ജിദ്ദ - ആറ് ഫിഫ മേഖലകളിലെ ചാമ്പ്യന്മാരും ആതിഥേയ രാജ്യത്തിന്റെ ലീഗ് ചാമ്പ്യന്മാരായ അല്‍ഇത്തിഹാദും പങ്കെടുക്കുന്ന ഇരുപതാമത് ക്ലബ്ബ് ലോകകപ്പ് ചൊവ്വാഴ്ച മുതല്‍ 22 വരെ ജിദ്ദയില്‍ അരങ്ങേറും. ടൂര്‍ണമെന്റിന്റെ 90 ശതമാനം ടിക്കറ്റുകളും വിറ്റഴിഞ്ഞു. ഇതുവരെ 15 ലക്ഷം ടിക്കറ്റുകള്‍ വിറ്റുപോയതായാണ് കണക്ക്. അവസാനഘട്ട ടിക്കറ്റുകള്‍ ഇന്ന് മുതല്‍ ലഭിക്കും. ഏഴ് ടീമുകളുമായി നടക്കുന്ന അവസാന ക്ലബ്ബ് ലോകകപ്പായിരിക്കും ഇത്. 2025 മുതല്‍ 32 ടീമുകളുമായി ടൂര്‍ണമെന്റ് വികസിക്കുകയാണ്. ക്ലബ്ബ് ലോകകപ്പിന് ടിക്കറ്റെടുക്കുന്നവര്‍ക്ക് സൗദി അറേബ്യ ഇലക്ട്രോണിക് വിസ അനുവദിക്കുന്നുണ്ട്.
ഏഷ്യന്‍ ചാമ്പ്യന്മാരായ ഉറാവ റെഡ്സ് (ജപ്പാന്), ആഫ്രിക്കന്‍ ചാമ്പ്യന്മാരായ അല്അഹ്ലി (ഈജിപ്ത്), കോണ്‍കകാഫ് ചാമ്പ്യന്മാരായ ലിയോണ്‍ (മെക്സിക്കൊ), ലാറ്റിനമേരിക്കന്‍ കോപ ലിബര്‍ടഡോറസ് ജേതാക്കളായ ഫഌമിനന്‍സ് (ബ്രസീല്‍), ഓഷ്യാന ചാമ്പ്യന്മാരായ ഓക്ലന്റ് സിറ്റി (ന്യൂസിലാന്റ്), യൂറോപ്യന്‍ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (ഇംഗ്ലണ്ട്) എന്നിവയാണ് പങ്കെടുക്കുന്ന മറ്റു ടീമുകള്‍. 2012 നു ശേഷം യൂറോപ്യന്‍ ക്ലബ്ബുകളുടെ കുത്തകയാണ് ക്ലബ്ബ ലോകകപ്പ്. അവസാനം ജയിച്ചത് റയല്‍ മഡ്രീഡാണ്.
ഏഴ് ക്ലബ്ബുകളും ലോകകപ്പിനുള്ള ടീമുകളെ പ്രഖ്യാപിച്ചു കഴിഞ്ഞു. മാഞ്ചസ്റ്റര്‍ സിറ്റി ടീമില്‍ കെവിന് ഡിബ്രൂയ്നെ സ്ഥാനം പിടിച്ചിട്ടുണ്ട്. ഓഗസ്റ്റില്‍ ശസ്ത്രക്രിയ കഴിഞ്ഞ ശേഷം വിട്ടുനില്‍ക്കുകയായിരുന്നു ബെല്‍ജിയം പ്ലേമേക്കര്‍.






