ന്യൂദല്‍ഹി - ഐ.എസ്.എല്ലിന്റെ ചരിത്രത്തില്‍ വിജയത്തിനായുള്ള ഏറ്റവും ദീര്‍ഘമായ കാത്തിരിപ്പ് സഫലമായി. ഈ സീസണിലെ പതിനൊന്നാം റൗണ്ടില്‍ പഞ്ചാബ് എഫ്.സി ആദ്യ ജയം നേടി. ഹോം മത്സരത്തില്‍ അവര്‍ 1-0 ന് ചെന്നൈയന്‍ എഫ്.സിയെയാണ് കീഴടക്കിയത്. കഴിഞ്ഞ സീസണില്‍ ഐ-ലീഗില്‍ ചാമ്പ്യന്മാരായി ഐ.എസ്.എല്ലിലേക്ക് സ്ഥാനക്കയറ്റം നേടുന്ന ആദ്യ ടീമായി മാറിയ പഞ്ചാബിന് ആദ്യ പത്തു കളികളിലും ജയിക്കാനായിരുന്നില്ല. അഞ്ച് തോല്‍വിയും അഞ്ച് സമനിലകളുമായിരുന്നു അവരുടെ റെക്കോര്‍ഡ്.
ചെന്നൈയനെതിരെ അമ്പത്താറാം മിനിറ്റില്‍ മദീഹ് തലാലാണ് ഗോളടിച്ചത്. മുമ്പ് പലതവണ പഞ്ചാബ് ജയത്തിനടുത്തെത്തിയിരുന്നു. മുംബൈ സിറ്റി എഫ്.സിക്കെതിരെയും ബംഗളൂരു എഫ്.സിക്കെതിരെയും. ബംഗളൂരുവിനെതിരെ 3-3 സമനിലയായിരുന്നു. ഈ ടീമുകള്‍ തമ്മിലുള്ള എവേ മത്സരത്തില്‍ ചെന്നൈയനാണ് ജയിച്ചത്.






