ജോഹന്നസ്ബര്‍ഗ് - ഇന്ത്യക്കെതിരായ നിശ്ചിത ഓവര്‍ പരമ്പരകളില്‍ ക്യാപ്റ്റന്‍ തെംബ ബവൂമക്കും പെയ്സ്ബൗളര്‍ കഗീസൊ റബാദക്കും ദക്ഷിണാഫ്രിക്ക വിശ്രമം നല്കി. ഇരുവരും ഈ മാസം 26 ന് ആരംഭിക്കുന്ന രണ്ടു മത്സര ടെസ്റ്റ് പരമ്പരക്കായി തയാറെടുക്കും. ഞായറാഴ്ച ദര്‍ബനില്‍ ട്വന്റി20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. രോഹിത് ശര്‍മയും വിരാട് കോലിയും ഇന്ത്യയുടെ നിശ്ചിത ഓവര്‍ ടീമുകളിലും ഇല്ല.
ലോകകപ്പില്‍ ബവൂമയുടെ നേതൃത്വത്തിലാണ് ദക്ഷിണാഫ്രിക്ക സെമിഫൈനലിലെത്തിയത്. ഓസ്ട്രേലിയയോട് തോല്‍ക്കുകയായിരുന്നു. ഇന്ത്യക്കെതിരെ ബവൂമയുടെ അഭാവത്തില്‍ അയ്ദന്‍ മാര്‍ക്റം ഏകദിന ടീമിനെയും നയിക്കും. മാര്‍ക്റം ട്വന്റി20 ടീമിന്റെ നായകനാണ്.
ജെറാള്‍ കീറ്റ്സി, മാര്‍ക്കൊ യാന്സന്, ലുന്‍ഗി എന്‍ഗീഡി എന്നിവര്‍ ആദ്യ രണ്ടു ട്വന്റി20യിലേ കളിക്കൂ. മൂവര്‍ക്കും മൂന്നാമത്തെ ട്വന്റി20യില്‍ വിശ്രമമനുവദിച്ചു. ടെസ്റ്റ് പരമ്പരക്ക് ഒരുങ്ങാനായി ബവൂമ, റബാദ, കീറ്റ്സി, യാന്സന്, എന്‍ഗീഡി എന്നിവര്‍ ആഭ്യന്തര ഫസ്റ്റ് ക്ലാസ് മത്സരത്തില്‍ കളിക്കും. ബാറ്റര്‍മാരായ ഡേവിഡ് ബെഡിംഗാമും ട്രിസ്റ്റന്‍ സ്റ്റബ്സും ഇന്ത്യക്കെതിരെ ടെസ്റ്റ് അരങ്ങേറ്റം കുറിച്ചേക്കും. ഹയ്ന്റിക് ക്ലാസനെ ടെസ്റ്റ് ടീമില്‍ നിന്ന് ഒഴിവാക്കി. ഇടങ്കൈയന്‍ സീമര്‍ നാന്ദ്രെ ബര്‍ഗര്‍, വിക്കറ്റ്കീപ്പര്‍ കയ്ല് വരെയ്ന് എന്നിവര്‍ ടെസ്റ്റ് ടീമിലുണ്ട്. പരിക്ക് കാരണം ലോകകപ്പ് നഷ്ടപ്പെട്ട പെയ്സര്‍ അയ്ന്റ നോകിയ ഇന്ത്യക്കെതിരായ പരമ്പരയിലും കളിക്കില്ല.
ട്വന്റി20യില്‍ റീസ ഹെന്‍ഡ്രിക്സിന് ഓപണറായി കൂടുതല്‍ അവസരം നല്‍കും. മാത്യു ബ്രീറ്റ്സ്കെയായിരിക്കും ഒപ്പം ഓപണ്‍ ചെയ്യുക. വെസ്റ്റിന്‍ഡീസിലും അമേരിക്കയിലുമായി അടുത്ത വര്‍ഷം നടക്കുന്ന ലോകകപ്പിന് മുമ്പ് ഇന്ത്യക്കെതിരായ മൂന്നു ട്വന്റി20 കള്‍ മാത്രമേ ദക്ഷിണാഫ്രിക്ക പ്രധാനമായി കളിക്കുന്നുള്ളൂ. ലോകകപ്പിന് മുമ്പ് വെസ്റ്റിന്‍ഡീസുമായി ഏറ്റുമുട്ടും. ദക്ഷിണാഫ്രിക്കയിലേതുള്‍പ്പെടെ ഫ്രാഞ്ചൈസി ക്രിക്കറ്റിലെ പ്രകടവും കൂടി വിലയിരുത്തിയാവും ലോകകപ്പ് ടീമിനെ തെരഞ്ഞെടുക്കുക.
ഏകദിന ടീമില്‍ നിരവധി മാറ്റങ്ങളുണ്ട്. ആഭ്യന്തര ഏകദിന ടൂര്‍ണമെന്റില്‍ കൂടുതല്‍ വിക്കറ്റെടുത്ത പെയ്സര്‍ മിഹലാലി എംപോഗ്വാനയെ ടീമിലുള്‍പെടുത്തിയിട്ടുണ്ട്. വിലാന് മുള്‍ഡര്‍, ആന്‍ഡിലെ ഫെഹലുക്വായൊ, ലിസാഡ് വില്യംസ് തുടങ്ങിയവരെയും പരിഗണിച്ചു. കേശവ് മഹാരാജും തബ്രൈസ് ശംസിയുമാണ് സ്പിന്നര്‍മാര്‍. ബാറ്റിംഗ് നിരയിലേക്ക് ടോണി ഡിസോര്‍സിയെ കൊണ്ടുവന്നു.
മത്സരക്രമം
ഡിസം. 10: ആദ്യ ട്വന്റി20, ദര്ന്
ഡിസം. 12: രണ്ടാം ട്വന്റി20, ഗക്വെബെര്‍ഹ
ഡിസം. 14: മൂന്നാം ട്വന്റി20, ജോഹന്നസ്ബര്‍ഗ്
ഡിസം. 17: ആദ്യ ഏകദിനം, ജോഹന്നസ്ബര്‍ഗ്
ഡിസം. 19: രണ്ടാം ഏകദിനം, ഗക്വെബെര്‍ഹ
ഡിസം. 21: മൂന്നാം ഏകദിനം, പാള്‍
ഡിസം. 26: ആദ്യ ടെസ്റ്റ്, സെഞ്ചൂറിയന്‍
ജനുവരി 3: രണ്ടാം ടെസ്റ്റ്, കേപ്ടൗണ്‍






