ഡോര്‍ട്മുണ്ട് - യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളില്‍ പി.എസ്.ജിക്ക് കഷ്ടിച്ച് നോക്കൗട്ട് ടിക്കറ്റ് സമ്മാനിച്ചത് പതിനേഴുകാരന് വാറന്‍ സയര്‍ എമറി. ബോറൂസിയ ഡോര്‍ട്മുണ്ടിനെതിരെ 56ാം മിനിറ്റില്‍ സമനില ഗോളടിച്ചത് എമറിയാണ്. വിജയം അനിവാര്യമായ മത്സരത്തില്‍ 1-1 സമനിലയിലാണ് പി.എസ്.ജി പിരിഞ്ഞത്. 51ാം മിനിറ്റില്‍ കരീം അദയേമിയിലൂടെ ഡോര്‍ട്മുണ്ട് ലീഡ് നേടിയിരുന്നു.
ന്യൂകാസിലിനെ എ.സി മിലാന് തോല്പിച്ചതിനാല് അവര്‍ രക്ഷപ്പെട്ടു. മിലാനും പി.എസ്.ജിക്കും തുല്യ പോയന്റാണ്. എന്നാല്‍ പരസ്പരമുള്ള മത്സരത്തിലെ ഫലം പി.എസ്.ജിയെ തുണച്ചു. ഡോര്‍ട്മുണ്ടാണ് ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാര്‍.
ഷാഖ്തര്‍ ഡോണറ്റ്സ്കിനെ തോല്പിച്ച് പോര്‍ടോയും നോക്കൗട്ടിലെത്തി. ഷാഖ്തറിന് മുന്നേറാന്‍ ജയം വേണമായിരുന്നു. ലാസിയോയെ 2-0 ന് തോല്പിച്ച് അത്ലറ്റിക്കൊ മഡ്രീഡ് ഗ്രൂപ്പ് ഇ-യില്‍ ഒന്നാം സ്ഥാനത്തെത്തി. ലാസിയൊ നേരത്തെ നോക്കൗട്ട് ഉറപ്പാക്കിയിരുന്നു. അവസാന സ്ഥാനക്കാരായ സെല്‍റ്റിക് ഇഞ്ചുറി ടൈം ഗോളില്‍ ഫെയ്നൂര്‍ദിനെ തോല്പിച്ച് ആദ്യ വിജയം സ്വന്തമാക്കി.
റെഡ് സ്റ്റാര്‍ ബെല്‍ഗ്രേഡിനെതിരെ മാഞ്ചസ്റ്റര്‍ സിറ്റി രണ്ടാം നിരയെ ഇറക്കിയാണ് 3-2 ന് ജയിച്ചത്. ആറു വര്‍ഷം മുമ്പ് സിറ്റിയുടെ ബോള്‍ ബോയ് ആയിരുന്ന മിക്ക ഹാമില്ടണ് സീനിയര്‍ ടീം അരങ്ങേറ്റത്തില്‍ വിജയ ഗോള്‍ കണ്ടെത്തി. ആറു കളിയില്‍ ആറും ജയിച്ച് ഗ്രൂപ്പ് ജി-യില്‍ സിറ്റി ഒന്നാം സ്ഥാനം ഭദ്രമാക്കി. നേരത്തെ ഗ്രൂപ്പ് ചാമ്പ്യന്‍ സ്ഥാനം ഉറപ്പാക്കിയ ബാഴ്സലോണയെ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരായ റോയല്‍ ആന്റ്വേര്‍പ് 3-2 ന് തോല്പിച്ചു.
നോക്കൗട്ടിലെത്തിയ ടീമുകള്‍
ഗ്രൂപ്പ് ചാമ്പ്യന്മാര്: ബയേണ്‍ മ്യൂണിക്, ആഴ്സനല്‍, റയല്‍ മഡ്രീഡ്, റയല്‍ സൊസീദാദ്, അത്ലറ്റിക്കൊ മഡ്രീഡ്, ബൊറൂസിയ ഡോര്‍ട്മുണ്ട്, മാഞ്ചസ്റ്റര്‍ സിറ്റി, ബാഴ്സലോണ
രണ്ടാം സ്ഥാനക്കാര്‍: കോപന്ഹാഗന്, പി.എസ്.വി ഐന്തോവന്, നാപ്പോളി, ഇന്റര്‍ മിലാന്, ലാസിയൊ, പി.എസ്.ജി, ലെയ്സ്പിഷ്, പോര്‍ടൊ. നോക്കൗട്ട് മത്സരങ്ങളുടെ നറുക്കെടുപ്പ് തിങ്കളാഴ്ച യുവേഫ ആസ്ഥാനത്ത് നടക്കും.






