ക്ലബ്ബ് ലോകകപ്പ് സെമി
ഉറാവ റെഡ്‌സ്X മാഞ്ചസ്റ്റര്‍ സിറ്റി
ജിദ്ദ, നാളെ രാത്രി 9.00
ജിദ്ദ - കിംഗ് അബ്ദുല്ല സ്‌പോര്‍ട്‌സ് സിറ്റി സ്‌റ്റേഡിയത്തില്‍ നടക്കുന്ന ക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിന്റെ രണ്ടാം സെമിഫൈനലില്‍ യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി നാളെ ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ് ഡയമണ്ട്‌സുമായി ഏറ്റുമുട്ടും. സിറ്റിക്ക് ക്ലബ്ബ് ലോകകപ്പില്‍ അരങ്ങേറ്റമാണ്. ക്ലബ്ബ് ലോകകപ്പില്‍ 2012 മുതലുള്ള യൂറോപ്യന്‍ കുത്തക നിലനിര്‍ത്താനുള്ള ചുമതല സിറ്റിക്കുണ്ട്. എന്നാല്‍ ഫോമിലല്ല അവര്‍ ജിദ്ദയിലെത്തിയത്. ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ രണ്ട് ഗോള്‍ ലീഡ് തുലച്ച് ക്രിസ്റ്റല്‍പാലസുമായി സമനില വഴങ്ങിയതിന്റെ ക്ഷീണവുമായാണ് അവര്‍ ലോകകപ്പിന് വിമാനം കയറിയത്.
അവസാന ആറ് പ്രീമിയര്‍ ലീഗ് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമേ സിറ്റിക്ക് ജയിക്കാനായുള്ളൂ. മോശം ഫിനിഷിംഗും പ്രതിരോധപ്പിഴവും അവരെ അലട്ടുകയാണ്. എര്‍ലിംഗ് ഹാളന്റിന്റെയും കെവിന്‍ ഡിബ്രൂയ്‌നെയുടെയും പരിക്ക് ടീമിനെ തളര്‍ത്തിയിരിക്കുകയാണ്.
കോണ്‍കകാഫ് ചാമ്പ്യന്മാരായ ലിയോണിനെ തോല്‍പിച്ചാണ് ഉറാവ സെമിഫൈനല്‍ ബെര്‍ത്തുറപ്പിച്ചത്. സിറ്റിക്ക് സെമിയിലേക്ക് ബൈ ലഭിക്കുകയായിരുന്നു. സാധ്യമായ മറ്റെല്ലാ ട്രോഫികളും നേടിയ സിറ്റിക്ക് ഇതുവരെ ക്ലബ്ബ് ലോകകപ്പില്‍ കൈ വെക്കാനായിട്ടില്ല. ചാമ്പ്യന്‍സ് ലീഗും പ്രീമിയര്‍ ലീഗും എഫ്.എ കപ്പും നേടിയ അവര്‍ ഈ വര്‍ഷത്തെ നാലാമത്തെ കീരീടമാണ് ലക്ഷ്യമിടുന്നത്. സിറ്റി കോച്ച് പെപ് ഗാഡിയോള ബാഴ്‌സലോണക്കൊപ്പവും ബയേണ്‍ മ്യൂണിക്കിനൊപ്പവും കിരീടം നേടിയിരുന്നു.
കരുത്തുറ്റ പ്രതിരോധമാണ് ഉറാവയുടെ ശക്തി. അവരുടെ ആക്രമണനിര അത്ര ഭയപ്പെടുത്തുന്നതല്ല. മുപ്പത്തേഴുകാരന്‍ ഗോള്‍കീപ്പര്‍ ഷുസാകു നിഷികാവയുടെ കരിയറിലെ മികച്ച സീസണാണ് ഇത്.






