പെലെയുടെയും നെയ്മാറിന്റെയും മുന്‍ ക്ലബ്ബ് തരംതാഴ്ത്തലിന്റെ നാണക്കേടില്‍

സാവൊപൗളൊ - പെലെയും നെയ്മാറുമുള്‍പ്പെടെ ലോകോത്തര കളിക്കാര്‍ ബൂട്ട് കെട്ടിയ സാന്റോസ് ഫുട്‌ബോള്‍ ക്ലബ്ബ് ബ്രസീലിയന്‍ ലീഗില്‍ രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ടു. ചരിത്രത്തിലാദ്യമായാണ് സാന്റോസിന് ഈ ഗതികേട് വന്നുഭവിക്കുന്നത്. ടീനേജ് സെന്‍സേഷന്‍ എന്‍ഡ്രിക് കളിക്കുന്ന പാല്‍മീരാസാണ് ചാമ്പ്യന്മാര്‍. നേരിയ കിരീടപ്രതീക്ഷയുണ്ടായിരുന്ന അത്‌ലറ്റിക്കൊ മിനേറോയും ഫഌമംഗോയും അവസാന റൗണ്ടില്‍ തോറ്റു. അതോടെ ലൂയിസ് സോറസിന്റെ ഗ്രേമിയൊ രണ്ടാം സ്ഥാനത്തെത്തി. 13 പോയന്റ് വരെ മുന്നിലായിരുന്ന ബോടൊഫാഗൊ അവസാന 11 കളികളും ജയിക്കാനാവാതെ കിരീടം കൈവിട്ടു. 38 റൗണ്ടില്‍ മുപ്പത്തൊന്നിലും മുന്നിലായിരുന്ന അവര്‍ അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 20 ടീമുകളുള്ള ലീഗില്‍ പതിനേഴാം സ്ഥാനത്തായിരുന്നു സാന്റോസ്. 
ക്രുസേരിയോയുമായി 1-1 സമനില പാലിച്ചാണ് പാല്‍മീരാസ് കിരീടമുറപ്പിച്ചത്. 38 കളികളില്‍ 20 ജയവും 10 സമനിലയുമായി അവര്‍ക്ക് 70 പോയന്റുണ്ട്. പന്ത്രണ്ടാം തവണയാണ് പാല്‍മീരാസ് ബ്രസീല്‍ ലീഗ് ചാമ്പ്യന്മാരാവുന്നത്. പതിനെട്ടുകാരന്‍ എന്‍ഡ്രിക്കിലൂടെ പാല്‍മീരാസ് ലീഡ് നേടിയെങ്കിലും നിശ്ചിത സമയം അവസാനിക്കാന്‍ പത്ത് മിനിറ്റ് ശേഷിക്കെ നികാവൊ സമനില ഗോളടിച്ചു. അടുത്ത സീസണില്‍ എന്‍ഡ്രിക് റയല്‍ മഡ്രീഡിലേക്ക് പോവുകയാണ്. 
കഴിഞ്ഞ ജനുവരിയില്‍ പെലെയുടെ ഭൗതികദേഹം സംസ്‌കരിച്ച മൈതാനിയില്‍ തോല്‍വിയോടെയാണ് സാന്റോസ് സീസണ്‍ അവസാനിപ്പിച്ചത്. ഫോര്‍ടലേസാണ് അവരെ 2-1 ന് കീഴടക്കിയത്. പോര്‍ചുഗീസുകാരനായ കോച്ച് ആബല്‍ ഫെരേരയുടെ കീഴില്‍ പാല്‍മീരാസ് ഒമ്പതാമത്തെ കിരീടമാണ് നേടുന്നത്. അടുത്ത സീസണില്‍ ഫെരേരയും ഉണ്ടാവില്ല. അദ്ദേഹം ഖത്തറില്‍ അല്‍സദ്ദിന്റെ ചുമതലയേല്‍ക്കും. പന്ത്രണ്ടാം തവണയാണ് പാല്‍മീരാസ് ചാമ്പ്യന്മാരാവുന്നത്. 
ഫോര്‍ടലേസക്കെതിരായ മത്സരത്തിന്റെ അവസാന വേളയില്‍ സാന്റോസ് ആരാധകര്‍ ഗ്രൗണ്ട് കൈയേറുകയും കളിക്കാര്‍ ഡ്രസ്സിംഗ് റൂമിലേക്ക് ഓടി രക്ഷപ്പെടുകയും ചെയ്തു. സ്റ്റേഡിയത്തിന് പുറത്തേക്കും സംഘര്‍ഷം വ്യാപിച്ചു. നിരവധി ബസുകള്‍ക്കും കാറുകള്‍ക്കും ആരാധകര്‍ തീയിട്ടു. പോലീസുമായി അവര്‍ ഏറ്റുമുട്ടി. 
സൗദിയില്‍ അല്‍ഹിലാലിന്റെ താരമായ നെയ്മാര്‍ ബാല്യകാല ടീമിന്റെ മത്സരം കാണാന്‍ ഗാലറിയിലുണ്ടായിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമത്തിലാണ് നെയ്മാര്‍. ടീം തരംതാഴ്ത്തപ്പെട്ട ശേഷം സാന്റോസിന് നെയ്മാര്‍ സോഷ്യല്‍ മീഡിയയില്‍ പിന്തുണ പ്രഖ്യാപിച്ചു. മൂന്നു വര്‍ഷം മുമ്പാണ് സാന്റോസ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ക്ലബ്ബ് ടൂര്‍ണമെന്റായ കോപ ലിബര്‍ടഡോറസില്‍ ഫൈനല്‍ കളിച്ചത്. അന്ന് പാല്‍മീരാസിനോടാണ് കലാശപ്പോരാട്ടത്തില്‍ കീഴടങ്ങിയത്. 
പൗളിഞ്ഞൊ (അത്‌ലറ്റിക്കൊ മിനേറൊ) 20 ഗോളോടെ ടോപ്‌സ്‌കോററായി. ലൂയിസ് സോറസും ബോടഫോഗോയുടെ ടിക്വിഞ്ഞൊ സോറസും (17 ഗോള്‍) രണ്ടാം സ്ഥാനം പങ്കിട്ടു.
 

Latest News