നാണക്കേടൊഴിവാക്കി പെപ്, അഞ്ചാം മത്സരത്തില്‍ ടീമിന് ജയം

ലണ്ടന്‍ -അവസാന നാലു കളിയില്‍ വിജയം അകന്നുനിന്ന മാഞ്ചസ്റ്റര്‍ സിറ്റി ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ എര്‍ലിംഗ് ഹാളന്റും ജെറമി ദോകുവുമില്ലാതെ ജയിച്ചു. ഇടവേളയില്‍ 0-1 ന് പിന്നിലായ അവര്‍ 2-1 ന് ലൂടനെ തോല്‍പിച്ചു. ബെര്‍ണാഡൊ സില്‍വയും ജാക്ക് ഗ്രീലിഷും മൂന്നു മിനിറ്റിനിടെ രണ്ടു ഗോളടിച്ച് നിലവിലെ ചാമ്പ്യന്മാരെ രക്ഷിച്ചു. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിന് (37 പോയന്റ്) നാല് പോയന്റ് പിന്നിലെത്തി അവര്‍. സിറ്റിക്കു പിന്നാലെ ആഴ്‌സനലിനെയും (36) തോല്‍പിച്ച ആസ്റ്റണ്‍വില്ല (35) മൂന്നാം സ്ഥാനത്തുണ്ട് (0-1).  
പെപ് ഗാഡിയോളയുടെ കരിയറില്‍ ഇതുവരെ തുടര്‍ച്ചയായ അഞ്ച് കളികളില്‍ ജയിക്കാതിരുന്നിട്ടില്ല. എന്നാല്‍ അലിജ അദെബായൊ ആദ്യ പകുതിയില്‍ ഗോളടിച്ചതോടെ ആ ദുരന്തമാണ് ഗാഡിയോള പ്രതീക്ഷിച്ചത്. അഞ്ചു ദിവസം മുമ്പ് ആഴ്‌സനലിനെതിരെ 3-2 ലീഡ് കളഞ്ഞുകുളിച്ച് ലൂടന്‍ 4-3 ന് തോറ്റിരുന്നു. 
പരിക്കുകളില്‍ വലയുന്ന ന്യൂകാസിലിനെ 4-1 ന് ടോട്ടനം തകര്‍ത്തു. ബുധനാഴ്ച ചാമ്പ്യന്‍സ് ലീഗിലെ നിര്‍ണായക മത്സരത്തില്‍ എ.സി മിലാനെ നേരിടുകയാണ് ന്യൂകാസില്‍.
 

Latest News