മുംബൈ - ഒരു തരത്തിലും അത് ദഹിക്കുന്നില്ല. ജീവിതം മുന്നോട്ടുപോയേ തീരൂ എന്നറിയാം. പക്ഷെ ആ തോല്‍വി അംഗീകരിക്കാനും മു്ന്നോട്ടുപോവാനും സാധിക്കുന്നില്ല - ലോകകപ്പ് ക്രിക്കറ്റിന്റെ ഫൈനലില്‍ ഓസ്ട്രേലിയയോട് തോറ്റതിനെക്കുറിച്ച് 24 ദിവസത്തിനു ശേഷം ആദ്യമായി ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ പ്രതികരിച്ചു. ആരാധകരും കുടുംബവുമാണ് മുറിവുണക്കാന്‍ തന്നെ സഹായിക്കുന്നതെന്ന് സോഷ്യല്‍ മീഡിയ വീഡിയോയില്‍ രോഹിത് വെളിപ്പെടുത്തി.
കുറച്ചു ദിവസം എന്തു ചെയ്യണമെന്നു പോലും അറിയില്ലായിരുന്നു. സുഹൃത്തുക്കളും കുടുംബവുമാണ് സഹായിച്ചത്. എന്നെ സംബന്ധിച്ചിടത്തോളം ലോകകപ്പ് ട്രോഫിയായിരുന്നു എല്ലാം. അതിനു വേണ്ടിയാണ് വര്‍ഷങ്ങളോളം കഠിനാധ്വാനം ചെയ്തത്. സാധ്യമായതെല്ലാം ചെയ്തിരുന്നു. എവിടെയാണ് പിഴച്ചത് എന്ന് എല്ലാവരും ചോദിക്കുന്നുണ്ട്. ആദ്യ പത്തു കളികളും ഞങ്ങള്‍ ജയിച്ചു. ആ കളികളിലെല്ലാം ഞങ്ങള്‍ക്ക് പിഴവ് സംഭവിച്ചിരുന്നു. പിഴവുകള്‍ കളിയുടെ ഭാഗമാണ്. പരമാവധി പിഴവുകള്‍ ഒഴിവാക്കുക മാത്രമേ ചെയ്യാനാവൂ. അസാധാരണ ക്രിക്കറ്റാണ് ലോകകപ്പില്‍ ഞങ്ങള്‍ കളിച്ചത്. ഇതുപോലെ എല്ലാ ലോകകപ്പിലും കളിക്കാനാവില്ല. ഫൈനല്‍ വരെ ആരാധകര്‍ക്ക് ഞങ്ങള്‍ ആഹ്ലാദം പകര്‍ന്നിരുന്നു -രോഹിത് പറഞ്ഞു.
ഫൈനലിലെ തോല്‍വിക്കു ശേഷം എവിടേക്കെങ്കിലും പോയി മനസ്സിന്റെ ഭാരമൊഴിയണമെന്നാണ് കരുതിയത്. പക്ഷെ എവിടെ പോകുമ്പോഴും ആളുകള്‍ സമീപിക്കുകയും ടീമിന്റെ പ്രകടനത്തെ പ്രശംസിക്കുകയും ചെയ്തു. ഞങ്ങളെ പോലെ അവരും കിരീടം സ്വപ്നം കാണുകയായിരുന്നു. ഒന്നര മാസം ആരാധകര്‍ നല്കിയ പിന്തുണക്ക് നന്ദിയുണ്ട്. അവസാന ചുവട് പൂര്ത്തിയാക്കാനാവാത്തതിനെക്കുറിച്ച് ആലോചിക്കുന്തോറും നിരാശയുണ്ട്. ആരാധകരില്‍ കാണുന്നത് തോല്‍വിയിലെ രോഷമല്ല, കറകളഞ്ഞ സ്നേഹമാണ്. ഈ പിന്തുണ മുറിവുണക്കാന്‍ സഹായിക്കുന്നു. ഞങ്ങളുടെ വേദന അവര്‍ മനസ്സിലാക്കുന്നതില്‍ സന്തോഷമുണ്ട്. അത് കൂടുതല്‍ മികച്ച പ്രകടനത്തിന് പ്രചോദനമാണ് -ക്യാപ്റ്റന്‍ പറഞ്ഞു.
രോഹിത് ശര്‍മയുടെയും റിതിക സജ്ദയുടെയും എട്ടാം വിവാഹവാര്‍ഷികം കൂടിയായിരുന്നു ബുധനാഴ്ച. ജീവിതത്തിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് എന്ന് രോഹിത് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.






