ക്യാപ്റ്റന്‍ ഇനി കളിക്കില്ല, മഞ്ഞപ്പടക്ക് ഇടിത്തീ വാര്‍ത്ത

കൊച്ചി - പരിക്കേറ്റ ക്യാപ്റ്റന്‍ അഡ്രിയന്‍ ലൂണ ഈ സീസണില്‍ ഇനി കളിക്കില്ലെന്ന വാര്‍ത്ത ഐ.എസ്.എല്ലില്‍ കിരീടത്തിനായി പൊരുതുന്ന കേരളാ ബ്ലാസ്റ്റേഴ്‌സിന് ഇടിത്തീയായി. കൊച്ചിയില്‍ പരിശീലനത്തിനിടെ പരിക്കേറ്റ ലൂണ ഇല്ലാതെയാണ് കഴിഞ്ഞ ദിവസം ബ്ലാസ്റ്റേഴ്‌സ് ന്യൂദല്‍ഹിയില്‍ പഞ്ചാബ് എഫ്.സിയെ തോല്‍പിച്ചത്. ഇടതു കാല്‍മുട്ടിന് കഴിഞ്ഞ ദിവസം ശസ്ത്രക്രിയക്ക് വിധേയനായ ലൂണ വിശ്രമത്തിനായി സ്വദേശമായ ഉറുഗ്വായിലേക്ക് മടങ്ങുകയാണ്. മൂന്നു മാസമെങ്കിലുമെടുക്കും കായികക്ഷമത നേടാന്‍. 
അതിന് മുമ്പുള്ള എല്ലാ കളികളിലും ലൂണയാണ് ബ്ലാസ്റ്റേഴ്‌സിന്റെ ആക്രമണം നയിച്ചത്. മൂന്നു ഗോളടിക്കുകയും നാല് ഗോളിന് വഴിയൊരുക്കുകയും ചെയ്തു. പ്രതിരോധത്തിലും ലൂണയുടെ സേവനം ബ്ലാസ്‌റ്റേഴ്‌സിന്റെ കളികളില്‍ നിര്‍ണായകമായി. ഒമ്പത് കളികളില്‍ ലൂണ സൃഷ്ടിച്ചത് 26 അവസരങ്ങളാണ്. ജനുവരി ട്രാന്‍സ്ഫര്‍ ജാലകത്തില്‍ മുപ്പത്തൊന്നുകാരന് ബ്ലാസ്റ്റേഴ്‌സ് പകരക്കാരനെ തേടും. 
ലൂണ ഉറുഗ്വായ്ക്കു വേണ്ടി അണ്ടര്‍-17, അണ്ടര്‍-20 തലങ്ങളില്‍ കളിച്ചിരുന്നു. എസ്പാന്യോള്‍, മെല്‍ബണ്‍ സിറ്റി തുടങ്ങിയ ടീമുകളുടെയും ജഴ്‌സിയിട്ടു.
 

Latest News