ഹാട്രിക്കിനരികെ കീറ്റ്‌സി, മഴ കളി തടസ്സപ്പെടുത്തി

ഗകെബെര്‍ഹ - ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ തുടക്കവും ഒടുക്കവും പിഴച്ചെങ്കിലും ഇന്ത്യ ഭേദപ്പെട്ട സ്‌കോര്‍ നേടി. റിങ്കു സിംഗ് ആഞ്ഞടിച്ചതോടെ സന്ദര്‍ശകര്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 180 റണ്‍സെടുത്തു. ഇന്ത്യന്‍ ഇന്നിംഗ്‌സ് തീരാന്‍ മൂന്ന് പന്ത് ശേഷിക്കെ മഴ കളി തടസ്സപ്പെടുത്തി. ഇരുപതാം ഓവറില്‍ തുടര്‍ച്ചയായ പന്തുകളില്‍ രവീന്ദ്ര ജദേജയെയും അര്‍ഷദീപ് സിംഗിനെയും പുറത്താക്കിയ ജെറാള്‍ഡ് കീറ്റ്‌സി ഹാട്രിക്കനരികിലാണ്.
റിങ്കുവിന് (39 പന്തില്‍ 68 നോട്ടൗട്ട്, 6-2, 4-9) പുറമെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അര്‍ധ ശതകം (36 പന്തില്‍ 56, 6-3, 4-5) നേടി. തിലക് വര്‍മയും (20 പന്തില്‍ 29) രവീന്ദ്ര ജദേജയും (14 പന്തില്‍ 19) മാത്രമേ ഇവരെ കൂടാതെ രണ്ടക്കത്തിലെത്തിയുള്ളൂ. യുവ കളിക്കാരായ യശസ്വി ജയ്‌സ്വാളും (0) ജിതേഷ് ശര്‍മയും (1) പരാജയപ്പെട്ടു. മഴ പൂര്‍ണമായി തടസ്സപ്പെടുത്തിയ ആദ്യ മത്സരത്തിനു ശേഷം ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. 
മാര്‍ക്കൊ യാന്‍സന്‍ എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ പന്ത് യശസ്വി (0) കട്ട് ചെയ്തത് ബാക്‌വേഡ് പോയന്റില്‍ ഡേവിഡ് മില്ലറുടെ കൈയിലേക്കായിരുന്നു. ലിസാഡ് വില്യംസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ പന്തില്‍ ശുഭ്മന്‍ ഗില്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സൂര്യകുമാര്‍ യാദവും  റിങ്കു സിംഗുമാണ് നാലാം വിക്കറ്റിലെ 70 റണ്‍സോടെ ഇന്ത്യയെ കരകയറ്റിയത്. അവസാന ഓവറിലെ രണ്ടെണ്ണമുള്‍പ്പെടെ ജെറാള്‍ഡ് കീറ്റ്‌സി മൂന്നു വിക്കറ്റെടുത്തു (3.3-0-32-3). സ്പിന്നര്‍ തബ്‌രൈസ് ശംസി നാലോവറില്‍ 18 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.
 

Latest News