ശ്രീനഗര്‍ - കശമീരിലെ തണുത്ത ഡിസംബര്‍ പ്രഭാതത്തില്‍ ഗോള്‍കീപ്പര്‍ ദേവാന്‍ഷ് ദബാസിന് രണ്ടു തവണ പിഴച്ചതോടെ ഐ-ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരളക്ക് ഈ സീസണിലെ രണ്ടാം തോല്‍വി. റിയല്‍ കശ്മീരിനോട് അവര്‍ മറുപടിയില്ലാത്ത മൂന്നു ഗോളിന് തോറ്റു. ആദ്യ രണ്ട് ഗോളിനും കാരണക്കാരന്‍ ഗോളിയായിരുന്നു. ഡിഫന്റര്‍ വികാസിനും പന്ത് അടിച്ചകറ്റാനായില്ല. നോഹെരെ ക്രിസൊ ഇരട്ട ഗോളോടെ കശ്മീരിന്റെ ഹീറോ ആയി. ജെറമി ലാന്‍ദിന്‍പുയയും സ്‌കോര്‍ ചെയ്തു. ഒമ്പത് കളികളില്‍ അഞ്ചാം ജയത്തോടെ കശ്മീര്‍ മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു (17 പോയന്റ്). അവസാന അഞ്ച് കളിയില്‍ രണ്ട് തോല്‍വിയും മൂന്നു സമനിലയും വഴങ്ങിയ ഗോകുലം (13) ഏഴാം സ്ഥാനത്താണ്. അതിന് മുമ്പ് ഒന്നാം സ്ഥാനത്തായിരുന്നു മലബാറിയന്‍സ്. ദല്‍ഹി എഫ്.സിയുമായി ഗോള്‍രഹിത സമനില സമ്മതിച്ച ശ്രീനിധി ഡെക്കാനാണ് (10 കളിയില്‍ 20) രണ്ടാം സ്ഥാനത്ത്. മുഹമ്മദന്‍സിന് (8 കളിയില്‍ 20) ഗോള്‍വ്യത്യാസത്തില്‍ പിന്നില്‍.
ഗോകുലത്തിന്റെ പ്രശ്‌നം പ്രതിരോധമാണെങ്കില്‍ കശ്മീരിനാണ് അതാണ് കരുത്ത്. മുഹമ്മദ് ഹമ്മാദും ശാഹിര്‍ ശാഹീനും ഡിയോണ്‍ മെന്‍സസും കാര്‍ലോസ് അല്‍ബര്‍ടൊ സില്‍വയും കാവല്‍നിന്ന പ്രതിരോധനിരയിലൂടെ ഗോളിലേക്ക് വഴി കണ്ടെത്താന്‍ ഗോകുലത്തിന് സാധിച്ചില്ല. ഈ സീസണില്‍ നാലു ഗോളേ കശ്മീര്‍ വഴങ്ങിയിട്ടുള്ളൂ.
31ാം മിനിറ്റില്‍ വികാസ് ഗോളിക്ക് നീട്ടിയ നിര്‍ദോഷകരമായ ബാക്ക്പാസാണ് ആദ്യ ഗോളില്‍ കലാശിച്ചത്. ഗോളി അറച്ചുനില്‍ക്കെ ക്രിസൊ പന്ത് പിടിച്ച് വലയിലേക്ക് ഷോട്ട് തൊടുത്തു.
59ാം മിനിറ്റില്‍ ഇടതു വിംഗിലൂടെ വികാസിനെ വെട്ടിച്ചുകയറി ലാല്‍ദിന്‍പുയ പായിച്ച നിസ്സാരമായ ഷോട്ട് ഗോളിയുടെ കൈയില്‍ നിന്ന് വഴുതി ഗോള്‍വര കടന്നു. ആറ് മിനിറ്റിനു ശേഷം വീണ്ടും പ്രതിരോധനിരക്ക് പിഴച്ചു. മുഹമ്മദ് ശഹീഫ് മറിച്ചുകൊടുത്ത പന്ത് ക്ലിയര്‍ ചെയ്യാന്‍ സഹ ഡിഫന്റര്‍ വികാസിന് സാധിച്ചില്ല. ഒരിക്കല്‍കൂടി വീണുകിട്ടിയ സമ്മാനം ക്രിസൊ പാഴാക്കിയില്ല.






