മീര്‍പൂര്‍ - വലിയ പരിചയസമ്പത്തുണ്ടായിട്ടും അബദ്ധം കളിച്ച് ബംഗ്ലാദേശ് മുന്‍ നായകന് മുശ്ഫിഖുറഹീം അപൂര്‍വ രീതിയില്‍ ഔട്ടായി. ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 15 വിക്കറ്റുകള്‍ നിലംപൊത്തിയ ആദ്യ ദിനം ഏറ്റവും ചര്‍ച്ച ചെയ്യപ്പെട്ടത് മുശ്ഫിഖിന്റെ പുറത്താകലാണ്. ടീമിന്റെ ടോപ്സ്കോററായ മുശ്ഫിഖ് പെയ്സ്ബൗളര്‍ കയ്ല് ജാമീസന്റെ പന്ത് പ്രതിരോധിച്ചതായിരുന്നു. പിച്ച് ചെയ്തുയര്‍ന്ന പന്ത് സ്റ്റമ്പില്‍ നിന്ന് ഏറെ അകലെയാണെങ്കിലും സ്റ്റമ്പിലേക്ക് വീഴുമോയെന്ന ആശങ്കയില്‍ മുശ്ഫിഖ് അത് കൈ കൊണ്ട് തടഞ്ഞു. ന്യൂസിലാന്റ് അപ്പീല്‍ ചെയ്യുകയും ഫീല്‍ഡിംഗ് തടഞ്ഞുവെന്നതിന് ടി.വി അമ്പയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. നേരത്തെ ഹാന്റില്ഡ് ദ ബോള്‍ എന്നാണ് ഇത്തരം ഔട്ടിനെ വിളിച്ചിരുന്നത്. 2017 ല്‍ ഒബസ്ട്രക്റ്റിംഗ് ദ ഫീല്‍ഡ് എന്നാക്കി പേര് മാറ്റി. മുശ്ഫിഖും ശഹാദത് ഹുസൈനും അഞ്ചാം വിക്കറ്റിലെ 57 റണ്‍സ് കൂട്ടുകെട്ടോടെ ടീമിനെ കരകയറ്റുമ്പോഴാണ് അനിഷ്ട സംഭവം.
ടെസ്റ്റ് രണ്ട് ദിവസത്തിനകം വിധിയാവാന്‍ സാധ്യതയേറെയാണ്. ബാറ്റിംഗ് തെരഞ്ഞെടുത്ത ആതിഥേയര്‍ 172 ന് ഓളൗട്ടായെങ്കിലും 12.4 ഓവറില്‍ അഞ്ചിന് 55 ലേക്ക് എതിരാളികളെ കറക്കിവീഴ്ത്തി. മിച്ചല്‍ സാന്റ്നറും (3-31) ഗ്ലെന്‍ ഫിലിപ്സും (3-65) അജാസ് പട്ടേലുമാണ് (2-54) ബംഗ്ലാദേശിനെ ഒതുക്കിയത്. മുശ്ഫിഖായിരുന്നു (35) ടോപ്സ്കോറര്‍.
സ്പിന്നര്‍മാരായ മെഹദി ഹസന് മിറാസും (3-17) തയ്ജുല്‍ ഇസ്ലാമും (2-29) തുല്യനാണയത്തില്‍ തിരിച്ചടിച്ചു. കഴിഞ്ഞ നാലു ടെസ്റ്റിലും സെഞ്ചുറിയടിച്ച കെയ്ന്‍ വില്യംസന് 13 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.






