കളിക്കിടെ ക്യാപ്റ്റന് ഹൃദയാഘാതം,  പ്രീമിയര്‍ ലീഗ് മത്സരം നിര്‍ത്തി 

ബോണ്‍മൗത്ത് - ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ബോണ്‍മൗത്തിനെതിരായ മത്സരത്തിനിടെ ലൂടന്റെ നായകന്‍ ടോം ലോക്കിയര്‍ക്ക് ഹൃദയാഘാതം. 65ാം മിനിറ്റില്‍ കളി 1-1 സമനിലയില്‍ നില്‍ക്കുമ്പോഴാണ് സംഭവം. മറ്റു കളിക്കാരാരും അടുത്തില്ലാത്ത സന്ദര്‍ഭത്തില്‍ ഇരുപത്തൊമ്പതുകാരന്‍ കുഴഞ്ഞുവീണു. കോച്ച് റോബ് എഡ്വേഡ്‌സും കളിക്കാരും ഒച്ചവെച്ചതോടെ ഉടന്‍ മെഡിക്കല്‍ സംഘം ഓടിയെത്തി. വെയ്ല്‍സ് ഇന്റര്‍നാഷനല്‍ താരത്തെ സ്‌ട്രെച്ചറില്‍ പുറത്തേക്കു കൊണ്ടുപോയി. മറ്റു കളിക്കാരും ഗ്രൗണ്ട് വിട്ടു. കളി ഉപേക്ഷിച്ചതായി പിന്നീട് പ്രഖ്യാപിച്ചു. ഇരു ടീമിലെയും കളിക്കാര്‍ ഗ്രൗണ്ടിലിറങ്ങി കാണികള്‍ക്ക് നന്ദി പറഞ്ഞു. 
പുറത്തേക്കു കൊണ്ടുപോവുമ്പോള്‍ ലോക്കിയറിന് ബോധമുണ്ടായിരുന്നതായി മറ്റു കളിക്കാര്‍ പറഞ്ഞു. ഗുരുതരാവസ്ഥയിലല്ലെന്ന് പിന്നീട് ക്ലബ്ബും അറിയിച്ചു. 
മെയ് 27 ന് കവന്‍ട്രി സിറ്റിക്കെതിരായ പ്രമോഷന്‍ പ്ലേഓഫ് മത്സരത്തിലും ലൂടന്‍ സെന്റര്‍ബാക്കായ ലോക്കിയര്‍ കുഴഞ്ഞുവീണിരുന്നു. അഞ്ചു ദിവസം ആശുപത്രിയില്‍ കഴിയുകയും ശസ്ത്രക്രിയക്ക് വിധേയനാവുകയും ചെയ്തു. കായികക്ഷമത നേടിയാണ് തിരിച്ചുവന്നത്. 
മൂന്നാം മിനിറ്റില്‍ എലിജ അദബായോയിലൂടെ ലൂടന്‍ ലീഡ് നേടിയിരുന്നു. അമ്പത്തെട്ടാം മിനിറ്റില്‍ ഡൊമിനിക് സോളാങ്കെയിലൂടെ ബോണ്‍മൗത്ത് തിരിച്ചടിച്ചു.
 

Latest News