കൊല്‍ക്കത്ത - ഈ ഐ.എസ്.എല്‍ സീസണിലെ രണ്ടാം വിജയം ആഘോഷമാക്കി ഈസ്റ്റ്ബംഗാള്‍. നോര്‍ത്ഈസ്റ്റ് യുനൈറ്റഡിനെ അവര്‍ മറുപടിയില്ലാത്ത അഞ്ചു ഗോളിന് തോല്പിച്ചു. ആദ്യ പകുതിയില്‍ രണ്ട് ഗോളിന് മുന്നിലായിരുന്ന കൊല്‍ക്കത്ത ടീം ഇടവേളക്കു ശേഷം നാലെണ്ണം കൂടി സ്കോര്‍ ചെയ്തു.
പതിനാലാം മിനിറ്റില്‍ ബോര്‍ഹ ഹെരേരയിലൂടെയാണ് ഈസ്റ്റ്ബംഗാള്‍ അക്കൗണ്ട് തുറന്നത്. പത്തു മിനിറ്റിനു ശേഷം ക്ലയ്റ്റന്‍ സില്‍വ തന്റെ രണ്ട് ഗോളുകളില്‍ ആദ്യത്തേത് സ്കോര്‍ ചെയ്തു. ഇടവേളക്കു ശേഷം നന്ദകുമാറും രണ്ട് ഗോളടിച്ചു.
ഏഴ് കളികളില്‍ രണ്ട് ജയവും രണ്ട് സമനിലയും നാല് തോല്‍വിയുമായി ഈസ്റ്റ്ബംഗാള്‍ ഏഴാം സ്ഥാനത്താണ്, എട്ട് പോയന്റ്. എട്ട് മത്സരം കളിച്ച നോര്‍ത്ഈസ്റ്റ് മൂന്നാമത്തെ തോല്‍വിയോടെ ആറാം സ്ഥാനത്തുണ്ട്, ഒരു പോയന്റ് മുന്നില്‍. മൂന്ന് തുടര്‍ തോല്‍വികള്‍ക്കു ശേഷമാണ് ഈസ്റ്റ്ബംഗാള്‍ ജയിക്കുന്നത്. കഴിഞ്ഞ കളിയില്‍ സ്വന്തം ഗ്രൗണ്ടില്‍ കേരളാ ബ്ലാസ്റ്റേഴ്സിനോട് അവര്‍ 1-2 ന് തോറ്റിരുന്നു. ബ്ലാസ്റ്റേഴ്സ് പത്തു പേരായിച്ചുരുങ്ങിയിട്ടും അവര്‍ക്ക് ആള്‍ബലം മുതലാക്കാനായില്ല. അതിന് മുമ്പ് ഗോവയോടും ഹോം മത്സരം തോറ്റു. ഇതിന് മുമ്പ് അവരുടെ ഏക ജയം അവസാന സ്ഥാനക്കാരായ ഹൈദരാബാദ് എഫ്.സിക്കെതിരെയായിരുന്നു.
നോര്ത്ഈസ്റ്റിന്റെ എവേ മത്സരങ്ങളിലെ തിരിച്ചടി തുടരുകയാണ്. 21 മത്സരങ്ങളായി എവേ പോരാട്ടങ്ങള്‍ അവര്‍ ജയിച്ചിട്ടില്ല. അതില്‍ തന്നെ പതിനാറും തോറ്റു. കഴിഞ്ഞ മത്സരത്തില്‍ മുന്‍ ചാമ്പ്യന്മാരായ ബംഗളൂരു എഫ്.സിയെ സ്വന്തം ഗ്രൗണ്ടില്‍ അവര്‍ സമനിലയില്‍ തളച്ചിരുന്നു. കഴിഞ്ഞ മത്സരങ്ങളില്‍ 20 കളികളില്‍ ഒരെണ്ണം മാത്രം ജയിച്ച നോര്‍ത്ഈസ്റ്റ് താരതമ്യേന മെച്ചപ്പെട്ട പ്രകടനമാണ് ഈ സീസണില്‍ കാഴ്ചവെക്കുന്നത്. 2018-19 സീസണില്‍ അഞ്ച് വിജയങ്ങള്‍ നേടിയ ശേഷം നോര്‍ത്ഈസ്റ്റ് മങ്ങുകയായിരുന്നു.
ഈസ്റ്റ്ബംഗാള്‍ ഈ സീസണ് നന്നായി തുടങ്ങിയതാണ്. എന്നാല്‍ അവസാന വിജയം സെപ്റ്റംബറിലായിരുന്നു. കാര്‍ലോസ് ക്വാദ്റാത് കോച്ചായി വന്നിട്ടും ഐ.എസ്.എല്ലിലെ ഈസ്റ്റ്ബംഗാളിന്റെ പ്രകടനം ഏറെയൊന്നും മെച്ചപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. എന്നാല്‍ നോര്ത്ഈസ്റ്റിനെതിരായ തകര്‍പ്പന്‍ വിജയം അവരുടെ തലവര മാറ്റുമോയെന്നാണ് കണ്ടറിയേണ്ടത്. തുടര്‍ച്ചയായ നാലു കളികളില്‍ ഗോളടിക്കാനായത് ശുഭസൂചനയാണ്.






