ദുബായ് - പതിനേഴാമത് ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി ലേലം ദുബായില്‍ ആരംഭിച്ചു. വെസ്റ്റിന്‍ഡീസിന്റെ ട്വന്റി20 ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് ആദ്യം ലേലത്തിന് പോയത്. പവലിനായി കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും രാജസ്ഥാന്‍ റോയല്‍സും മത്സരിച്ചു. ഒടുവില്‍ 7.4 കോടി രൂപക്ക് രാജസ്ഥാന്‍ പവലിനെ സ്വന്തമാക്കി. കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ സഹോദര ടീം ബാര്‍ബഡോസ് റോയല്‍സിന്റെ നായകനാണ് പവല്‍.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് തങ്ങളുടെ റെക്കോര്‍ഡ് തുകയായ 13.25 കോടി രൂപക്ക് 2023 ല്‍ സ്വന്തമാക്കിയ ഇംഗ്ലണ്ട് ബാറ്റര്‍ ഹാരി ബ്രൂക്കിന് ഇത്തവണ വില കുത്തനെ ഇടിഞ്ഞു. ബ്രൂക്കിനെ നാല് കോടി രൂപക്ക് ദല്‍ഹി കാപിറ്റല്‍സ് സ്വന്തമാക്കി.
ആദ്യമായാണ് വിദേശത്ത് ഐ.പി.എല്‍ ലേലം നടക്കുന്നത്. ടൂര്‍ണമെന്റ് ഇന്ത്യയിലാണ് നടക്കുക. മാര്‍ച്ച് 22 ന് തുടങ്ങി മെയ് അവസാനം വരെ നീളാന്‍ സാധ്യതയുണ്ട്. പൊതു തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചാല്‍ ഈ തിയ്യതികളില്‍ മാറ്റം വരാന്‍ സാധ്യതയുണ്ട്.
എന്താണ് മിനി ലേലം
ടീമിന്റെ കാമ്പിനെ നിലനിര്‍ത്തുകയും ഒഴിവാക്കിയ ഏതാനും കളിക്കാര്‍ക്ക് പകരക്കാരെ കണ്ടെത്തുകയും ചെയ്യുന്നതാണ് മിനി ലേലം. ടീമുകള്‍ അടിമുടി മാറുന്ന പ്രധാന ലേലം അടുത്ത വര്‍ഷമാണ്.
എത്ര ഒഴിവുകള്‍
10 ഫ്രാഞ്ചൈസികളിലായി 30 വിദേശ കളിക്കാരുടേതുള്‍പ്പെടെ 77 കളിക്കാരുടെ ഒഴിവുകളുണ്ട്. ഇതിനായി 1166 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍നിന്ന് ടീമുകള്‍ക്ക് താല്‍പര്യമില്ലാത്ത കളിക്കാരെ ഒഴിവാക്കി 333 പേരുടെ അന്തിമ പട്ടികയനുസരിച്ചാണ് ലേലം. 214 ഇന്ത്യന്‍ കളിക്കാരും 119 വിദേശ കളിക്കാരും. ആകെ 116 പേര്‍ ദേശീയ ടീമുകളില്‍ കളിച്ചവരാണ് (കാപ്പ്ഡ്). 215 കളിക്കാര്‍ ദേശീയ ടീമുകളില്‍ കളിച്ചിട്ടില്ലാത്തവരാണ് (അണ്‍കാപ്പ്ഡ്). രണ്ട് കളിക്കാര്‍ ടെസ്റ്റ് പദവിയില്ലാത്ത ടീമുകളില്‍ നിന്നാണ്.
എത്ര തുക ചെലവാക്കാം
ഗുജറാത്ത് ടൈറ്റന്‍സിന്റെ കൈയിലാണ് ഏറ്റവുമധികം തുകയുള്ളത് (38.15 കോടി രൂപ). രണ്ട് വിദേശ താരങ്ങളുടേതുള്‍പ്പെടെ എട്ട് കളിക്കാരുടെ ഒഴിവുണ്ട് അവര്‍ക്ക്. കുറഞ്ഞ തുക ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനാണ് (13.15 കോടി). മൊത്തം 262.95 കോടി രൂപ 10 ഫ്രാഞ്ചൈസികള്‍ക്ക് ചെലവഴിക്കാം.
ലേലപ്രക്രിയ എങ്ങനെ
333 കളിക്കാരെ 19 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബാറ്റര്‍, പെയ്‌സ്ബൗളര്‍, സ്പിന്നര്‍, വിക്കറ്റ്കീപ്പര്‍, ഓള്‍റൗണ്ടര്‍, കാപ്പ്ഡ്, അണ്‍കാപ്പ്ഡ് എന്നിങ്ങനെ. ഏറ്റവും കൂടിയ അടിസ്ഥാന തുക രണ്ട് കോടി രൂപയാണ്, ഈ വിഭാഗത്തില്‍ 23 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് -മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ്, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍. ഈ തുകയിലാണ് ഇവരുടെ ലേലം തുടങ്ങുക. കുറഞ്ഞ അടിസ്ഥാന തുക 20 ലക്ഷം രൂപയാണ്.






