നോര്‍ത്ത് സൗണ്ട്- ഇന്ത്യയില്‍ നടന്ന ലോകകപ്പ് ക്രിക്കറ്റില്‍ നിരാശപ്പെടുത്തിയതിന് പിന്നാലെ വെസ്റ്റിന്‍ഡീസ് പര്യടനവും ഇംഗ്ലണ്ട് തോല്‍വിയോടെ തുടങ്ങി. ക്യാപ്റ്റന്‍ ഷായ് ഹോപും ഓള്‍റൗണ്ടര്‍ റൊമാരിയൊ ഷെപ്പേഡും ആദ്യ ഏകദിനത്തില്‍ വെസ്റ്റിന്‍ഡീസിനെ നാല് വിക്കറ്റ് വിജയത്തിലേക്ക് നയിച്ചു. ഹോപ് പതിനാറാം ഏകദിന സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിന്റെ 325 റണ്‍സ് ഏഴ് പന്ത് ശേഷിക്കെ ആതിഥേയര്‍ മറികടന്നു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനു വേണ്ടി ആദ്യ അഞ്ച് ബാറ്റര്‍മാരും തകര്‍ത്തടിച്ചു. എന്നാല്‍ ഹാരി ബ്രൂക്കിന് മാത്രമേ (72 പന്തില്‍ 71) അര്‍ധ ശതകം പിന്നിടാനായുള്ളൂ. ഓപണര്‍ ഫില്‍ സാള്‍ടും (28 പന്തില്‍ 45) സാക് ക്രോളിയും (63 പന്തില്‍ 48) അര്‍ധ സെഞ്ചുറിക്കരികെ പുറത്തായി. വാലറ്റത്ത് സാം കറണ്‍ (26 പന്തില്‍ 38) ബൈഡന് കാര്‍സെ (21 പന്തില്‍ 31 നോട്ടൗട്ട്) എന്നിവരും വെടിക്കെട്ട് സൃഷ്ടിച്ചു.
ഓപണര്‍ അലിക് അതനാസെയും (65 പന്തില്‍ 66) ബ്രാന്‍ഡന്‍ കിംഗും (44 പന്തില്‍ 35) പതിനേഴോവറില്‍ 104 റണ്‍സടിച്ച് വിന്‍ഡീസിന്റെ മറുപടി തുടങ്ങി. ഹോപും (83 പന്തില്‍ 109 നോട്ടൗട്ട്) ഷിംറോന്‍ ഹെത്മയറും (30 പന്തില്‍ 32) ഷെപ്പേഡും (28 പന്തില്‍ 48 നോട്ടൗട്ട്) വിജയകരമായി ചെയ്സ് അവസാനിപ്പിച്ചു. സാം കറണ്‍ 9.5 ഓവറില്‍ 98 റണ്‍സ് വഴങ്ങിയിട്ടും വിക്കറ്റൊന്നും ലഭിച്ചില്ല. 49ാം ഓവറില്‍ കറണിനെ തുടര്‍ച്ചയായി മൂന്ന് സിക്സറിനുയര്‍ത്തിയാണ് ഹോപ് വിജയം പിടിച്ചത്. റിഹാന് അഹമദ് പത്തോവറില്‍ 40 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു.






