13 പോയന്റ് ലീഡ് തുലച്ചു, സൗദിയെ പഴിച്ച് ബ്രസീല്‍ ക്ലബ്ബ് 

സാവൊപൗളൊ - ബ്രസീലില്‍ നിര്‍ഭാഗ്യത്തിന്റെ പേരാണ് ബോടഫാഗൊ. മാനെ ഗരിഞ്ച, ജഴ്‌സിഞ്ഞൊ, മാരിയൊ സഗാലൊ തുടങ്ങിയ ബ്രസീല്‍ ഫുട്‌ബോളിലെ ഇതിഹാസ താരങ്ങള്‍ ജഴ്‌സിയിട്ട ബോടഫാഗോക്ക് നിര്‍ഭാഗ്യം എന്നും കൂട്ടാണ്. ഒരിക്കല്‍കൂടി അവരത് തെളിയിച്ചു. 13 പോയന്റ് ലീഡുമായി കിരീടം ഏതാണ്ടുറപ്പാക്കിയ ബോടഫാഗോയെ മറികടന്ന് പാല്‍മീരാസ് ബ്രസീലിയന്‍ ലീഗ് കിരീടം നിലനിര്‍ത്തുമെന്ന് ഏതാണ്ടുറപ്പായി. ആദ്യമായാണ് ഒരു ടീം ഇത്ര വലിയ ലീഡ് കളഞ്ഞുകുളിക്കുന്നത്. ഇന്റര്‍നാഷനാലുമായി അവസാന ലീഗ് മത്സരം ബാക്കിയിരിക്കെ ബോടഫാഗൊ ആരാധകരുടെ ആഗ്രഹം നാലാം സ്ഥാനത്തെങ്കിലുമെത്തണേയെന്നാണ്. എങ്കില്‍ അടുത്ത വര്‍ഷം കോപ ലിബര്‍ടഡോറസ് കപ്പ് കളിക്കാം. ഇപ്പോള്‍ അവര്‍ അഞ്ചാം സ്ഥാനത്താണ്. 
റിയോഡിജനീറോയിലെ ക്ലബ്ബായ ബോടഫാഗൊ ബ്രസീല്‍ ലീഗിലെ 38 റൗണ്ടില്‍ മുപ്പത്തൊന്നിലും ഒന്നാം സ്ഥാനത്തായിരുന്നു. 1995 നു ശേഷം ടീം കിരീടം നേടുമെന്ന് ആരാധകര്‍ ഉറപ്പിച്ചു. എന്നാല്‍ പാല്‍മീരാസ് അവരുടെ സ്വപ്‌നം തകര്‍ത്തു. അവസാന റൗണ്ടില്‍ ക്രുസേരിയോയോട് തോറ്റാലും പാല്‍മീരാസ് കിരീടം നിലനിര്‍ത്താന്‍ സാധ്യതയുണ്ട്. അത്‌ലറ്റിക്കൊ മിനേറോയെക്കാള്‍ എട്ട് ഗോളിന് മുന്നിലാണ് അവര്‍. ഫഌമംഗോക്കും നേരിയ കിരീടസാധ്യതയുണ്ട്. 
ഞായറാഴ്ച ക്രുസേരിയോയോട് ഗോള്‍രഹിത സമനില സമ്മതിച്ചതോടെയാണ് ബോടഫാഗോയുടെ കിരീടസ്വപ്‌നം തകര്‍ന്നത്. അമേരിക്കന്‍ ബിസിനസുകാരന്‍ ജോണ്‍ ടെക്‌സ്റ്റര്‍ കഴിഞ്ഞ വര്‍ഷം ഏറ്റെടുത്തതു മുതല്‍ ആരാധകരുടെ പ്രതീക്ഷ വാനോളമുയര്‍ന്നതായിരുന്നു. പ്രത്യേകിച്ച് ഓഗസ്റ്റ് 12 ന് ഇന്റര്‍നാഷനാലിനെ തോല്‍പിച്ച് ലീഡ് 13 പോയന്റായി ഉയര്‍ത്തിയപ്പോള്‍. ആരാധകര്‍ ബ്രസീലിയാരൊ ട്രോഫിയുടെ ചിത്രം സ്വന്തം ശരീരത്തില്‍ പച്ചകുത്തി. എന്നാല്‍ കഴിഞ്ഞ 10 കളികളില്‍ വിജയം അകന്നതോടെ അവരുടെ ലീഡ് ബാഷ്പമായി. 
ജൂണ്‍ അവസാനം കോച്ച് ലൂയിസ് കാസ്‌ട്രോയെ സൗദി അറേബ്യയിലെ അല്‍ഹിലാല്‍ റാഞ്ചിയതോടെയാണ് അവരുടെ ശനിദശ തുടങ്ങിയത്. പോര്‍ചുഗീസുകാരനായ കാസ്‌ട്രൊ ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ ക്ഷണം സ്വീകരിച്ചാണ് സൗദിയിലേക്ക് പോയതെന്ന് കരുതുന്നു. പകരം വന്ന ബ്രൂണൊ ലാഗെ, ലൂസിയൊ ഫഌവിയൊ, ടിയാഗൊ നൂനസ് എന്നിവര്‍ക്കൊന്നും തകര്‍ച്ച തടുത്തുനിര്‍ത്താനായില്ല. 

Latest News