ന്യൂദല്‍ഹി - അരങ്ങേറ്റ ഐ.എസ്.എല്‍ സീസണില്‍ പത്ത് റൗണ്ട് മത്സരങ്ങള്‍ പിന്നിട്ടിട്ടും ആദ്യ വിജയത്തിനായി പഞ്ചാബ് എഫ്.സിയുടെ കാത്തിരിപ്പ് തുടരുന്നു. രണ്ടാം സ്ഥാനക്കാരായ കേരളാ ബ്ലാസ്റ്റേഴ്‌സിനോട് ദല്‍ഹിയിലെ ഹോം ഗ്രൗണ്ടില്‍ അവര്‍ മറുപടിയില്ലാത്ത ഒരു ഗോളിന് തോറ്റു. ഗോളൊഴിഞ്ഞ ആദ്യ പകുതിക്കു ശേഷം അമ്പതാം മിനിറ്റില്‍ ദിമിത്രിയോസ് ദിയാമാന്റിയാകോസാണ് ബ്ലാസ്‌റ്റേഴ്‌സിന് വിജയം സമ്മാനിച്ചത്. 10 കളികളില്‍ ആറാം ജയത്തോടെ ബ്ലാസ്‌റ്റേഴ്‌സ് രണ്ടാം സ്ഥാനത്താണ്, 20 പോയന്റ്. എട്ട് കളികളില്‍ 20 പോയന്റുമായി എഫ്.സി ഗോവയാണ് ഒന്നാം സ്ഥാനത്ത്.
ടീമിന്റെ കുന്തമുനയായ അഡ്രിയന്‍ ലൂണയില്ലാതെയാണ് പഞ്ചാബിനെ ബ്ലാസ്റ്റേഴ്‌സ് നേരിട്ടത്. പരിശീലകന്‍ ഇവാന്‍ വുകൂമവനോവിച്ചും റഫറിയെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷനിലായിരുന്നു. ഇരു ടീമുകളും ആദ്യമായാണ് മുഖാമുഖം വന്നത്. ദിയാമാന്‍ഡിയാകോസും പെപ്രയും നിരന്തരം ആക്രമിച്ചുകയറിയെങ്കിലും പഞ്ചാബ് പ്രതിരോധം ഒരു പഴുതും അനുവദിച്ചില്ല. പലതവണ അവര്‍ ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് പരിഭ്രാന്തി പരത്തുകയും ചെയ്തു.
രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ദിയാമാന്‍ഡിയാകോസിന്റെ ഒറ്റക്കുള്ള കുതിപ്പില്‍ ബ്ലാസ്റ്റേഴ്‌സ് മുന്നിലെത്തി. ഗ്രീക്ക് താരത്തിന്റെ അഞ്ചാം ഗോളായിരുന്നു ഇത്. തൊട്ടുപിന്നാലെ രണ്ടു തവണ പോസ്റ്റ് പഞ്ചാബിന്റെ രക്ഷക്കെത്തി. വിബിന്റെ ഫ്രീകിക്ക് ക്രോസ്ബാറിനിടിച്ച് മടങ്ങി, റീബൗണ്ട് ലെസ്‌കോവിച് ഹെഡ് ചെയ്തപ്പോഴും പോസ്റ്റ് തടസ്സം നിന്നു. അവസാന വേളയില്‍ ഗോള്‍ മടക്കാന്‍ പഞ്ചാബ് എല്ലാ ശ്രമവും നടത്തിയെങ്കിലും വിജയിച്ചില്ല.






