നവി മുംബൈ - രണ്ടാം ദിനം 19 വിക്കറ്റ് നിലംപൊത്തിയതോടെ ഇംഗ്ലണ്ടിനെതിരായ വനിതാ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യ ജയത്തിലേക്ക്. രണ്ടു ദിവസം ശേഷിക്കെ ഇന്ത്യക്ക് അജയ്യമായ 478 റണ്‍സ് ലീഡുണ്ട്. ആദ്യ ഇന്നിംഗ്‌സില്‍ 428 റണ്‍സെടുത്ത ആതിഥേയര്‍ 136 ന് ഇംഗ്ലണ്ടിനെ പുറത്താക്കുകയും രണ്ടാം ഇന്നിംഗ്‌സില്‍ ആറിന് 186 ലെത്തുകയും ചെയ്തു. 5.3 ഓവറില്‍ ഏഴ് റണ്‍സിന് അഞ്ച് വിക്കറ്റെടുത്ത ദീപ്തി ശര്‍മയാണ് (5.3-4-7-5) സന്ദര്‍ശക ബാറ്റിംഗ് നിരയെ കറക്കിവീഴ്ത്തിയത്. നാറ്റ് സിവര്‍ ബ്രന്റാണ് (59) ഇംഗ്ലണ്ട് സ്‌കോറിന്റെ പകുതിയോളം സംഭാവന ചെയ്തത്. ആദ്യ ആറ് ബാറ്റര്‍മാരും രണ്ടക്കത്തിലേക്ക് കടന്നെങ്കിലും മറ്റാരും 19ലധികം സ്‌കോര്‍ ചെയ്തില്ല. 28 റണ്‍സിനിടെ അവസാന ഏഴു വിക്കറ്റുകള്‍ നിലംപൊത്തി.
രണ്ടാം ദിനം വീണ 19 വിക്കറ്റുകളില്‍ പതിനഞ്ചും സ്വന്തമാക്കിയത് സ്പിന്നര്‍മാരാണ്. 292 റണ്‍സ് ലീഡ് നേടിയിട്ടും ഇന്ത്യ ഫോളോഓണ്‍ ആവശ്യപ്പെട്ടില്ല. ഇടക്കിടെ വിക്കറ്റ് വീണെങ്കിലും ആദ്യ ഇന്നിംഗ്‌സിലേതു പോലെ നാല് റണ്‍സിന് മുകളില്‍ നിരക്കില്‍ ഇന്ത്യ സ്‌കോര്‍ ചെയ്തു. ആദ്യ ഇന്നിംഗ്‌സിലെ ടോപ്‌സ്‌കോറര്‍ ശുഭ സതീഷ് പരിക്ക് കാരണം രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യില്ല. കളി നിര്‍ത്തുമ്പോള്‍ ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ (44 നോട്ടൗട്ട്) ക്രീസിലുണ്ട്. ഹര്‍മന്‍ ആദ്യ ഇന്നിംഗ്‌സില്‍ 49 റണ്‍സിന് പുറത്തായിരുന്നു. ചാര്‍ലി ഡീന്‍ നാലു വിക്കറ്റെടുത്തു.






