ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ കസേര കളി മൂന്നാം ടെസ്റ്റിലും തുടരും. ഇംഗ്ലണ്ടിനെതിരെ ശനിയാഴ്ച ആരംഭിക്കുന്ന ടെസ്റ്റില്‍ ദിനേശ് കാര്‍ത്തിക് വിക്കറ്റ്കീപ്പറായി ഉണ്ടാവില്ലെന്ന് ഉറപ്പാണ്. പകരം ദല്‍ഹിയുടെ യുവ താരം റിഷഭ് പന്ത് അരങ്ങേറും. ക്യാപ്റ്റനായ ശേഷം മുപ്പത്തെട്ടാം ടെസ്റ്റിലും ടീമിനെ മാറ്റിയെന്ന റെക്കോര്‍ഡ് വിരാട് കോഹ്‌ലി നിലനിര്‍ത്തും.
ഇതു മാത്രമായിരിക്കില്ലെ ടീമിലെ മാറ്റം. ഓപണിംഗില്‍ ഇന്ത്യ വലിയ പ്രതിസന്ധി നേരിടുകയാണ്. ആദ്യ ടെസ്റ്റില്‍ മുരളി വിജയും ശിഖര്‍ ധവാനുമാണ് ഓപണ്‍ ചെയ്തത്. രണ്ടാം ടെസ്റ്റില്‍ മുരളിയും കെ.എല്‍ രാഹുലും. മൂന്നാം ടെസ്റ്റില്‍ ശിഖര്‍ തിരിച്ചുവരുമെന്നാണ് സൂചന. മുരളിക്കോ രാഹുലിനോ സ്ഥാനം തെറിക്കും. ഫിറ്റ്‌നസ് വീണ്ടെടുത്ത ജസ്പ്രീത് ബുംറയും ടീമില്‍ സ്ഥാനം നേടും. രണ്ടാം ടെസ്റ്റില്‍ കളിച്ച സ്പിന്നര്‍ കുല്‍ദീപ് യാദവിനായിരിക്കും തൊപ്പി തെറിക്കുക.
പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലാണ്. മൂന്നാം ടെസ്റ്റും ഇന്ത്യ തോറ്റാല്‍ ബി.സി.സി.ഐ ഇടപെടുമെന്നുറപ്പാണ്.