ഐസ്വാളിലും ജയമില്ല, ഗോകുലം സമനില വഴങ്ങി

ഐസ്വാള്‍ എഫ്‌സി 1 (ലാല്‍ബിയാക്ഡിക, 31)
ഗോകുലം കേരള എഫ്‌സി 1 (അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസ് 45+4)


ഐസ്വാള്‍- ഐ-ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളയുടെ വിജയത്തിനായുള്ള കാത്തിരിപ്പ് തുടരുന്നു. ഐസ്വാളിലെ രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ നടന്ന മുന്‍ ചാമ്പ്യന്മാര്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ ഐസ്വാള്‍ എഫ്.സിയും ഗോകുലം കേരളയും 1-1 സമനിലയില്‍ പിരിഞ്ഞു. ആറു മത്സരങ്ങള്‍ മുമ്പാണ് ഗോകുലം അവസാനം ജയിച്ചത്. 10 കളികളില്‍ 14 പോയന്റുമായി ഗോകുലവും ഇന്റര്‍ കാശിയും ആറാം സ്ഥാനം പങ്കിടുകയാണ്. ഒമ്പത് മത്സരം കളിച്ച മുഹമ്മദന്‍ സ്‌പോര്‍ടിംഗ് ഒന്നാം സ്ഥാനത്ത് ഒമ്പത് പോയന്റ് മുന്നിലാണ്. ഐസ്വാള്‍ (18 പോയന്റ്) നാലാം സ്ഥാനത്തുണ്ട്. 
ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ ക്യാപ്റ്റന്‍ അലജാന്‍ഡ്രോ സാഞ്ചസ് ലോപ്പസാണ് ഗോകുലത്തിന്റെ സമനില ഗോള്‍ നേടിയത്. 31ാം മിനിറ്റില്‍ ലാല്‍ബിയാക്ഡിക വാന്‍ലാല്‍വൂംഗ ഐസ്വാളിനെ മുന്നിലെത്തിച്ചിരുന്നു. 10 ഗോളുകളുമായി ടൂര്‍ണമെന്റിലെ ഗോള്‍സ്‌കോറര്‍മാരില്‍ ഒന്നാം സ്ഥാനത്താണ് ലോപ്പസ്.
മത്സരത്തില്‍ ഇരു ടീമുകള്‍ക്കും മേല്‍ക്കൈ നേടാനായില്ല. 10 മത്സരങ്ങളില്‍ നിന്ന് അഞ്ച് ജയവും മൂന്ന് സമനിലയും രണ്ട് തോല്‍വിയും ഉള്‍പ്പെടെ 18 പോയിന്റുമായി ഐലീഗ് പട്ടികയില്‍ നാലാം സ്ഥാനത്താണ് ഐസ്വാള്‍. 10 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുമായി മലബാറിയന്‍സ്  ആറാം സ്ഥാനത്താണ്. മൂന്ന് കളികള്‍ ജയിക്കുകയും അഞ്ച് സമനിലയും രണ്ട് തോല്‍വിയുമാണ് അവര്‍ നേടിയത്.
ഗോകുലം അടുത്ത മത്സരത്തില്‍ 19ന് ഡെക്കാന്‍ അരീനയില്‍  ശ്രീനിധി ഡെക്കാനെ നേരിടും
 

Latest News