ബംഗളൂരു - ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ മാന്‍ ഓഫ് ദ സീരിസായതോടെ യുവ ലെഗ്സ്പിന്നര്‍ രവി ബിഷ്ണോയ് ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലേക്ക്. കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലുമായി ട്വന്റി20 ലോകകപ്പ് ആരംഭിക്കാന്‍ ഏഴു മാസമുണ്ടെങ്കിലും അതിന് മുമ്പ് ഇന്ത്യ ആറ് മത്സരം മാത്രമേ കളിക്കൂ. അതിനാല്‍ ബിഷ്ണോയിയെ പിന്തള്ളി ടീമിലിടം നേടാന്‍ യുസ്വേന്ദ്ര ചഹലിന് അധികം അവസരങ്ങളില്ല. മാര്‍ച്ചില്‍ ആരംഭിക്കുന്ന ഐ.പി.എല്‍ ലോകകപ്പ് ടീമിനെ നിശ്ചയിക്കുന്നതില്‍ നിര്‍ണായകമായിരിക്കും. കുല്‍ദീപ് യാദവും രവീന്ദ്ര ജദേജയും ആദ്യ രണ്ട് സ്പിന്നര്‍മാരുടെ സ്ഥാനങ്ങള്‍ സ്വന്തമാക്കുമെന്നിരിക്കെ പ്ലേയിംഗ് ഇലവനിലെത്താന്‍ ബിഷ്ണോയ് അദ്ഭുതം കാട്ടേണ്ടി വരും. എന്നാല്‍ മികച്ച മൂന്നാം സ്പിന്നറുടെ സാധ്യതയാണ് ബിഷ്ണോയ് തുറന്നിട്ടിരിക്കുന്നത്. കരീബിയയിലെയും അമേരിക്കയിലെയും പിച്ചുകള്‍ വേഗം കുറഞ്ഞ, സ്പിന്നിനെ തുണക്കുന്നതാവാനാണ് സാധ്യത.
ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നു മത്സര ട്വന്റി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ ഇരുപത്തിമൂന്നുകാരനെ ഉള്‍പെടുത്തിയിട്ടുണ്ട്. ചഹലിനെ പരിഗണിച്ചിട്ടില്ല. മുപ്പത്തിമൂന്നുകാരനായ ചഹല്‍ കഴിഞ്ഞ ഏകദിന ലോകകപ്പിലും ടീമിലുണ്ടായിരുന്നില്ല. ചഹല്‍ ഈ വര്‍ഷം ഒമ്പത് ട്വന്റി20കളില്‍ ഒമ്പത് വിക്കറ്റെടുത്തിട്ടുണ്ട്. ബിഷ്ണോയിക്ക് 11 കളികളില്‍ 18 വിക്കറ്റ് ലഭിച്ചു. ഓസീസിനെതിരായ പരമ്പരയില്‍ പലതവണ ബിഷ്ണോയി പവര്‍പ്ലേയില്‍ പന്തെറിയുകയും നിര്‍ണായക ബ്രെയ്ക് ത്രൂകള്‍ നല്‍കുകയും ചെയ്തു. അഞ്ച് കളികളില്‍ ഒമ്പത് വിക്കറ്റെടുത്തു. ആദ്യ മത്സരത്തില്‍ ബൗളിംഗിലും ഫീല്‍ഡിംഗിലും നിരാശപ്പെടുത്തിയ ശേഷം ഉജ്വലമായി തിരിച്ചുവരികയായിരുന്നു. വിശാഖപട്ടണത്ത് നാലോവറില്‍ 54 റണ്‍സ് വഴങ്ങി. ഒരു ക്യാച്ച് പാഴാക്കുകയും പലതവണ മിസ്ഫീല്‍ഡ് ചെയ്യുകയും ചെയ്തു. ഓസീസിനെതിരായ പരമ്പരയിലെ 20 ഓവറില്‍ ഏഴും ഫീല്‍ഡിംഗ് നിയന്ത്രണമുള്ള പവര്‍പ്ലേയിലായിരുന്നു. വെറും 6.45 ശരാശരിയിലാണ് റണ്സനുവദിച്ചത്, അഞ്ചു വിക്കറ്റെടുത്തു. 42 പന്തില്‍ ഇരുപതിലും റണ്‍ വഴങ്ങിയില്ല. ഓസ്ട്രേലിയന്‍ ഓപണര്‍ ട്രാവിസ് ഹെഡ് പരമ്പര വിജയം നിര്‍ണയിക്കുന്നതില്‍ ബിഷ്ണോയിയുടെ പങ്ക് എടുത്തു പറഞ്ഞിരുന്നു. ബംഗളൂരുവിലെ അവസാന മത്സരത്തില്‍ ഹെഡ് ആക്രമണമഴിച്ചുവിടുമ്പോഴാണ് ബിഷ്ണോയ് ബൗളിംഗിന് വന്നത്. മിഡ് വിക്കറ്റിലൂടെ സിക്സറിന് പറത്തി ലെഗ്സ്പിന്നറെ ഹെഡ് സ്വീകരിച്ചു. എന്നാല്‍ അടുത്ത പന്തില്‍ ബൗളര്‍ സ്റ്റമ്പ് തെറിപ്പിച്ചു.






