മുംബൈ - ഐ.പി.എല്ലില്‍ ഒരു പതിറ്റാണ്ടോളം മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത് ശര്‍മ പതാക കൈമാറുന്നു. അടുത്ത സീസണില്‍ മുംബൈ ഇന്ത്യന്‍സിനെ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ നയിക്കും. രോഹിത് അഞ്ചു തവണ മുംബൈയെ കിരീടത്തിലേക്ക് നയിച്ചിരുന്നു. രണ്ടു സീസണ്‍ മുമ്പ് മുംബൈ വിട്ട് ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത ഹാര്‍ദിക്കിനെ ഈ സീസണിന് മുമ്പ് മുംബൈ തിരിച്ചുകൊണ്ടുവരികയായിരുന്നു. ഹാര്‍ദിക്കിന്റെ കീഴില്‍ ഗുജറാത്ത് ആദ്യ സീസണില്‍ ചാമ്പ്യന്മാരും രണ്ടാം സീസണില്‍ റണ്ണേഴ്‌സ്അപ്പുമായി. രോഹിത് മുംബൈ നിരയില്‍ തുടരുമെന്നാണ് സൂചന. നേരത്തെ സചിന്‍ ടെണ്ടുല്‍ക്കറും ഹര്‍ഭജന്‍ സിംഗും റിക്കി പോണ്ടിംഗുമാണ് മുംബൈയെ നയിച്ചത്.
ഭാവിയിലേക്കൊരുങ്ങുകയെന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനമെടുത്തതെന്ന് മുംബൈ ഇന്ത്യന്‍സ് ഗ്ലോബല്‍ മേധാവി മഹേല ജയവര്‍ധനെ പറഞ്ഞു. 2013 മുതല്‍ മുംബൈ ഇന്ത്യന്‍സിനെ നയിച്ച രോഹിത്തിന്റെ നേട്ടങ്ങളെ മഹേല പുകഴ്ത്തി. രോഹിതിന്റെ ക്യാപ്റ്റന്‍സിയില്‍ 158 മത്സരങ്ങള്‍ കളിച്ച മുംബൈ 87 എണ്ണം ജയിക്കുകയും നാലെണ്ണം ടൈ ആക്കുകയും ചെയ്തു. 67 കളികള്‍ തോറ്റു. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളില്‍ ഫൈനലിലെത്തി. എല്ലാ ഫൈനലും ജയിച്ചു. 2021 ലും 2022 ലും പ്ലേഓഫ് കണ്ടില്ല. 2023 ല്‍ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്തിനോട് തോറ്റു.
2022 ലെ ട്വന്റി20 ലോകകപ്പിന്റെ സെമിഫൈനലില്‍ തോറ്റ ശേഷം രോഹിത് ഇന്ത്യക്കു വേണ്ടി ട്വന്റി20 മത്സരം കളിച്ചിട്ടില്ല. പകരം ഹാര്‍ദിക്കാണ് ഇന്ത്യയെ നയിച്ചത്. ഹാര്‍ദിക് ലഭ്യമല്ലാത്ത അവസരങ്ങളില്‍ മറ്റൊരു മുംബൈ ഇന്ത്യന്‍സ് താരം സൂര്യകുമാര്‍ യാദവ് നായകനാവുന്നു.






