ജോഹന്നസ്ബര്‍ഗ് - ഇരുപത്തൊമ്പതാം ജന്മദിനം കരിയര്‍ ബെസ്റ്റ് ബൗളിംഗോടെ ആഘോഷിച്ച കുല്‍ദീപ് യാദവ് മൂന്നാം ട്വന്റി20യില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു. ഇന്ത്യന്‍ സ്പിന്നര്‍മാരും പെയ്സര്‍മാരും വരിഞ്ഞുമുറുക്കിയതോടെ ദക്ഷിണാഫ്രിക്ക 13.5 ഓവറില്‍ 95 ന് ഓളൗട്ടായി. 106 റണ്‍സ് ജയത്തോടെ ഇന്ത്യ പരമ്പര സമനിലയാക്കി. ആദ്യ കളി മഴ കാരണം ഉപേക്ഷിച്ചിരുന്നു. നേരത്തെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിന്റെ നാലാം സെഞ്ചുറിയാണ് ഇന്ത്യയെ ഏഴിന് 201 ലെത്തിച്ചത്.
കുല്‍ദീപിന്റെ അഞ്ച് വിക്കറ്റും 12 പന്ത് ഇടവേളയിലാണ് (2.5-0-17-5). ആറ് പന്തിലും റീസ ഹെന്‍ഡ്രിക്സിനെ ബീറ്റണാക്കുകയും ആദ്യ ഓവര്‍ മെയ്ഡനാക്കുകയും ചെയ്ത് മുഹമ്മദ് സിറാജ് (3-1-13-0) ഗംഭീരമായി ബൗളിംഗിന് തുടക്കമിട്ടു. തന്നെ ബൗണ്ടറി കടത്തിയ മാത്യു ബ്രീറ്റ്സ്കെയുടെ (4) സ്റ്റമ്പുകള്‍ അടുത്ത പന്തില്‍ മുകേഷ്കുമാര്‍ പിഴുതെടുത്തു. റീസയെ (8) സിറാജ് റണ്ണൗട്ടാക്കുകയും ഹയ്ന്റിക് ക്ലാസനെ (5) അര്‍ഷദീപ് സിംഗ് വീഴ്ത്തുകയും ചെയ്തതോടെ പവര്‍പ്ലേയില്‍ മൂന്നിന് 42 ആയി ദക്ഷിണാഫ്രിക്കന്‍ സ്കോര്‍. ക്യാപ്റ്റന്‍ അയ്ദന്‍ മാര്‍ക്റമും (14 പന്തില്‍ 25) ഡേവിഡ് മില്ലറും (25 പന്തില്‍ 32) തിരിച്ചടിക്കുകയും സ്കോര്‍ 75 ലെത്തിക്കുകയും ചെയ്തു. തന്റെ ആദ്യ പന്തില്‍ ജദേജ ഈ കൂട്ടുകെട്ട് പൊളിച്ചു. പത്താം ഓവറില്‍ ബൗളിംഗിന് വന്ന കുല്‍ദീപ് അവശേഷിച്ച വിക്കറ്റുകള്‍ ആരുടെയും സഹായമില്ലാതെ തൂത്തുവാരി. മില്ലറെയും ഡൊണോവന്‍ ഫെരേരയെയും (11 പന്തില്‍ 12) കേശവ് മഹാരാജിനെയും (1) ബൗള്‍ഡാക്കി, നാന്ദ്രെ ബര്‍ഗറെയും (1) ലിസാഡ് വില്യംസിനെയും (0) വിക്കറ്റിന് മുന്നില്‍ കുടുക്കി. ദക്ഷിണാഫ്രിക്കയുടെ മൂന്നാമത്തെ വലിയ പരാജയമാണ് ഇത്.
തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് നഷ്ടപ്പെട്ട് ടീം പരുങ്ങുമ്പോള്‍ ക്രീസില്‍ ഒരുമിച്ച ഓപണര്‍ യശസ്വി ജയ്സ്വാളും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചത്. അവസാന ഓവറില്‍ 55 പന്തില്‍ സൂര്യ സെഞ്ചുറി തികച്ചപ്പോള്‍ 41 പന്തില്‍ ജയ്സ്വാള്‍ 60 റണ്‍സെടുത്തു. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നാലെ സൂര്യ (56 പന്തില്‍ 100) ബൗണ്ടറി ലൈനില്‍ പിടികൊടുത്തു.
ആദ്യ രണ്ടോവറില്‍ 29 റണ്‍സടിച്ച് ഇന്ത്യ അതിവേഗം തുടങ്ങിയതായിരുന്നു. എന്നാല്‍ മൂന്നാം ഓവറില്‍ ബൗളിംഗിന് വന്ന സ്പിന്നര്‍ കേശവ് മഹാരാജ് തുടര്‍ച്ചയായ പന്തുകളില്‍ ഓപണര്‍ ശുഭ്മന്‍ ഗില്ലിനെയും (6 പന്തില്‍ 12) തിലക് വര്‍മയെയും (0) പുറത്താക്കി.
സൂര്യയും ജയ്സ്വാളും വീണ്ടും ഇന്നിംഗ്സ് കെട്ടിപ്പടുത്തു. പത്തോവറില്‍ രണ്ടിന് 87 ലെത്തി ഇന്ത്യന്‍ സ്കോര്‍. 34 പന്തില്‍ അര്‍ധ ശതകം പിന്നിട്ട ജയ്സ്വാള്‍ അതേ ഓവറില്‍ ലിസാഡ് വില്യംസിനെ ഗാലറിയിലേക്കുയര്‍ത്തി. പതിമൂന്നാം ഓവറില്‍ ആന്‍ഡിലെ ഫെഹലുകവായോയുടെ തുടര്‍ച്ചയായ നാല് പന്തുകളില്‍ സൂര്യ മൂന്ന് സിക്സറും ഒരു ബൗണ്ടറിയുമടിച്ചു.
സിക്സറോടെ അര്‍ധ ശതകം ആഘോഷിച്ച ജയ്സ്വാളിനെ തബരൈസ് ശംസി പുറത്താക്കി. റിങ്കു സിംഗും (10 പന്തില്‍ 14) രവീന്ദ്ര ജദേജയും (4) പരാജയപ്പെട്ടു. ജിതേഷ് ശര്‍മ (4) ഹിറ്റ് വിക്കറ്റായി.






