ജിദ്ദ - നാല് ക്ലബ്ബ് ലോകകപ്പുകളില്‍ ഗോളടിക്കുന്ന ആദ്യ കളിക്കാരനായി അല്‍ഇത്തിഹാദ് നായകന്‍ കരീം ബെന്‍സീമ. മുപ്പത്തഞ്ചുകാരന്റെ ആറാമത്തെ ക്ലബ്ബ് ലോകകപ്പാണ് ഇത്. ആദ്യ അഞ്ചും റയല്‍ മഡ്രീഡിനു വേണ്ടിയായിരുന്നു. അഞ്ചിലും റയല്‍ ചാമ്പ്യന്മാരായി.
ഇത്തിഹാദിന്റെ ഹോം സ്‌റ്റേഡിയത്തില്‍ നടന്ന ക്ലബ്ബ് ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തില്‍ ഓഷ്യാന ചാമ്പ്യന്മാരായ ഓക്‌ലന്റ് സിറ്റിയെയാണ് ആതിഥേയര്‍ 3-0 ന് തോല്‍പിച്ചത്. ആദ്യ പകുതിയില്‍ 11 മിനിറ്റ് ഇടവേളയിലായിരുന്നു മൂന്നു ഗോളും. റൊമാരിഞ്ഞോയും എന്‍ഗോളൊ കാണ്ടെയുമാണ് ആദ്യ ഗോളുകള്‍ നേടിയത്. ഇത്തിഹാദ് വെള്ളിയാഴ്ച രണ്ടാം റൗണ്ടില്‍ ആഫ്രിക്കന്‍ ചാമ്പ്യന്മാരായ ഈജിപ്തിലെ അല്‍അഹ്‌ലിയെ നേരിടും. ഈ കളിയിലെ വിജയികള്‍ സെമിഫൈനലില്‍ ലാറ്റിനമേരിക്കന്‍ ചാമ്പ്യന്മാരായ ബ്രസീലിലെ ഫഌമിനന്‍സുമായി ഏറ്റുമുട്ടും.
29ാം മിനിറ്റില്‍ എതിര്‍ പ്രതിരോധനിരയില്‍ തട്ടിത്തിരിഞ്ഞ ഷോട്ടിലാണ് ഇത്തിഹാദ് മുന്നിലെത്തിയത്. ബോക്‌സില്‍ ലഭിച്ച ലൂസ് ബോള്‍ മനോഹരമായി തിരിച്ചുവിട്ട് കാണ്ടെ അഞ്ചു മിനിറ്റിനു ശേഷം ലീഡുയര്‍ത്തി.
പൂര്‍ണ ആധിപത്യമായിരുന്നു ഇത്തിഹാദിന്. ലക്ഷ്യത്തിലേക്കുള്ള 11 എണ്ണമുള്‍പ്പെടെ 30 ഷോട്ടുകള്‍ അവര്‍ പായിച്ചു. ഓകലന്റിന് സാധിച്ചത് നാലെണ്ണം മാത്രം. ഒന്നു പോലും ഗോള്‍വലക്കു നേരെ പോയില്ല.






