ഗകെബെര്‍ഹ - ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ട്വന്റി20യില്‍ ഇന്ത്യയുടെ തുടക്കം പിഴച്ചു. മഴ പൂര്‍ണമായി തടസ്സപ്പെടുത്തിയ ആദ്യ മത്സരത്തിനു ശേഷം ടോസ് നേടിയ ആതിഥേയര്‍ ഇന്ത്യയെ ബാറ്റിംഗിന് വിടുകയായിരുന്നു. മാര്‍ക്കൊ യാന്സന് എറിഞ്ഞ ആദ്യ ഓവറിലെ മൂന്നാമത്തെ പന്തില്‍ യശസ്വി ജയ്സ്വാള്‍ (0) കട്ട് ചെയ്തത് ബാക് വേഡ് പോയന്റില്‍ ഡേവിഡ് മില്ലറുടെ കൈയിലേക്കായിരുന്നു. ലിസാഡ് വില്യംസ് എറിഞ്ഞ രണ്ടാം ഓവറിലെ അവസാനത്തെ പന്തില്‍ ശുഭ്മന്‍ ഗില്‍ (0) വിക്കറ്റിന് മുന്നില്‍ കുടുങ്ങി. തിലക് വര്‍മയും (20 പന്തില്‍ 29) പുറത്തായതോടെ ഏഴോവറില്‍ മൂന്നിന് 67 ല്‍ ഇന്ത്യ പരുങ്ങുകയാണ്. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും (17 പന്തില്‍ 29 നോട്ടൗട്ട്) റിങ്കു സിംഗുമാണ് (5 നോട്ടൗട്ട്) ക്രീസില്‍.
ഈ കളിയുള്‍പ്പെടെ ലോകകപ്പിന് മുമ്പ് ഇനി അഞ്ച് മത്സരമേ ഇന്ത്യക്ക് മുന്നിലുള്ളൂ. ദക്ഷിണാഫ്രിക്കക്കാവട്ടെ ഈ പരമ്പരക്കു ശേഷം ടീമിനെ പ്രഖ്യാപിക്കണം. ലോകകപ്പിന് തൊട്ടുമുമ്പ് വെസ്റ്റിന്‍ഡീസുമായി പരമ്പര കളിക്കുന്നതു വരെ അവര്‍ക്ക് ട്വന്റി20 മത്സരങ്ങളില്ല. ഇന്ത്യ ഈ പരമ്പരക്കു ശേഷം അഫ്ഗാനിസ്ഥാനുമായി പരമ്പര കളിക്കും.
മുകേഷ്കുമാര്‍, മുഹമ്മദ് സിറാജ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ എന്നിവര്‍ക്ക് ലോകകപ്പ് ടീമില്‍ ഇടം നേടാനുള്ള അവസരമാണ് ഈ പരമ്പര.
അവസാനമായി ഇന്ത്യയെ ട്വന്റി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തോല്പിച്ചത് 2015 ലാണ്. അതിന് ശേഷം രണ്ട് പരമ്പര ഇന്ത്യ ജയിച്ചു, രണ്ടെണ്ണം സമനിലയായി.






