സെയ്ന്റ് ജോര്‍ജസ് - വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് രണ്ടാം തോല്‍വി. ഓപണര്‍ ബ്രാന്‍ഡന്‍ കിംഗും (52 പന്തില്‍ 82 നോട്ടൗട്ട്) പെയ്സ്ബൗളര്‍ അല്‍സാരി ജോസഫ്-സ്പിന്നര്‍ അഖീല്‍ ഹുസൈന് കൂട്ടുകെട്ടും വിന്‍ഡീസിന് 10 റണ്‍സ് വിജയം സമ്മാനിച്ചു.
നാലിന് 54 ലേക്ക് തകര്‍ന്ന വിന്‍ഡീസിനെ കിംഗും ക്യാപ്റ്റന്‍ റോവ്മാന്‍ പവലുമാണ് (28 പന്തില്‍ 50) ഏഴ് വിക്കറ്റിന് 176 റണ്‍സിലെത്തിച്ചത്. ആദില്‍ റഷീദ് നാലോവറില്‍ 11 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.
അല്‍സാരി ജോസഫ് മൂന്നും (4-0-39-3) അഖീല്‍ ഹുസൈന് രണ്ടും (4-0-24-2) വിക്കറ്റെടുത്തതോടെ എതിരാളികളെ വിന്‍ഡീസ് ഏഴിന് 166ല്‍ ഒതുക്കി. സ്പിന്നര്‍ ഗുഡകേഷ് മോതി നാലോവറില്‍ ഒമ്പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ലിയാം ലിവിംഗ്സ്റ്റണിനെ (9 പന്തില്‍ 17) പുറത്താക്കി. സാം കറണാണ് (32 പന്തില്‍ 50) ഇംഗ്ലണ്ടിന്റെ ടോപ്സ്കോറര്‍. അവസാന ഓവറില്‍ ഇംഗ്ലണ്ടിന് ജയിക്കാന്‍ 28 റണ്‍സ് വേണമായിരുന്നു. ആന്ദ്രെ റസ്സലിന്റെ ഓവറില്‍ അവര്‍ 17 റണ്‍സടിച്ചു.






