വിജയ് മര്‍ച്ചന്റിന്റെ ആ കാസ്റ്റിംഗ് വോട്ടാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ തലവര തിരുത്തിയത്. 1971 ല്‍ ടൈഗര്‍ പട്ടോഡിയെ മാറ്റി അജിത് വഡേക്കറെ നായകനാക്കാനുള്ള വോട്ടെടുപ്പില്‍ വോട്ടുകള്‍ തുല്യമായപ്പോഴാണ് വിജയ് മര്‍ച്ചന്റ് കാസ്റ്റിംഗ് വോട്ട് ചെയ്തത്. ഇംഗ്ലണ്ടിലും വെസ്റ്റിന്‍ഡീസിലും ഇന്ത്യ ചരിത്രത്തിലാദ്യമായി പരമ്പര നേടിയത് വഡേക്കറുടെ ക്യാപ്റ്റന്‍സിയിലാണ്.
ഇന്ത്യന്‍ ടീമിലെ ഏറ്റവും ആദരണീയനായ കളിക്കാരിലൊരാളായാണ് വഡേക്കര്‍ അറിയപ്പെടുന്നത്. തൊണ്ണൂറുകളില്‍ കോച്ചെന്ന നിലയില്‍ മുഹമ്മദ് അസ്ഹറുദ്ദീനുമൊത്ത് നിരവധി വിജയങ്ങള്‍ കൊയ്തു. ഏകദിനങ്ങളില്‍ സചിന്‍ ടെണ്ടുല്‍ക്കറെ ഓപണറാക്കാനുള്ള ആശയം വഡേക്കറുടേതായിരുന്നു. സചിന്‍ ഏകദിന ചരിത്രത്തിലെ തന്നെ മികച്ച ഓപണറായി വളര്‍ന്നു. ടീം ക്യാപ്റ്റനായും സെലക്ഷന്‍ കമ്മിറ്റി അധ്യക്ഷനുമായുമൊക്കെ അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. 1992 ല്‍ ദക്ഷിണാഫ്രിക്കന്‍ ടീം വര്‍ണവിവേചനത്തിന്റെ പേരിലുള്ള വിലക്ക് കഴിഞ്ഞ് തിരിച്ചെത്തി ഇന്ത്യക്കെതിരെ കളിച്ചപ്പോള്‍ വഡേക്കറെയാണ് ടീം മാനേജറായി ഇന്ത്യ നിശ്ചയിച്ചത്.