അരങ്ങേറ്റത്തില്‍  ആമിറിന്റെ ആറാട്ട്    

പെര്‍ത്ത് - അരങ്ങേറ്റ ക്രിക്കറ്റ് ടെസ്റ്റില്‍ ആറു വിക്കറ്റെടുത്ത് പാക്കിസ്ഥാന്‍ പെയ്‌സ്ബൗളര്‍ ആമിര്‍ ജമാല്‍. 111 റണ്‍സ് വഴങ്ങിയാണ് ആമിര്‍ ഓസ്‌ട്രേലിയന്‍ വാലറ്റത്തെ തുടച്ചുനീക്കിയത്. അഞ്ഞൂറിനപ്പുറത്തേക്ക് മുന്നേറുകയായിരുന്ന ഓസ്‌ട്രേലിയ 487 ന് ഓളൗട്ടായി. രണ്ടാം ദിനം അഞ്ചിന് 346 ല്‍ ആരംഭിച്ച ഓസീസിനെ മിച്ചല്‍ മാര്‍ഷാണ് (90) മുന്നോട്ടുനയിച്ചത്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ അവസാനമായി അരങ്ങേറ്റത്തില്‍ ഒരു വിദേശ താരം അഞ്ചോ അധികമോ വിക്കറ്റെടുത്തത് 1967 ല്‍ ഇന്ത്യയുടെ ആബിദ് അലിയാണ് (6-55). 
മറുപടിയായി രണ്ടു വിക്കറ്റ് നഷ്ടത്തില്‍ പാക്കിസ്ഥാന്‍ 132 ലെത്തി. ഓപണര്‍മാരായ അബ്ദുല്ല ശഫീഖും (42) ഇമാമുല്‍ ഹഖും (38 നോട്ടൗട്ട്) ഓസീസ് പെയ്‌സ് ത്രിമൂര്‍ത്തികളായ പാറ്റ് കമിന്‍സിനെയും മിച്ചല്‍ സ്റ്റാര്‍ക്കിനെയും ജോഷ് ഹെയ്‌സല്‍വുഡിനെയും ചെറുത്തുനിന്നെങ്കിലും അവസാന സെഷനില്‍ ഓസീസിന് ബ്രെയ്ക് ത്രൂ ലഭിച്ചു. ശഫീഖിനെ സ്ലിപ് ക്യാച്ചില്‍ പുറത്താക്കിയ സ്പിന്നര്‍ നാഥന്‍ ലയണിന് 497 വിക്കറ്റായി. ക്യാപ്റ്റന്‍ ശാന്‍ മസൂദിനെ (30) സ്റ്റാര്‍ക്ക് വിക്കറ്റ്കീപ്പറുടെ കൈയിലെത്തിച്ചു. 

Latest News