മാഞ്ചസ്റ്റര്‍ - അനായാസം ജയിക്കുകയായിരുന്ന പ്രീമിയര്‍ ലീഗ് മത്സരത്തില്‍ രണ്ട് ഗോള്‍ ലീഡ് കൈവിട്ട് സമനില വഴങ്ങിക്ലബ്ബ് ലോകകപ്പ് ഫുട്‌ബോളിനായി മാഞ്ചസ്റ്റര്‍ സിറ്റി ജിദ്ദയിലേക്ക്. ഇഞ്ചുറി ടൈമില്‍ കിട്ടിയ പെനാല്‍ട്ടി സണ്‍ഡേ ഒലിസെയാണ് ഗോളാക്കിയതോടെ പാലസ് 2-2 സമനില നേടി. എഴുപത്താറാം മിനിറ്റില്‍ ജീന്‍ ഫിലിപ് മറ്റേറ്റ അപ്രതീക്ഷിതമായി നേടിയ ഗോളിലൂടെയാണ് ക്രിസ്റ്റല്‍പാലസ് തിരിച്ചുവരവ് ആരംഭിച്ചത്.
11 കളിക്കാരും ഇറങ്ങിനിന്ന് പ്രതിരോധചിച്ചതോടെ ക്രിസ്റ്റല്‍പാലസ് ഗോളിലേക്ക് വഴി കണ്ടെത്താന്‍ സിറ്റി പ്രയാസപ്പെട്ടു. പ്രത്യേകിച്ചും എര്‍ലിംഗ് ഹാളന്റിന്റെ അഭാവത്തില്‍. എന്നാല്‍ വളഞ്ഞുനിന്ന പ്രതിരോധനിരക്കിടയിലൂടെ ഫില്‍ ഫോദന്‍ ഒരുക്കിയ അവസരത്തില്‍ ജാക്ക് ഗ്രീലിഷ് 24ാം മിനിറ്റില്‍ സിറ്റിക്ക് ലീഡ് നല്‍കി. റോഡ്രിയുടെ ഫ്രീകിക്ക് ഗോള്‍ ഓഫ്‌സൈഡിന്റെ പേരില്‍ നിഷേധിക്കപ്പെട്ടതിനു പിന്നാലെ അമ്പത്തിനാലാം മിനിറ്റില്‍ റിക്കൊ ലൂയിസ് സിറ്റിയുടെ രണ്ടാം ഗോള്‍ നേടി. എളുപ്പം ജയം പൂര്‍ത്തിയാക്കുമെന്ന് കരുതിയപ്പോഴാണ് രണ്ട് ഗോളിലൂടെ ക്രിസ്റ്റല്‍ പാലസ് ഇത്തിഹാദ് സ്റ്റേഡിയത്തെ നിശ്ശബ്ദമാക്കിയത്. 17 കളികളില്‍ 34 പോയന്റുമായി നിലവിലെ ചാമ്പ്യന്മാര്‍ നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് ലീഡ് ആറ് പോയന്റായി ഉയര്‍ത്താന്‍ ലിവര്‍പൂളിന് അവസരമുണ്ട്.
തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കും ചാമ്പ്യന്‍സ് ലീഗിലെ പരാജയത്തിനും ശേഷം ന്യൂകാസില്‍ വിജയവഴിയില്‍ തിരിച്ചെത്തി. ഫുള്‍ഹമിനെ അവര്‍ 3-0 ന് തോല്‍പിച്ചു. 22ാം മിനിറ്റ് മുതല്‍ പത്തു പേരുമായാണ് ഫുള്‍ഹം പൊരുതിയത്. ചെല്‍സിയും തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്കു ശേഷം 2-0 ന് ഷെഫീല്‍ഡ് യുനൈറ്റഡിനെ തോല്‍പിച്ചു.






