ഭിന്ദ്രന്‍വാലയുടെ അനന്തരവന്‍ ലഖ്ബീര്‍ സിംഗ് പാക്കിസ്ഥാനില്‍ മരിച്ചു

റാവല്‍പിണ്ടി- ഖലിസ്ഥാന്‍ നേതാവും ഭിന്ദ്രന്‍വാലയുടെ അനന്തരവനുമായ ലഖ്ബീര്‍ സിംഗ് റോഡ് (72) റാവല്‍പിണ്ടിയിലെ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. 1984ല്‍ സൈനിക നടപടിക്കിടെ അമ്മാവന്‍ ജര്‍ണയില്‍ സിംഗ് ഭിന്ദ്രന്‍വാല കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ലഖ്ബീര്‍ സിംഗ് പാകിസ്താനില്‍ അഭയം പ്രാപിച്ചത്. 

പഞ്ചാബിലെ മോഗ ജില്ലയിലെ റോഡ് ഗ്രാമത്തില്‍ നിന്നുള്ള ലഖ്ബീര്‍ സിംഗിന്റെ മരണം തിങ്കളാഴ്ചയാണെന്ന് ചില റിപ്പോര്‍ട്ടുകളും ശനിയാഴ്ചയാണെന്ന് മറ്റു ചില റിപ്പോര്‍ട്ടുകളും പറയുന്നു. 
 
ഖലിസ്ഥാന്‍ ലിബറേഷന്‍ ഫ്രണ്ടിന്റെ സ്വയം പ്രഖ്യാപിത തലവനായ റോഡ് വിവിധ കേസുകളില്‍ പ്രതിയാണ്. ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു.

പഞ്ചാബില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് അതിര്‍ത്തിക്കപ്പുറത്ത് നിന്ന് ഇന്ത്യയിലേക്ക് ആയുധങ്ങളും സ്ഫോടക വസ്തുക്കളും അയക്കുന്നതില്‍ അദ്ദേഹം സജീവമായി ഏര്‍പ്പെട്ടിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്. 

നിരോധിത ഭീകര സംഘടനയായ ഇന്റര്‍നാഷണല്‍ സിഖ് യൂത്ത് ഫെഡറേഷന്റെ തലവനായ സിംഗ് യു. കെ, ജര്‍മ്മനി, കാനഡ, യു. എസ് എന്നിവിടങ്ങളില്‍ ഓഫീസുകള്‍ തുറന്നിരുന്നു. 

1982-ല്‍ ദുബായില്‍ നിന്ന് പഞ്ചാബിലേക്ക് തിരികെയെത്തിയാണ് അദ്ദേഹം ഖാലിസ്ഥാന്‍ പ്രസ്ഥാനത്തില്‍ ചേര്‍ന്നത്. 1984ല്‍ സുവര്‍ണ്ണ ക്ഷേത്രത്തിലെ പട്ടാള നീക്കത്തിന് ശേഷം സിംഗ് നേപ്പാളിലേക്ക് പലായനം ചെയ്തു. അവിടെ നിന്ന് 1986ലാണ് വീണ്ടും ദുബായിലേക്ക് താവളം മാറ്റിയത്.
കുടുംബത്തെ കാനഡയില്‍ സ്ഥിരതാമസമാക്കിയ ശേഷം സിംഗ് 1991ല്‍ ലാഹോറിലെത്തുകയായിരുന്നു.
 
2001 ഡിസംബര്‍ 13ന് ഭീകരരുടെ അഞ്ചംഗ സംഘം പാര്‍ലമെന്റ് ആക്രമിച്ചതിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനില്‍ നിന്ന് കൈമാറാന്‍ ആവശ്യപ്പെട്ട 20 മോസ്റ്റ് വാണ്ടഡ് ഭീകരരില്‍ ഒരാളാണ് സിംഗ്.

ഒക്ടോബറില്‍ മൊഹാലിയിലെ എന്‍. ഐ. എ. കോടതി 1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (തടയല്‍) നിയമ പ്രകാരം റോഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി കണ്ടുകെട്ടാന്‍ ഉത്തരവിട്ടിരുന്നു. പഞ്ചാബിലെ ഫാസില്‍ക ജില്ലയിലെ ജലാലാബാദ് പട്ടണത്തില്‍ 2021 സെപ്റ്റംബര്‍ 15ന് നടന്ന ടിഫിന്‍ ബോംബ് സ്ഫോടനക്കേസില്‍ പങ്കുണ്ടെന്ന് ആരോപിച്ചാണ് സിങ്ങിനെതിരെ പഞ്ചാബ് പോലീസ് ആദ്യം കേസെടുത്തത്. ഗൂഢാലോചനയുടെയും സൂത്രധാരന്‍ ഇയാളാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അവകാശപ്പെട്ടു.

വിവിധ തരത്തിലുള്ള ഭീകര പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതായി ആരോപിക്കപ്പെട്ടിരുന്ന റോഡിന്റെ ക്രിമിനല്‍ രേഖകളില്‍ നിയമപാലകര്‍ക്കെതിരായ സായുധ ആക്രമണങ്ങള്‍, ഐ ഇ ഡി, ബോംബ് സ്‌ഫോടനങ്ങള്‍, ന്യൂനപക്ഷ സമുദായത്തിലെ അംഗങ്ങളെ ലക്ഷ്യമിട്ടുള്ള കൊലപാതകങ്ങള്‍, കൊള്ളയടിക്കല്‍, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് ശേഖരണം എന്നിവ ഉള്‍പ്പെടുന്നു.

Latest News