും യൂറോപ്യന്‍ ചാമ്പ്യന്മാര്‍ 3-0 ന് ജയിച്ചു. വെള്ളിയാഴ്ച ഫൈനലില്‍ അവര്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ഫഌമിനന്‍സുമായി ഏറ്റുമുട്ടും. ഈ വര്‍ഷം ചാമ്പ്യന്‍സ് ലീഗ്, പ്രീമിയര്‍ ലീഗ്, എഫ്.എ കപ്പ്, യൂറോപ്യന്‍ സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് സിറ്റി ഇതുവരെ നേടിയത്. ക്ലബ്ബ് ലോകകപ്പിന്റെ 13 എഡിഷനുകളില്‍ ഒമ്പതാം തവണയാണ് യൂറോപ്പും ലാറ്റിനമേരിക്കയും ഫൈനലില്‍ ഏറ്റുമുട്ടുക. 2005 ല്‍ തുടങ്ങിയ ഈ ടൂര്‍ണമെന്റിന്റെ ഇപ്പോഴത്തെ രീതിയിലുള്ള അവസാനത്തെ കളി കൂടിയായിരിക്കും അത്. 2025 ല്‍ 32 ടീമുകളുമായി പുതിയ രൂപത്തിലായിരിക്കും ലോകകപ്പ്.
പ്രീമിയര്‍ ലീഗില്‍ അവസാന ആറു കളികളില്‍ അസാധാരണമായി പരുങ്ങിയ സിറ്റിക്ക് ഉറാവയെ മറികടക്കാന്‍ പ്രയാസമുണ്ടായില്ല. ക്ലബ്ബ് ലോകകപ്പില്‍ ഏഷ്യന്‍ ചാമ്പ്യന്മാര്‍ക്കെതിരെ യൂറോപ്യന്‍ ചാമ്പ്യന്മാര്‍ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് സിറ്റിയും നിലനിര്‍ത്തി. ഡിഫന്റര്‍ മാരിയൂസ് ഹൊയ്ബ്രാറ്റന്‍ സമ്മാനിച്ചതായിരുന്നു ആദ്യ ഗോള്‍. മിഡ്ഫീല്‍ഡര്‍മാര്‍ക്കാര്‍ക്കും തൊടാന്‍ സാധിക്കാത്ത മാത്യുസ് നൂനസിന്റെ ക്രോസ് ഡിഫന്റര്‍ സ്വന്തം വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഏഴ് മിനിറ്റിനിടെ മാറ്റിയൊ കൊവാസിച്ചും ബെര്‍ണാഡൊ സില്‍വയും ഉറാവയുടെ വല കുലുക്കി. 52ാം മിനിറ്റില്‍ കയ്ല്‍ വാക്കറുടെ ലോംഗ്പാസ് പിടിച്ച് മനോഹരമായി സ്‌പെയ്‌സ് കണ്ടെത്തിയ ശേഷം കൊവാസിച് ഗോളിലേക്ക് ഷോട്ട് തൊടുക്കുകയായിരുന്നു. പിന്നാലെ നൂനസിന്റെ ഷോട്ട് ഉറാവ ഗോളി ഷുസാകു നിഷികാവ തട്ടിത്തെറിപ്പിച്ചത് സില്‍വ വലയിലേക്കു പറത്തി.
പരിക്കേറ്റ എര്‍ലിംഗ് ഹാളന്റിനും കെവിന്‍ ഡിബ്രൂയ്‌നെക്കും പുറമെ യൂലിയന്‍ അല്‍വരേസിനെയും സിറ്റി റിസര്‍വ് ബെഞ്ചിലിരുത്തി. പരിക്ക് കാരണം നാല് മാസമായി വിശ്രമത്തിലായിരുന്ന ഡിബ്രൂയ്‌നെ വാംഅപ്പിന് ഇറങ്ങിയിരുന്നു. നാല്‍പതിനായിരത്തിലേറെ പേര്‍ കളി കണ്ട ഗാലറിയെ ആഘോഷമാക്കി നിര്‍ത്തിയത് നാനൂറോളം വരുന്ന ഉറാവ ആരാധകരായിരുന്നു.
പ്രീമിയര്‍ ലീഗിലെ നാലാം സ്ഥാനക്കാരും ജപ്പാന്‍ ലീഗിലെ നാലാം സ്ഥാനക്കാരും തമ്മിലുള്ള പോരാട്ടം ഇരു വന്‍കരകളിലെയും നിലവാരത്തിന്റെ അന്തരം വ്യക്തമാക്കി. സിറ്റിയുടെ പ്രഹരശേഷിക്കും സ്‌പെയ്‌സുകള്‍ കണ്ടെത്താനുള്ള കഴിവിനും മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ലെന്ന് ഉറാവ കോച്ച് മാസിയെ സ്‌കോര്‍സ പറഞ്ഞു.






