ഐ.പി.എല്‍ ലേലം നാളെ, ആര്, എവിടെ, എങ്ങനെ?

ദുബായ് - പുതിയ ഐ.പി.എല്‍ സീസണിന് മുന്നോടിയായുള്ള മിനി ലേലം നാളെ ദുബായില്‍ അരങ്ങേറും. ഇന്ത്യന്‍ സമയം ഉച്ചക്ക് ഒരു മണിക്ക് ലേലം ആരംഭിക്കും. ആദ്യമായാണ് വിദേശത്ത് ഐ.പി.എല്‍ ലേലം നടക്കുന്നത്. നിരവധി കളിക്കാര്‍ ഒരു ദിനം കൊണ്ട് കോടീശ്വരന്മാരായി മാറുന്ന ലേലത്തിന്റെ വിശദാംശങ്ങള്‍. 

എന്താണ് മിനി ലേലം
ടീമിന്റെ കാമ്പിനെ നിലനിര്‍ത്തുകയും ഒഴിവാക്കിയ ഏതാനും കളിക്കാര്‍ക്ക് പകരക്കാരെ കണ്ടെത്തുകയും ചെയ്യുന്നതാണ് മിനി ലേലം. ടീമുകള്‍ അടിമുടി മാറുന്ന പ്രധാന ലേലം അടുത്ത വര്‍ഷമാണ്. 

എത്ര ഒഴിവുകള്‍
10 ഫ്രാഞ്ചൈസികളിലായി 30 വിദേശ കളിക്കാരുടേതുള്‍പ്പെടെ 77 കളിക്കാരുടെ ഒഴിവുകളുണ്ട്. ഇതിനായി 1166 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തു. അതില്‍നിന്ന് ടീമുകള്‍ക്ക് താല്‍പര്യമില്ലാത്ത കളിക്കാരെ ഒഴിവാക്കി 333 പേരുടെ അന്തിമ പട്ടികയനുസരിച്ചാണ് ലേലം. 214 ഇന്ത്യന്‍ കളിക്കാരും 119 വിദേശ കളിക്കാരും. ആകെ 116 പേര്‍ ദേശീയ ടീമുകളില്‍ കളിച്ചവരാണ് (കാപ്പ്ഡ്). 215 കളിക്കാര്‍ ദേശീയ ടീമുകളില്‍ കളിച്ചിട്ടില്ലാത്തവരാണ് (അണ്‍കാപ്പ്ഡ്). രണ്ട് കളിക്കാര്‍ ടെസ്റ്റ് പദവിയില്ലാത്ത ടീമുകളില്‍ നിന്നാണ്. 

എത്ര തുക ചെലവാക്കാം
ഗുജറാത്ത് ടൈറ്റന്‍സിന്റെ കൈയിലാണ് ഏറ്റവുമധികം തുകയുള്ളത് (38.15 കോടി രൂപ). രണ്ട് വിദേശ താരങ്ങളുടേതുള്‍പ്പെടെ എട്ട് കളിക്കാരുടെ ഒഴിവുണ്ട് അവര്‍ക്ക്. കുറഞ്ഞ തുക ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സിനാണ് (13.15 കോടി). മൊത്തം 262.95 കോടി രൂപ 10 ഫ്രാഞ്ചൈസികള്‍ക്ക് ചെലവഴിക്കാം. 

ലേലപ്രക്രിയ എങ്ങനെ
333 കളിക്കാരെ 19 വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ബാറ്റര്‍, പെയ്‌സ്ബൗളര്‍, സ്പിന്നര്‍, വിക്കറ്റ്കീപ്പര്‍, ഓള്‍റൗണ്ടര്‍, കാപ്പ്ഡ്, അണ്‍കാപ്പ്ഡ് എന്നിങ്ങനെ. ഏറ്റവും കൂടിയ അടിസ്ഥാന തുക രണ്ട് കോടി രൂപയാണ്, ഈ വിഭാഗത്തില്‍ 23 കളിക്കാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് -മിച്ചല്‍ സ്റ്റാര്‍ക്ക്, ട്രാവിസ് ഹെഡ്, ഉമേഷ് യാദവ്, ശാര്‍ദുല്‍ താക്കൂര്‍. ഈ തുകയിലാണ് ഇവരുടെ ലേലം തുടങ്ങുക. കുറഞ്ഞ അടിസ്ഥാന തുക 20 ലക്ഷം രൂപയാണ്. 

വിട്ടുനില്‍ക്കുന്ന കളിക്കാര്‍
ബെന്‍ സ്റ്റോക്‌സ്, ജോ റൂട്ട്, ജോഫ്ര ആര്‍ച്ചര്‍, കേദാര്‍ യാദവ്, ലിറ്റന്‍ ദാസ്, ശാഖിബുല്‍ ഹസന്‍ എന്നിവരുടെ പേര് ലേലത്തിനില്ല

20 കോടി കടക്കുമോ
പഞ്ചാബ് കിംഗ്‌സ് ഇംഗ്ലണ്ട് ഓള്‍റൗണ്ടര്‍ സാം കറണിനായി പതിനെട്ടരക്കോടി വിളിച്ചതാണ് ഇതുവരെ റെക്കോര്‍ഡ്. ഇത്തവണ 20 കോടി കടക്കാന്‍ സാധ്യതയുണ്ട്. എട്ടു വര്‍ഷത്തിനു ശേഷം ഐ.പി.എല്ലില്‍ കളിക്കാനൊരുങ്ങുന്ന ഓസ്‌ട്രേലിയന്‍ പെയ്‌സ്ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക്, ന്യൂസിലാന്റ് ഓപണര്‍ രചിന്‍ രവീന്ദ്ര, പാറ്റ് കമിന്‍സ്, ജെറാള്‍ഡ് കീറ്റ്‌സി എന്നിവര്‍ക്കായി പൊരിഞ്ഞ ലേലം നടന്നേക്കാം. അര്‍ഷിന്‍ കുല്‍ക്കര്‍ണി (മഹാരാഷ്ട്ര ഓള്‍റൗണ്ടര്‍), ശുഭം ദൂബെ (വിദര്‍ഭയുടെ ഇടങ്കൈയന്‍ ബാറ്റര്‍), മുഷീര്‍ ഖാന്‍ (മുംബൈയുടെ ഇടങ്കൈയന്‍ സ്പിന്നര്‍), സമീര്‍ രിസ്‌വി (യു.പി ബാറ്റര്‍), കുമാര്‍ കുശാഗ്ര (ഝാര്‍ഖണ്ഡ് വിക്കറ്റ്കീപ്പര്‍) എന്നീ യുവതാരങ്ങളും കോടികള്‍ നേടിയേക്കാം. 

Latest News