റിയാദ് - എവേ മത്സരത്തില്‍ അല്‍ശബാബിനെ 5-2 ന് തോല്‍പിച്ച് അന്നസ്ര്‍ സൗദി കിംഗ്‌സ് കപ്പ് ഫുട്‌ബോളിന്റെ സെമിഫൈനലിലെത്തി. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെ ഈ വര്‍ഷത്തെ അമ്പതാം ഗോള്‍ അന്നസ്ര്‍ വിജയത്തിന് ഇരട്ടിമധുരമായി. ഈ വര്‍ഷത്തെ ഗോള്‍ അക്കൗണ്ട് അവസാനിപ്പിച്ചിട്ടില്ലെന്ന് പ്രഖ്യാപിച്ച മുപ്പത്തെട്ടുകാരന്‍ ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും കുടുംബത്തിനും നന്ദി പറഞ്ഞു. പോര്‍ചുഗലിന് വേണ്ടി ഒമ്പത് കളികളില്‍ 10 ഗോളടിച്ച റൊണാള്‍ഡൊ അന്നസ്‌റിനു വേണ്ടി 40 ഗോള്‍ നേടി.
അല്‍ഹിലാല്‍, അല്‍ഖലീജ് ടീമുകളും സെമിഫൈനല്‍ ബെര്‍ത്തുറപ്പിച്ചു. അല്‍ഫൈസലി-അല്‍ഇത്തിഹാദ് ക്വാര്‍ട്ടര്‍ ഫൈനല്‍ 19 നാണ്. ഹിലാല്‍ 3-0 ന് അത്തആവുനെയും ഖലീജ് 2-1 ന് അബഹയെയും തോല്‍പിച്ചു.
റിയാദിലെ അല്‍ശബാബ് സ്റ്റേഡിയത്തില്‍ നടന്ന ക്വാര്‍ട്ടറില്‍ പതിനഞ്ചാം മിനിറ്റില്‍ കിട്ടിയ പെനാല്‍ട്ടി യാനിക് കരാസ്‌കൊ പാഴാക്കിയതാണ് അല്‍ശബാബിന് ഇരുട്ടടിയാത്. ഷോട്ടെടുക്കുന്നതിന് മുമ്പ് കാല്‍വഴുതിയ കരാസ്‌കൊ പന്ത് ഉയര്‍ത്തിയടിച്ചു. പതിനേഴാം മിനിറ്റില്‍ സെകൊ ഫൊഫാനയിലൂടെ അന്നസ്ര്‍ മുന്നിലെത്തി. സാദിയൊ മാനെയുടെ ഷോട്ട് ഗോളി തടുത്തിട്ടപ്പോള്‍ ഫൊഫാന അവസരം മുതലാക്കുകയായിരുന്നു. ഇരുപത്തിനാലാം മിനിറ്റില്‍ കോര്‍ണര്‍കിക്കിനെത്തുടര്‍ന്ന് കാര്‍ലോസിലൂടെ അല്‍ശബാബ് തിരിച്ചടിച്ചു.
28ാം മിനിറ്റില്‍ ഒടാവിയോയുമായി പന്ത് കൈമാറി മുന്നേറിയ മാനെ ലീഡ് വീണ്ടെടുത്ത ശേഷം അന്നസ്ര്‍ തിരിഞ്ഞുനോക്കിയില്ല. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ മാഴ്‌സെലൊ ബ്രോസവിച്ചിന്റെ ക്രോസ് റൊണാള്‍ഡൊ സമര്‍ഥമായി ഒഴിഞ്ഞുകൊടുക്കുകയും അബ്ദുറഹമാന്‍ ഗരീബ് അത് വലയിലേക്ക് പായിക്കുകയും ചെയ്തു. ഇടവേളയില്‍ അന്നസ്ര്‍ 3-1 ന് മുന്നിലായിരുന്നു.
ഇടവേളക്കു ശേഷവും അന്നസ്ര്‍ മേധാവിത്തം നിലനിര്‍ത്തി. ശബാബിന്റെ പ്രതിരോധനിരക്കിടയിലൂടെ ഒടാവിയൊ നല്‍കിയ പാസില്‍ നിന്ന് റൊണാള്‍ഡൊ (74) സ്‌കോര്‍ ചെയ്തു. ഇഞ്ചുറി ടൈമില്‍ രണ്ട് ഗോള്‍ കൂടി പിറന്നു. ശബാബിന്റെ ഹത്തന്‍ ബാഹബ്‌രിയും അന്നസ്‌റിന്റെ മുഹമ്മദ് മര്‍ആനും വല കുലുക്കി.
83ാം മിനിറ്റില്‍ ഖാലിദ് നര്‍ഇ നേടിയ ഗോളിലാണ് അല്‍ഖലീജ് 2-1 ന് അബഹയെ കീഴടക്കിയത്. ആദ്യ പകുതിയില്‍ ഫാബിയൊ മാര്‍ടിന്‍സിലൂടെ ഖലീജ് ലീഡ് നേടിയെങ്കിലും കാള്‍ തോകൊ എകാംബി 61ാം മിനിറ്റില്‍ ഗോള്‍ മടക്കിയിരുന്നു. മിഷേല്‍, അലക്‌സാണ്ടര്‍ മിത്രോവിച്, മാല്‍ക്കം എന്നിവരാണ് അത്തആവുനെതിരെ ഹിലാലിനു വേണ്ടി സ്‌കോര്‍ ചെയ്തത്.






